Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

ആധാറും വോട്ടര്‍കാര്‍ഡും കൂട്ടിയിണക്കുന്ന ബില്‍അടക്കം ബില്ലുകൾ ലോകസഭയിൽ .

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലും മധ്യസ്ഥതാ ബില്ലും ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. ആധാറും വോട്ടര്‍കാര്‍ഡും കൂട്ടിയിണക്കുന്ന ബില്‍ ലോക്സഭയിലും വേഗത്തില്‍ തര്‍ക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബില്‍ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്.

മധ്യസ്ഥതാബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുന്നതായി കേന്ദ്രനിയമ സഹമന്ത്രി എസ്.എസ് ഭഘേല്‍ അറിയിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് സുപ്രധാന രണ്ട് ബില്ലുകള്‍ ഇരുസഭകളിലും അവതരിപ്പിച്ചത്. ആധാറും വോട്ടര്‍ പട്ടികയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയില്‍ കടുത്ത വാദപ്രതിവാദം നടന്നു.

തെരഞ്ഞെടുപ്പിനു വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഇരട്ട വോട്ട് തടയാന്‍ ഭേദഗതി മൂലം കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യസഭ മൂന്നു മണിക്ക് ചേര്‍ന്നപ്പോഴാണ് മധ്യസ്ഥതാ ബില്‍ അവതരിപ്പിച്ചത്. കോടതിയില്‍ കേസ് കെട്ടിക്കിടന്ന് കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന ബില്‍ വിശദമായ ചര്‍ച്ചയ്ക്കും പഠനത്തിനുമാണ് സ്റ്റാന്റിംഗ് കമ്മറ്റിക്ക് അയച്ചത്. മധ്യസ്ഥതയുമായി ബന്ധപ്പെട്ടു ദേശീയതലത്തില്‍ മീഡിയേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

സര്‍ക്കാരിന്‍റെ സബ്‌സിഡികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ആധാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നും, വോട്ടര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. നിയമം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രീം കോടതി വിധി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ്, തൃണമൂല്‍, ബി.എസ്.പി, ആര്‍.എസ്.പി അംഗങ്ങള്‍ എതിര്‍ത്തത്.