Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

ഡിജിറ്റല്‍ സര്‍വ്വേ: സര്‍വെയര്‍മാരെയും ഹെല്‍പ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ ജനപ്രതിനിധികളുടെ പൂര്‍ണ്ണ സഹായവും സഹകരണവും ഉണ്ടാകണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തീരുമെന്നും എല്ലാ ഭൂമിക്കും രേഖ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റാനാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്ന ഡിജിറ്റല്‍ റീസര്‍വ്വെയുടെ ഭാഗമായി റീസര്‍വ്വെയെ കുറിച്ച് ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പദ്ധതി ഏപ്രില്‍ മാസത്തോടെ ആരംഭിക്കുമെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. 1666 വില്ലേജുകളില്‍ 1550 വില്ലേജുകളിലും നാലുവര്‍ഷക്കാലം കൊണ്ട് ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതാണ്. 89 വില്ലേജുകളില്‍ റീസര്‍വ്വെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 27 വില്ലേജുകളില്‍ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നു. നാലുവര്‍ഷക്കാലം കൊണ്ട് കേരളത്തെ പൂര്‍ണ്ണമായി ഡിജിറ്റലായി അളക്കുക എന്ന നടപടിക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. ഇതിനായി 807 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരവും ആദ്യഘട്ടമായി 339 കോടി രൂപ റീബില്‍ഡ്കേരള ഇനീഷിയേറ്റീവില്‍ ഉള്‍പ്പെടുത്തി സര്‍വെ വകുപ്പിന് അനുവദിക്കുകയും ചെയ്തു.

മികച്ച പൊതു ജന പങ്കാളിത്തം ഈ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളെ ഡിജിറ്റല്‍ സര്‍വെയെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ആദ്യഘട്ടമായാണ് തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നത്. തിരുവനന്തപുരം ജില്ലയില്‍ ആകെയുളള 124 വില്ലേജുകളില്‍ ഏഴ് വില്ലേജുകള്‍ മാത്രമാണ് ഡിജിറ്റല്‍ രീതിയില്‍ സര്‍വെ ജോലികള്‍ നിര്‍വഹിച്ചിട്ടുളളത്. നിലവില്‍ മൂന്ന് വില്ലേജുകളുടെ റീസര്‍വെ ജോലികള്‍ ഡിജിറ്റല്‍ രീതിയില്‍ പുരോഗമിച്ചു വരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ 22 വില്ലേജുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുളളതെന്നും മന്ത്രി പറഞ്ഞു.

സര്‍വ്വേ നടപടിക്കായി 1500 ഓളം സര്‍വെയര്‍മാരെയും 3200 ഹെല്‍പ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ആദ്യത്തെ മൂന്ന് വര്‍ഷം 400 വില്ലേജ് വീതവും നാലാമത്തെ വര്‍ഷത്തില്‍ 350 വില്ലേജും പൂര്‍ത്തിയാക്കും. നാലു വര്‍ഷത്തിനുള്ളില്‍ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കി ഭൂസംബന്ധമായ നടപടികള്‍ ഓണ്‍ലൈനില്‍ കൊണ്ടുവരും.

സര്‍വെ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന് നൂതന സാങ്കേതിക വിദ്യയായ COR സ്റ്റേഷനുകള്‍ 28 എണ്ണം സ്ഥാപിച്ച് RTK റോവര്‍ മെഷീന്റെ സഹായത്താല്‍ 70 മുതല്‍ 80 ശതമാനം വരെയുള്ള ഇടങ്ങളിലാണ് ഭൂമി ഡിജിറ്റലായി സര്‍വെ ചെയ്യുന്നത്. ശേഷിക്കുന്ന സ്ഥലങ്ങളില്‍ റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍, ലൈഡാര്‍ ക്യാമറ ഫിറ്റ് ചെയ്തുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യ എന്നിവയും ഉപയോഗിക്കും. ഇതില്‍ ആദ്യ പടിയായി ഡ്രോണ്‍ അധിഷ്ടിത സര്‍വ്വേ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

സര്‍വ്വേ വകുപ്പിന്റെ മുഴുവന്‍ സന്നാഹവും ഇതിനായി ഉപയോഗിക്കും. ഈ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ സര്‍വേ, റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ഒറ്റ പോര്‍ട്ടല്‍ മുഖേന ഭൂസംബന്ധമായ നടപടി സുതാര്യമാക്കും. ഇത് പോക്കുവരവ് അടക്കമുള്ള മേഖലകളിലെ തെറ്റായ പ്രവര്‍ത്തനത്തെ തടയും. ഭൂമിയുടെ അവകാശികള്‍ക്ക് കൃത്യമായ രേഖ നല്‍കാനാകുന്ന വിപ്ലവകരമായ മാറ്റത്തിന് സര്‍വേ വകുപ്പ് തുടക്കമിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റീസര്‍വെ സമയത്ത് റിക്കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്കായി ലഭ്യമാക്കുക, തങ്ങളുടെ ഭൂമിയുടെ അതിര്‍ത്തികളില്‍ സര്‍വെ അടയാളങ്ങള്‍ സ്ഥാപിച്ച് ആയത് വ്യക്തമായി കാണുന്നവിധം കാട് വെട്ടി തെളിക്കുക, സര്‍വെ കാലയളവില്‍ തന്നെ റിക്കാര്‍ഡുകള്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ നടപടികള്‍ ഭൂഉടമസ്ഥരുടെ ഭാഗത്ത് നിന്നു ഉണ്ടാകണം. ഇതേക്കുറിച്ചൊക്കംജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി പൂര്‍ണ്ണ ജന പങ്കാളിത്തത്തോടെയാണ് ഡിജിറ്റല്‍ സര്‍വ്വേ ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.