Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി: ചേരേണ്ട അവസാന തീയതി ഡിസംബര്‍ 31

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും കാലാവസ്ഥധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും റാബി 2021 സീസണില്‍ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി ഡിസംബര്‍ 31 ആണ്. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥാ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കൈതച്ചക്ക, കരിമ്പ്, കാരറ്റ്,കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്,ബീന്‍സ്, കശുമാവ്, മാവ്,തക്കാളി, ചെറു ധാന്യങ്ങള്‍ (ചോളം, റാഗി, തിന മുതലായവ ) പച്ചക്കറികള്‍ (പയര്‍, പടവലം, പാവല്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

ആയതിനാല്‍ പദ്ധതികളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ അവസാന തീയതിക്ക് മുന്‍പ് തന്നെ ഏറ്റവും അടുത്തുള്ള അക്ഷയ/ സി എസ് സി കേന്ദ്രങ്ങള്‍, അംഗീകൃത മൈക്രോ ഇന്‍ഷുറന്‍സ് ഏജന്റു കള്‍ / ബ്രോക്കിങ് പ്രതിനിധികള്‍ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയവും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, നികുതി /പാട്ട ചീട്ട് എന്നിവയുടെ കോപ്പികളും സമര്‍പ്പിക്കേണ്ടതാണ്. നിലവില്‍ സാധ്യമായ അക്കൗണ്ട് നമ്പര്‍ അപേക്ഷാഫോറത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. കര്‍ഷകന് നേരിട്ടും ഓണ്‍ലൈനായും www. pmfby.gov.in എന്ന വിലാസത്തില്‍ പദ്ധതിയില്‍ ചേരാവുന്നതാണ്.

വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്തിട്ടുള്ള കര്‍ഷകരെ അതാത് ബാങ്കുകള്‍ക്ക് ചേര്‍ക്കാവുന്നതാണ്. ഇതിനായി കര്‍ഷകര്‍ പ്രത്യേകം അപേക്ഷാഫോറം സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള കൃഷിഭവനുമായോ അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ റീജിയണല്‍ ഓഫീസുമായോ 1800 425 7064 എന്ന ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.