Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

യുദ്ധസാധ്യതയേറി; കിഴക്കന്‍ യൂറോപ്പില്‍ യു.എസ് സൈനികരെ വിന്യസിക്കാന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അനുമതി നല്‍കി.

വാഷിങ്ടണ്‍ ഡി.സി: യുക്രെയ്ന്‍ അതിര്‍ത്തികളില്‍ റഷ്യ സൈനികവിന്യാസം നടത്തിയ പശ്ചാത്തലത്തില്‍ കിഴക്കന്‍ യൂറോപ്പില്‍ യു.എസ് സൈനികരെ വിന്യസിക്കാന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അനുമതി നല്‍കി.

വരും ദിവസങ്ങളില്‍ 3000 യു.എസ് സൈനികരെ വിവിധ രാജ്യങ്ങളില്‍ വിന്യസിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ റഷ്യ ആക്രമിച്ചാല്‍ സ്വയം പ്രതിരോധിക്കുമെന്നും യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളോദ്മിര്‍ സെലെന്‍സ്കി വ്യക്തമാക്കി. യുക്രെയ്നിനൊപ്പം ബ്രിട്ടന്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

യു.എസില്‍ നിന്നുള്ള 2000 സൈനികരെ പോളണ്ടിലേക്കും ജര്‍മനിയിലേക്കും അയക്കുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മനിയില്‍ നിലവിലുള്ള 1000 സൈനികര്‍ റൊമാനിയയിലേക്ക് മാറും.

അതിനിടെ ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക് റത്തെ യുക്രെയ്ന്‍ തലസ്ഥാനമായ കീയ്‍വിലെത്തി പ്രസിഡന്‍റ് വ്ലോദ്മിര്‍ സെലെന്‍സ്കിയെ കണ്ടു. സംഘര്‍ഷത്തിന്‍റെ സാധ്യതകള്‍ പരമാവധി ഇല്ലാതാക്കാന്‍ എല്ലാ ശ്രമവും നടത്തേണ്ടതിന്‍റെ ആവശ്യകത ചര്‍ച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. നയതന്ത്രത്തിലൂടെയും പരസ്പര സംഭാഷണങ്ങളിലൂടെയും നിലവിലെ സംഘര്‍ഷ സാഹര്യം ലഘൂകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ ആക്രമണം നടത്തുകയാണെങ്കില്‍ ശക്തമായ ഉപരോധമാണ് പാശ്ചാത്യ രാജ്യങ്ങള്‍ ആലോചിക്കുന്നതെന്നും നാറ്റോ അംഗരാജ്യത്തിന്‍റെ പ്രധാനമന്ത്രി വ്യക്തമാക്കി.

സമാധാനത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എന്നാല്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം യുക്രെയ്ന് ഉണ്ടെന്നും പ്രസിഡന്‍റ് വ്ലോദ്മിര്‍ സെലെന്‍സ്കി പറഞ്ഞു. സഖ്യകക്ഷികള്‍ നല്‍കിയിരിക്കുന്ന ആയുധങ്ങള്‍ പ്രതിരോധത്തിന് മാത്രമുള്ളതാണെന്നും അദ്ദഹം വ്യക്തമാക്കി.

അതേസമയം, തങ്ങള്‍ ആക്രമിക്കുമെന്ന ഭീതി യുക്രെയ്നില്‍ പരത്തുകയാണ് യു.എസും പാശ്ചാത്യ രാജ്യങ്ങളും ചെയ്യുന്നതെന്ന് റഷ്യ കുറ്റപ്പെടുത്തി. ഒരു യുദ്ധത്തിലേക്ക് തങ്ങളെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്നും റഷ്യ ചൂണ്ടിക്കാട്ടി.