Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

ബാബുവിന് ലഭിച്ച ഇളവ് ഇനിയാരും പ്രതീക്ഷിക്കണ്ട; മലയിലേക്കുള്ള അനാവശ്യ യാത്ര തടയും: റവന്യൂ മന്ത്രി.

തിരുവനന്തപുരം: ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍.

ചെറാട് മലയിലേക്കുള്ള അനാവശ്യ യാത്ര തടയും. ഇതിനായി കളക്ടര്‍ കണ്‍വീനറായ സമിതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി ഏഴിനാണ് ചെറാട് കൂര്‍മ്ബാച്ചിമലയില്‍ ബാബു അകപ്പെട്ടുപോയത്. തിങ്കളാഴ്ച തുടങ്ങിയ രക്ഷാപ്രവര്‍ത്തനം കരസേനയെത്തിയ ശേഷം ബുധനാഴ്ചയാണ് അവസാനിച്ചത്. കോസ്റ്റ് ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍, വ്യോമസേനാ ഹെലിക്കോപ്റ്റര്‍, കരസേന, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു രക്ഷാദൗത്യം. ഇതിനായി മാത്രം അരക്കോടി രൂപയോളം ചെലവിട്ടതായാണ് കണക്കുകള്‍.

അനധികൃതമായി മല കയറിയ ബാബുവിനെതിരേ നടപടി ഉണ്ടാവുമെന്ന് ബന്ധപ്പെട്ട വകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ബാബുവിന്റെ മാതാവിന്റെ അഭ്യര്‍ഥന മാനിച്ച്‌ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിരുന്നു.

എന്നാല്‍ കൂര്‍മ്ബാച്ചി മലയില്‍ കയറി കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയതിന്റെ നാലാം നാള്‍ നാട്ടുകാരെ ആശങ്കപ്പെടുത്തി മലയില്‍ വീണ്ടും ആള്‍ കയറി കുടുങ്ങിയിരുന്നു. വനപാലകരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 12.30-ഓടെ ഇദ്ദേഹത്തെ താഴെയെത്തിച്ചു. ഞായറാഴ്ച രാത്രി മലമുകളില്‍ ടോര്‍ച്ച്‌ വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരാണ് വിവരം വനപാലകരെ അറിയിച്ചത്. രാത്രി എട്ടരമുതലാണ് കൂര്‍മ്ബാച്ചി മലയുടെ ഏറ്റവും മുകളിലായി ടോര്‍ച്ചിലേതെന്ന് തോന്നിക്കുന്ന വെളിച്ചം കണ്ടത്. ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.