Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

റഷ്യന്‍ അധിനിവേശം: യു.എന്നിൽ വീണ്ടും ഇന്ത്യ വിട്ടുനിന്നു.

ജനീവ: യുക്രെയ്നെതിരായ റഷ്യന്‍ അധിനിവേശം അന്വേഷിക്കാന്‍ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമീഷനെ അടിയന്തരമായി നിയോഗിക്കാന്‍ ആവശ്യപ്പെടുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയത്തിലെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു.

യുക്രെയ്നിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച കരട് പ്രമേയത്തെ 47 അംഗ കൗണ്‍സിലില്‍ 32 രാജ്യങ്ങള്‍ അനുകൂലിച്ചു. ഇന്ത്യ, ചൈന, പാകിസ്താന്‍, സുഡാന്‍, വെനിസ്വേല എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റഷ്യയും എറിത്രീയയും എതിര്‍ത്തു. ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, നേപ്പാള്‍, യു.എ.ഇ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളാണ് അനുകൂലിച്ച്‌ വോട്ട് ചെയ്തത്.

യുക്രെയ്നെതിരായ റഷ്യയുടെ ആക്രമണത്തിന്റെ ഫലമായി സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമീഷന്‍ അടിയന്തരമായി നിയമിക്കാന്‍ തീരുമാനിച്ചതായി മനുഷ്യാവകാശ കൗണ്‍സില്‍ ട്വീറ്റ് ചെയ്തു. ഒരാഴ്ചക്കിടെ യുക്രെയ്നെതിരായ 15 രാജ്യങ്ങളുടെ സുരക്ഷ കൗണ്‍സിലിലെ രണ്ട് പ്രമേയങ്ങളിലും 193 അംഗ പൊതുസഭയിലെ ഒരു പ്രമേയത്തിലും ഇന്ത്യ വിട്ടുനിന്നിരുന്നു.

കഴിഞ്ഞ ദിവസം യുക്രെയ്‌നെതിരായ റഷ്യന്‍ ആക്രമണത്തെ അപലപിച്ച യു.എന്‍ പൊതുസഭ റഷ്യ യുക്രെയ്‌നില്‍നിന്ന് സേനകളെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. 141 രാജ്യങ്ങള്‍ അനുകൂലിക്കുകയും അഞ്ച് രാജ്യങ്ങള്‍ എതിര്‍ക്കുകയും ഇന്ത്യയടക്കം 35 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തു.