Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കും; തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ന്യൂ ഡല്‍ഹി: തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ രാജ്യസഭ പാസാക്കിയത്.

ബില്‍ വിശദമായ പഠനത്തിന് സഭാ സമിതിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആവശ്യം.

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രിം കോടതി വിധി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ്, തൃണമൂല്‍, ബി.എസ്.പി, ആര്‍.എസ്.പി അംഗങ്ങള്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നത്.

തെരഞ്ഞെടുപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുവിന്റെ വാദം. ഈ ബില്‍ നിയമമാകുന്നതോടെ വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കും.

വോട്ടെടുപ്പ്, വോട്ടെണ്ണല്‍, വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഏത് കെട്ടിടവും താത്ക്കാലികമായി ഏറ്റെടുക്കാന്‍ അവസരം നല്‍കും.

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എന്നത് മാറ്റി നാല് അവസരങ്ങള്‍ (ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1) നല്‍കും. ജനപ്രാതിനിധ്യ വകുപ്പിന്റെ 14(ഡി) യിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.