Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കവി അക്കിത്തത്തിന് ജ്ഞാനപീഠം

ന്യൂഡല്‍ഹി: കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. 93-ാം വയസ്സിലാണ് അക്കിത്തത്തിന് പുരസ്‌കാരം ലഭിക്കുന്നത്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.

മലയാള സാഹിത്യത്തില്‍ ഏകദേശം അമ്പതോളം കൃതികള്‍ അക്കിത്തത്തിന്റേതായുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആണ് പ്രധാന കൃതി. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരികള്‍ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതിയില്‍ നിന്നുള്ളതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയ്ക്ക് 1952 ലെ സഞ്ജയന്‍ അവാര്‍ഡ് ലഭിച്ചു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതല്‍കൂട്ടായി.

പാലക്കാട് കുമരനെല്ലൂര്‍ സ്വദേശിയാണ് അക്കിത്തം. 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും അക്കിത്തം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2017 ല്‍ അക്കിത്തത്തെ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1972), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), എഴുത്തച്ഛന്‍ പുരസ്‌കാരം (2008), വയലാര്‍ അവാര്‍ഡ് (2012) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട് അക്കിത്തം അച്യുതന്‍ നമ്പൂതിരി.

കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം കൊണ്ടുവരുന്നത്. തകഴി, എസ്.കെ പൊറ്റക്കാട്, എം.ടി വാസുദേവന്‍നായര്‍, ഒ.എന്‍.വി കുറുപ്പ് എന്നിവരാണ് ജ്ഞാനപീഠം നേടിയ മറ്റ് മലയാള സാഹിത്യകാരന്മാര്‍.

ഗവണ്മെന്റിന്റെ ഔദ്യോഗിക പുരസ്‌കാരമല്ലെങ്കിലും ഇന്ത്യയില്‍ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനൊപ്പം തന്നെ സാഹിത്യമേഖലയില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ജ്ഞാനപീഠ പുരസ്‌കാരം. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ന്‍ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്.