Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

ക്ഷീര ശ്രീ പോർട്ടൽ മന്ത്രി ജെ.ചിഞ്ചു റാണി കർഷകർക്കായി സമർപ്പിച്ചു

കർഷകർക്ക് ക്ഷീര വികസന വകുപ്പിൽ നിന്നും ലഭ്യമാകുന്ന സാമ്പത്തിക സഹായങ്ങൾക്ക് ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള സംവിധാനം ആയ ക്ഷീര ശ്രീ പോർട്ടൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി കർഷകർക്കായി സമർപ്പിച്ചു. വട്ടിയൂർക്കാവ് എംഎൽഎ അഡ്വ വി. കെ. പ്രശാന്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം ഐഎംജിയിലുള്ള പത്മം ഹാളിൽ വച്ച് മന്ത്രി ക്ഷീര ശ്രീ ഓൺലൈൻ ഫ്ലാറ്റ്ഫോം ഉദ്ഘാടനം നിർവഹിച്ചത്.

ക്ഷീരഗ്രാമം പദ്ധതി പത്ത് ജില്ലകളിൽ നടപ്പിലാക്കുന്നതിനു വേണ്ടിയാണ് ഈ പോർട്ടൽ അനുവദിച്ചിരിക്കുന്നത്. കർഷകർക്ക് ഉപയോഗിക്കാൻ കഴിയും വിധം അവർക്കാവശ്യമായ പരിശീലനങ്ങൾ നൽകണമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ അഡ്വ. വി.കെ. പ്രശാന്ത് അഭിപ്രായപ്പെട്ടു. 5634 ക്ഷീര സംഘങ്ങളും ആറ് ലക്ഷത്തോളം ക്ഷീര കർഷകരും സംസ്ഥാനത്തുണ്ട്. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ക്ഷീര സംഘങ്ങളുടെ പ്രവർത്തനം സുതാര്യമാക്കുവാൻ വേണ്ടി വെബ് പോർട്ടൽ സഹായകമാകുംമെന്ന് മന്ത്രി അറിയിച്ചു. സേവനങ്ങൾ കർഷകരുടെ വിരൽതുമ്പിലേക്ക് എത്തിക്കുക എന്നതാണ് ഈ പോർട്ടൽ കൊണ്ട് ലക്ഷ്യമാക്കുന്നത്.

ക്ഷീരകർഷകർക്ക് ക്ഷീര വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരമാണ് ഈ പോർട്ടൽ തുറന്നു തരുന്നത്. ക്ഷീരകർഷകർ താമസംവിനാ ഈ പോർട്ട ലിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നു മന്ത്രി അഭ്യർത്ഥിച്ചു. ക്ഷീരകർഷകർക്ക് സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ മുഖാന്തിരമോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ക്ഷീരസംഘങ്ങൾ കൈകാര്യംചെയ്യുന്ന പാലിന്റെ അളവും കർഷകർ സംഘങ്ങളിൽ നൽകുന്ന പാലിന്റെ ഗുണനിലവാരവും കൃത്യമായി അറിയുവാൻ ഈ പോർട്ടൽ പ്രവർത്തനക്ഷമമാകുന്നതോടെ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.