Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

പ്രാദേശിക ബ്രാൻഡിൽ നാളികേര ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കണം: മന്ത്രി പി. പ്രസാദ്

നാളികേരത്തിനന്റെ മൂല്യവർധന സാധ്യതകൾ ഇതുവരെയും കേരളീയർ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തി യിട്ടില്ല. വെളിച്ചെണ്ണ എന്നതിലപ്പുറം വിവിധങ്ങളായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് സാധ്യതയുള്ള ഒരു ഉൽപ്പന്നമാണ് നാളികേരമെന്നും കർഷകർ പ്രാദേശിക അടിസ്ഥാനത്തിൽ ഇത്തരം ഉത്പന്നങ്ങൾ നിർമ്മിച്ച് ബ്രാൻഡ് ചെയ്ത വിപണിയിൽ ഇറക്കണമെന്നും കൃഷിമന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി ഇത്തരം സംരംഭങ്ങൾക്ക് സഹായകമാകും. നാളികേര വികസന കൗൺസിൽ ലക്ഷ്യം വയ്ക്കുന്നതും ഇത്തരത്തിലുള്ള സമഗ്രവികസനം ആണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ കൃഷിവകുപ്പിന്റെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളികേര വികസന കൗൺസിലിന്റെ കീഴിൽ 10 വർഷംകൊണ്ട് രണ്ടുകോടി തെങ്ങിൻതൈകളുടെ വിതരണമാണ് ഉദ്ദേശിക്കുന്നത്. ഇതു പ്രകാരം അടുത്ത വർഷം 15 ലക്ഷം തെങ്ങിൻ തൈകൾ സംസ്ഥാനത്ത് വിതരണം ചെയ്യുന്നതായിരിക്കുമെ ന്ന് മന്ത്രി പറഞ്ഞു. നാളികേരത്തിൽ നിന്നും ഉരുക്കുവെളിച്ചെണ്ണ ഉൾപ്പെടെ നൂറിലധികം ഉത്പന്നങ്ങൾ നിർമ്മിക്കുവാൻ കഴിയും. വൻകിട കമ്പനികളുടെ ഉത്പന്നങ്ങളെക്കാൾ, ജനങ്ങൾ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ആഭിമുഖ്യം കാണിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷക പ്രതിനിധി ആയ രാധാകൃഷ്ണൻ നായരെ ചടങ്ങിൽവച്ച് മന്ത്രി ആദരിച്ചു. ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഉനൈസ് അൻസാരി, അണ്ടൂർക്കോണം വൈസ് പ്രസിഡണ്ട് മാജിദ ബീവി, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സോമൻ ചടങ്ങിന് സ്വാഗതവും കൃഷി ഓഫീസർ ശരണ്യ എസ് ചടങ്ങിന് നന്ദിയും പറഞ്ഞു.