Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്ക് പകരം ഭാരതീയ ഗുരുവിനെ നിർദ്ദേശിച്ച് ദേശീയ ആരോഗ്യ ബോർഡ്.

ന്യൂഡൽഹി: വിദ്യാര്‍ത്ഥികള്‍ വൈദ്യശാസ്ത്രം പഠിക്കേണ്ടത് ലോക വൈദ്യശാസ്ത്രത്തിന് ഭാരതം നല്‍കിയ സംഭാവനകള്‍ അറിഞ്ഞാകണമെന്ന് ദേശീയ ആരോഗ്യ ബോര്‍ഡ്.ഇതിനോടനുബന്ധിച്ച്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങിലെ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കാന്‍ ശുപാര്‍ശ ഉയര്‍ന്നിരിക്കുകയാണ്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം മഹര്‍ഷി ചരകന്‍റെ പേരിലുള്ള ശപഥമെടുക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ചരക മഹര്‍ഷിയുടെ സംഭാവനകളും ഭാരതീയ വൈദ്യശാസ്ത്ര പൈതൃകവും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ തീരുമാനമെടുത്തതായി മെഡിക്കല്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ ഡോ. അരുണ്‍ വാണീക്കര്‍ ആണ് അറിയിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് നിലനിന്ന പല രീതികളും പൊളിച്ചെഴുതണമെന്നാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പുതുതായി നിര്‍ദേശിച്ചിരിക്കുന്നത്.

രാജ്യത്തെ മെഡിക്കല്‍ കോളേജുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പങ്കുവച്ചത്. പാശ്ചാത്യ മെഡിക്കല്‍ വിദ്യാഭ്യാസം നിലകൊള്ളുന്നത് ഹിപ്പോക്രാറ്റസിന്റെ പേരിലാണ്. എന്നാല്‍ പാശ്ചാത്യ വൈദ്യശാസ്ത്രത്തിനു മുന്നേ തന്നെ ഭാരതീയമായ വൈദ്യശാസ്ത്ര പദ്ധതി കൊണ്ടുവന്ന ചരകനെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കേണ്ടതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

ഇതിനെതിരേ ഐ.എം.എ. ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് ചേരുന്നതല്ല ചരകന്റെ പ്രതിജ്ഞയെന്നതാണ് കാരണമായി പറയുന്നത്.ഐ.എം.എ. കാണുന്ന പ്രധാന പ്രശ്‌നങ്ങള്‍;

മഹര്‍ഷി ചരകന്‍ അറിയപ്പെടുന്നത് ആയുര്‍വേദത്തിന്റെ ആചാര്യന്‍ എന്ന നിലയ്ക്കാണ്. അതുകൊണ്ടുതന്നെ അദ്ദേഹം അന്ന് മുന്നോട്ടുവെച്ച പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിനു യോജിക്കുന്നതല്ല. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നിലവില്‍ എടുക്കുന്ന പ്രതിജ്ഞ കാലികമായി മാറ്റങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വരുത്തിക്കൊണ്ടിരിക്കുന്നതാണ്. ഈശ്വരവിശ്വാസിയല്ലാത്ത ഒരാള്‍ക്ക് ചരകശപഥം എടുക്കുന്നതില്‍ തടസ്സം നേരിടും.

സ്ത്രീരോഗികളെ പുരുഷഡോക്ടര്‍ പരിശോധിക്കുമ്ബോള്‍ ഭര്‍ത്താവിന്റെയോ ബന്ധുക്കളായ സ്ത്രീകളുടെയോ സാമീപ്യം ആവശ്യമാണെന്നതാണ് ചരക പ്രതിജ്ഞയിലുള്ളത്. ഗുരുവിനെ ചോദ്യംചെയ്യാതെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കണമെന്നത് ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിനു വിരുദ്ധമാണെന്നുമാണ് ഐ എം എ വാദം.