Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

പാര്‍ട്ടിയ്ക്ക് വേണ്ടെങ്കിലും രാജ്യത്തിന് നിങ്ങളെ വേണം; ഗുലാം നബി ആസാദിനെ അഭിനന്ദിച്ച്‌ കപില്‍ സിബല്‍.

ന്യൂദല്‍ഹി: പത്മ പുരസ്‌കാരം നേടിയ ഗുലാം നബി ആസാദിനെ അഭിനന്ദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

ഗുലാം നബി ആസാദിന്റെ സേവനങ്ങള്‍ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് പറയുമ്ബോഴാണ് രാജ്യം അദ്ദേഹത്തെ ആദരിക്കുന്നതെന്ന് കപില്‍ സിബല്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനമാണ് കപില്‍ സിബലിന്റെ ട്വീറ്റ്. ഗുലാം നബി ആസാദിന്റെ സേവനങ്ങള്‍ ഇനി വേണ്ടെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് എടുത്തുവെന്നാണ് കപില്‍ സിബലിന്റെ ട്വീറ്റിലെ പ്രതിധ്വനി.

‘പൊതുജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ രാജ്യം ആദരിക്കുമ്ബോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണ്,’ – എന്നാണ് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തത്. രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദിനും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി പി ഐ എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കുമാണ് പത്മ പുരസ്‌കാരം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. പത്മ ഭൂഷന്‍ പുരസ്‌കാരത്തിനാണ് ഇരുവരും അര്‍ഹരായത്.

എന്നാല്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടെയാണ് ജമ്മു കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്‌കാരം നല്‍കുന്നത്. കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി-23 നേതാക്കളില്‍ പ്രധാനിയാണ് ആസാദ്.