Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് രാസവള പ്രതിസന്ധി ഉടൻ പരിഹരിക്കണം: മന്ത്രി പി. പ്രസാദ്

രണ്ടാം വിള കൃഷി സമയത്ത് ആവശ്യത്തിനുള്ള രാസവളങ്ങൾ ലഭ്യമാകാത്തത് സംസ്ഥാനത്ത് അതിരൂക്ഷമായ കാർഷിക പ്രതിസന്ധിയും കർഷകർക്ക് ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണെന്നും ഉടൻ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും കൃഷിമന്ത്രി പി പ്രസാദ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമവും, രാസവസ്തു-രാസവളവും വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡ്യയോട് ആവശ്യപ്പെട്ടു. രാസവളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ സംസ്ഥാനങ്ങളിലെ കൃഷി വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് പി.പ്രസാദ് സംസ്ഥാനത്തിന്റെ സ്ഥിതി വ്യക്തമാക്കിയത്.

കോവിഡ് മഹാമാരിക്കൊപ്പം പ്രകൃതിക്ഷോഭം കൂടി നേരിടേണ്ടിവന്നത് കാർഷികമേഖലയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണെന്നും ഈ പ്രതിസന്ധി തരണം ചെയ്യാൻ കൃഷി പുനസ്ഥാപിക്കുന്നതിനുള്ള എല്ലാവിധ സാഹചര്യങ്ങളും കർഷകർക്ക് ലഭ്യമാക്കണമെന്നും കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കൃഷിഭൂമി വിസ്തൃതി വർദ്ധിപ്പിക്കുക എന്നത് പ്രായോഗികമല്ലാത്ത തുകൊണ്ട് തന്നെ ലഭ്യമായ സ്ഥലത്തു നിന്നും പരമാവധി ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്. സംയോജിത കൃഷി രീതിയാണ് സംസ്ഥാനത്ത് അവലംബിച്ചു വരുന്നത്. കൃഷി പ്രോത്സാഹനത്തിനായി സംസ്ഥാന സർക്കാർ പരമാവധി സഹായങ്ങൾ ചെയ്യുന്നുണ്ട്. കർഷക വരുമാനം 50 ശതമാനമെങ്കിലും വർദ്ധിപ്പിച്ച് കർഷകരെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കുക എന്നതാണ് സർക്കാർ നയം. സംയോജിത വളപ്രയോഗ രീതിയിൽ രാസവളങ്ങളുടെ ഉപയോഗവും വളരെ പ്രാധാന്യമർഹിക്കുന്നതാണ്. അതുകൊണ്ടുതന്നെ രാസവളത്തിന്റെ സമയബന്ധിതമായ ലഭ്യത ഉറപ്പുവരുത്തേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം സബ്സിഡി നിരക്കിലുള്ള രാസവളങ്ങളുടെ വിതരണവും ലഭ്യതയും ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ രാസവള വിഭാഗമാണ്. എന്നാൽ മാസങ്ങളായി സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം ഉള്ള രാസവളങ്ങൾ അനുവദിച്ചു കിട്ടുന്നില്ല എന്ന് മാത്രമല്ല അനുവദിച്ചുകിട്ടിയ രാസവളങ്ങൾ കൃത്യസമയത്ത് ഇവിടെ എത്തിക്കുന്നതിലും പ്രതിസന്ധികൾ കാണുന്നു. യൂറിയ,ഡൈ അമോണിയം ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിന് ആവശ്യമായ അളവിൽ ലഭ്യമായിട്ടില്ല.
സംസ്ഥാനത്ത് എല്ലാ സീസണിലും കൃഷി നടത്താറുണ്ടെങ്കിലും പല സീസണുകളിലും രാസവളത്തിന്റെ ആവശ്യകത പല രീതിയിലാണ്. രണ്ടാംവിള സമയത്തും മൂന്നാം വിള സമയത്തുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ല് ഉത്പാദനം. രണ്ടാംവിള (റാബി) തുടങ്ങിയിട്ട് ഇതുവരെ രാസവളങ്ങൾ ലഭ്യമാകാത്തതിൽ കർഷകർ ഏറെ ആശങ്കയിലാണ്.

നവംബർ മാസത്തിൽ 6300 മെട്രിക് ടൺ യൂറിയ, 3000 മെട്രിക് ടൺ ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡി എ പി), 9000 മെട്രിക് ടൺ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എം ഒ പി ), 14650 മെട്രിക് ടൺ കോംപ്ലക്സ് വളങ്ങൾ എന്നിവ അനുവദിച്ചിട്ടുണ്ടെങ്കിലും യഥാക്രമം 2981 മെട്രിക് ടൺ യൂറിയ, 200 മെട്രിക് ടൺ ഡൈ അമോണിയം ഫോസ്ഫേറ്റ, 1300 മെട്രിക് ടൺ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, 4353 മെട്രിക് ടൺ കോംപ്ലക്സ് വളങ്ങൾ എന്നിവ മാത്രമാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞവർഷം നവംബറിലെ ഉപയോഗം 11206 മെട്രിക് ടൺ യൂറിയ യും, 2579 മെട്രിക് ടൺ ഡൈ അമോണിയം ഫോസ്ഫേറ്റും 11608 മെട്രിക് ടൺ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും ആണ്.

മൊസൈക്ക് കമ്പനി 30,000 മെട്രിക് ടൺ പൊട്ടാഷ് കാക്കിനാട പോർട്ടിൽ എത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ 6000 മെട്രിക് ടൺ കേരളത്തിന്റെ വിഹിതം ആണെങ്കിലും 1300 മെട്രിക് ടൺ മാത്രമാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഇന്ത്യൻ പൊട്ടാഷ് കമ്പനിക്ക് മറ്റൊരു ഷിപ്പ്മെന്റ് ഈ മാസം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഔദ്യോഗികമായ നിർദ്ദേശം ലഭിച്ചാൽ മാത്രമേ കമ്പനിക്ക് വളം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതിന്റെ ഉദ്യോഗസ്ഥരെ കേരളത്തിൽ നിന്നും സ്ഥിരമായി ബന്ധപ്പെടാറുണ്ടെങ്കിലും സംസ്ഥാനത്തിന് എപ്പോൾ വളം ലഭ്യമാകുമെന്നതിന് വ്യക്തത ലഭിച്ചിട്ടില്ല.

രാസവളങ്ങളുടെ വിതരണം സംസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഡിപ്പോകൾ മുഖാന്തിരം വ്യക്തമായ മോണിറ്ററിംഗ് രീതിയിലാണ് നടത്തപ്പെടുന്നത്. ഉദ്യോഗസ്ഥർ ഈ ഡിപ്പോകൾ സ്ഥിരം സന്ദർശനം നടത്തുകയും പി.ഒ.എസ് മെഷീൻ ഉപയോഗിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട്. പി.ഒ.എസ് മെഷീൻ ഉപയോഗിക്കാത്ത ഡീലർമാർ ക്കെതിരെ കർശന നടപടികളും സ്വീകരിക്കാറുണ്ട്.
സംസ്ഥാനത്തെ നിലവിലെ രാസവള ലഭ്യതയില പ്രതിസന്ധി പരിഹരിച്ച് കർഷകരുടെ ആശങ്ക അകറ്റുന്നതിന് ആവശ്യമായ രാസവളം സംസ്ഥാനത്ത് ലഭ്യമാക്കാൻ അടിയന്തിര നടപടി വേണമെന്ന് പി. പ്രസാദ് ആവശ്യപ്പെട്ടു.