Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

അഴിമതി; എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയറുടെ ഫ്ലാറ്റില്‍ നടത്തിയ റെയിഡില്‍ 17 ലക്ഷം രൂപ കണ്ടെടുത്തു.പന്തളം, മങ്ങാരം മദീനയില്‍ എ.എം. ഹാരിസിനെയാണ് (51) കോട്ടയം വിജിലന്‍സ് ഡിവൈ.എസ്.പിമാരായ കെ.എ. വിദ്യാധരന്‍, എ.കെ. വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്‌തത്. തുട‌ര്‍ന്ന് ഫ്ലാറ്റില്‍ നടത്തിയ റെയിഡില്‍ അരിക്കലത്തിലും പ്രഷര്‍ കുക്കറിലും കിച്ചണ്‍ കാബിനറ്റിലും ഒളിപ്പിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. കോട്ടയത്തെ വ്യവസായിയില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നാണ് ഹാരിസ് പിടിയിലായത്.

പാലാ പ്രവിത്താനം പി.ജെ ട്രെഡ് ഉടമ ജോബിന്‍ സെബാസ്റ്റ്യനില്‍ നിന്നാണ് ഇയാള്‍ പണം വാങ്ങിയത്. ഫിനോഫ്‌തലിന്‍ പുരട്ടിയ നോട്ടുകള്‍ ഇന്നലെ രാവിലെ ഓഫീസില്‍ കൈപ്പറ്റുന്നതിനിടയിലായിരുന്നു അറസ്റ്റ്. സ്ഥാപനത്തിനെതിരെ അയല്‍വാസി ശബ്ദമലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നു. തുട‌ര്‍ന്ന് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയെങ്കിലും ലൈസന്‍സ് പുതുക്കി നല്‍കിയില്ല. നേരത്തെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നും പിന്നീട് വന്ന ഹാരീസ് 25,000 രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജോബിന്‍ സെബാസ്റ്റ്യന്‍ വിജിലന്‍സ് എസ്.പി വി.ജി. വിനോദ് കുമാറിന് പരാതി നല്‍കുകയായിരുന്നു.

കണ്ടെടുത്ത 17 ലക്ഷം രൂപയ്ക്ക് പുറമെ ബാങ്ക് നിക്ഷേപമായി 18 ലക്ഷം രൂപയും ആലുവയില്‍ 80 ലക്ഷം വിലമതിക്കുന്ന ഫ്ലാറ്റും കൂടാതെ തിരുവനന്തപുരത്ത് 33 സെമ്റ് സ്തലവും 2000 സ്ക്വയ‌ര്‍ ഫീറ്റ് വീടും ഉള്ളതായും വിജിലന്‍സ് കണ്ടെത്തി. കൂടാതെ റഷ്യ, ജര്‍മനി, ഉഗാണ്ട തുടങ്ങി പത്തിലേറെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും രേഖകള്‍ ലഭിച്ചു. ആലുവയിലെ ഫ്ലാറ്റില്‍ രണ്ട് ലക്ഷത്തിന്റെ ടെലിവിഷനും ഒന്നര ലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. വിജിലന്‍സ് ഡി.വൈ.എസ്.പി മാരായ കെ.എ.വിദ്യാദരന്‍ (കോട്ടയം യൂണിറ്റ്) , എ.കെ. വിശ്വനാഥന്‍ (റേഞ്ച്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും അറസ്റ്റും.