Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

ഇക്കണോമി മിഷൻ തൊഴിൽ മേള ആദ്യഘട്ടത്തിൽ 10,000 പേർക്ക് തൊഴിൽ സാധ്യതയെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 10,000 പേർക്ക് തൊഴിൽ ലഭിക്കാനുളള സാധ്യതയാണ് തുറക്കപ്പെടുന്നതെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾക്ക് രൂപവും ഭാവവും നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ തല തൊഴിൽമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സ്വപ്ന ദൗത്യമാണ് കെ-ഡിസ്‌ക് നടപ്പാക്കുന്നത്. എല്ലാവർക്കും സർക്കാർ ജോലിയെന്ന ചെറുപ്പക്കാരുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിലെ ബുദ്ധിമുട്ട് മനസിലാക്കി, ശാസ്ത്രീയമായ രീതിയിലുള്ള പദ്ധതികൾക്കാണ് കെ-ഡിസ്‌ക് രൂപം നൽകുന്നത്. നൈപുണ്യവും വൈദഗ്ദ്ധ്യവുമുള്ള തൊളിലാളികളേയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽദാതാക്കളേയും ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്നതാണ് മേളയിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈദഗ്ധ്യമുള്ള ജീവനക്കാരുടെ അഭാവമാണ് വ്യാവസായിക മേഖല നേരിടുന്ന പ്രശ്നമെന്നതിനാൽ നൈപുണ്യമുള്ള ജീവനക്കാരെ വാർത്തെടുക്കുന്നതിന് വ്യവസായ-വിദ്യാഭ്യാസ മേഖലകൾ സംയുക്തമായി പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷി, ആരോഗ്യം, വിജ്ഞാനം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിലുൾപ്പെടെ നിരവധി തൊഴിൽ സാധ്യതകളാണ് ഇനി തുറക്കപ്പെടുന്നതെന്നും മന്ത്രി അറിയിച്ചു.