Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

ഡി കമ്പനി ബന്ധം മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ നവാബ് മാലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്‌തു .

മുംബൈ. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്ബനി ഉള്‍പ്പെട്ട കള്ളപ്പണ കേസില്‍ അറസ്റ്റിലായ എന്‍സിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ നവാബ് മാലിക്കിനെ മാര്‍ച്ച്‌ മൂന്നുവരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍ വിട്ടു.

വീട്ടിലെ ഭക്ഷണവും മരുന്നും അനുവദിക്കണമെന്ന നവാബ് മാലിക്കിന്റെ ഹര്‍ജി നാളെ പരിഗണിക്കും. ചോദ്യം ചെയ്യല്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വേണമെന്ന ആവശ്യം എതിര്‍ക്കില്ലെന്ന് ഇഡി അറിയിച്ചു.

അതേസമയം, നവാബ് മാലിക് രാജി വെക്കേണ്ടതില്ലെന്ന് മഹാ വികാസ് അഘാഡി മുന്നണി തീരുമാനിച്ചു. ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും ഒരേ നിലപാടാണ് സ്വീകരിച്ചത്. മന്ത്രി നവാബ് മാലിക്കിനെ ഇന്ന് വൈകീട്ട് മൂന്നു മണിക്കാണ് ഇഡി അറസ്റ്റ് ചെയ്തത്. നവാബ് മാലിക് നടത്തിയ വസ്തു ഇടപാടിലെ ചില രേഖകള്‍ ഈ അന്വേഷണത്തില്‍ തെളിവുകളായി കണ്ടെത്തിയിരുന്നു.

രാവിലെ ആറുമണിയോടെ നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം ഏഴുമണിയോടെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മുംബൈയിലെ ഇ.ഡി ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യല്‍ നടന്നത്. തുടര്‍ന്ന് മൂന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്ബ് ഇതേ കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിനെ അറസ്റ്റ് ചെയ്തിരുന്നു.