Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഷിയ വഖഫ് ബോർഡ് അധ്യക്ഷൻ ഹിന്ദു മതം സ്വീകരിച്ചു

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വാസിം റിസ് വി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു.മതം മാറിയ അദ്ദേഹം ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന പുതിയ പേരും സ്വീകരിച്ചു. ഇസ്ലാമിനെ വിമര്‍ശിക്കുന്ന ‘മുഹമ്മദ്’ എന്ന പുസ്തകം എഴുതിയതിന്‍റെ പേരില്‍ അദ്ദേഹം അങ്ങേയറ്റം വിവാദപുരുഷനായി മാറിയ വ്യക്തിയാണ് വാസിം റിസ് വി.

ഗാസിയബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് വാസിം റിസ് വി ഹിന്ദുമതം സ്വീകരിച്ചത്. ദസ്‌ന ദേവി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതിയുടെ അധ്യക്ഷതയിലായിരുന്നു മതംമാറ്റം.

ഇനി വാസിം റിസ്‌വിയുടെ പേരും മാറും- ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്നതാണ് പുതിയ പേര്. നെറ്റിയില്‍ ചന്ദനവും തിലകവും അണിഞ്ഞാണ് അടിമുടി ഹിന്ദുവായി മാറിയ ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന വാസിം റിസ് വി ക്ഷേത്രത്തില്‍ നിന്നും പുറത്തുകടന്നത്. ഇനി പഴയ പേരായ വാസിം റിസ് വി എന്ന് തന്നെ വിളിക്കരുതെന്നും ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്നേ വിളിക്കാവൂ എന്നും അദ്ദേഹം സുഹൃത്തുക്കളെ ഓര്‍മ്മപ്പെടുത്തി.

“ഇന്ന്, ഞാൻ ഹിന്ദുമതം സ്വീകരിക്കാൻ തിരഞ്ഞെടുത്തു. ലോകത്തിലെ ആദ്യത്തെ ധർമ്മമാണ് സനാതന ധർമ്മം. ഞാൻ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നു. അത് മനുഷ്യത്വത്തിൽ വിശ്വസിക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഇസ്ലാം വിട്ടതല്ല, പകരം എന്നെ ഇസ്ലാമില്‍ നിന്നും പുറത്താക്കിയതാണ്. മതത്തിലെ ചില സ്വഭാവങ്ങള്‍ മാറേണ്ടതുണ്ട്. ഇസ്ലാം മതത്തില്‍ രൂഢമൂലമായ ചില ദുഷ്പ്രവണതകള്‍ മാറിയേ തീരു. ഇക്കാര്യം ആത്മപരിശോധന നടത്താതെ അവര്‍ എന്നെ വേട്ടിയാടി. അതുകൊണ്ടാണ് ഞാന്‍ സനാതന ധര്‍മ്മത്തിലേക്ക് മാറിയത്,’ – വാസിം റിസ് വി എന്ന ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി വിശദമാക്കി. ‘ഇനി ഹിന്ദുമതം ശക്തമാക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും. നരസിംഹാനന്ദ്ജിയുമായി കൈകോര്‍ത്തി ജിഹാദി ശക്തികളെ തോല്‍പ്പിക്കാന്‍ കൈകോര്‍ക്കും’- ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമാണ്, അല്ലാതെ ആരുടെയും പ്രേരണയ്ക്ക് വശംവദനായല്ല വാസിം റിസ് വി ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി ആയി മാറിയതെന്ന് യതി നരസിംഹാനന്ദ് സരസ്വതി പറഞ്ഞു.

നവമ്ബറിലാണ് വാസിം റിസ് വി തന്‍റെ വിവാദ പുസ്തകമായ ‘മുഹമ്മദ്’ ദസ്‌ന ദേവി ക്ഷേത്രത്തില്‍ നിന്നും മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതിയുടെ സാന്നിധ്യത്തില്‍ പുറത്തിറക്കിയത്. ഇസ്ലാം മതത്തിന്‍റെ ഒട്ടേറെ കുറവുകളെ വിമര്‍ശിക്കുന്നതാണ് ഈ പുസ്തകം. ഈ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി മുസ്ലിം സംഘടനാനേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതിനും ഏറെ മുന്‍പ് ഖുറാനിലെ 26 വരികള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വാസിം റിസ് വി പൊതുതാല്‍പര്യഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ പൊതുതാല്‍പര്യഹര്‍ജി തള്ളിക്കളഞ്ഞെന്നു മാത്രമല്ല 50,000 രൂപ പിഴയും റിസ് വിയ്ക്ക് വിധിച്ചു. ജൂലായില്‍ റിസ് വി ഈ പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പിഴ ഒഴിവാക്കി.