Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

ലഹരി മാഫിയക്കെതിരെ ജനകീയ ഇടപെടലിന് എക്‌സൈസ് വകുപ്പ്

എറണാകുളം: മരടിലും സമീപ പ്രദേശങ്ങളിലും ലഹരിയധിഷ്ഠിത അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ജനകീയ ഇടപെടലിന് എക്‌സൈസ് വകുപ്പും വിമുക്തി ലഹരി വര്‍ജന മിഷനും ഒരുങ്ങുന്നു. വിവിധ സര്‍ക്കാര്‍ – സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ലഹരി മാഫിയക്കെതിരെ മേഖലയില്‍ കാര്യക്ഷമമായി ഇടപെടാനാണ് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടമായി പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് മരട് നഗരസഭയിലെ ഇരുപത്തി മൂന്നാം വാര്‍ഡിലെ മുത്തേടം കോളനിയില്‍ ജനകീയ മുഖാമുഖവും ഭവന സന്ദര്‍ശനവും നടത്തും.

ഞായറാഴ്ച രാവിലെ 9 ന് പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന ജനകീയ മുഖാമുഖം കെ.ബാബു എം.എല്‍ എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാം പറമ്പില്‍ അധ്യക്ഷത വഹിക്കും. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.കെ. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.രശ്മി സനല്‍, കൗണ്‍സിലര്‍മാരായ സി.ആര്‍ ഷാനവാസ്, ഏ.കെ.അഫ്‌സല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി.ജിജിമോള്‍ ക്ലാസ് നയിക്കും.

ഇതിന് ശേഷം ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കെ.ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ഭവന സന്ദര്‍ശനം നടത്തും. കുടുംബശ്രീ പ്രവര്‍ത്തകരും മരട് ഗവ.ഐ.ടി.ഐ. വിദ്യാര്‍ത്ഥികളും ഭവന സന്ദര്‍ശനത്തില്‍ പങ്കാളികളാകും. മേഖലയില്‍ ബോധവല്‍ക്കരണ പരിപാടികളോടൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും കാര്യക്ഷമമാക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.കെ. അനില്‍കുമാര്‍ അറിയിച്ചു.