Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് കൂടുതല്‍ ഷോപ്പുകള്‍ തുറക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ ഷോപ്പുകള്‍ തുറക്കുന്നകാര്യം പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് ഹോര്‍ട്ടികോര്‍പ്പ് കിഴക്കേകോട്ട ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് സ്ഥാപിച്ച ‘ഷോപ്പ് ഓണ്‍ വീല്‍സ്’ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കെ.എസ്.ആര്‍.ടി.സിയുടെ നവീകരണത്തിന്റെ ഭാഗമായാണ് ഷോപ്പ് ഓണ്‍ വീല്‍സ്’ എന്ന നൂതന ആശയം സംസ്ഥാനത്ത് നടത്തി വരുന്നത്. സ്‌ക്രാപ്പ് ചെയ്ത് വില്‍ക്കേണ്ട വാഹനങ്ങള്‍ നവീകരിച്ച് എങ്ങനെ കെ.എസ്.ആര്‍.ടിസിക്ക് വരുമാനവും പൊതുജനങ്ങള്‍ക്ക് സൗകര്യവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ലാഭവുമുണ്ടാക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയമുണ്ടായതെന്നും സംസ്ഥാനത്ത് കെ.റ്റി.ഡി.സി, മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ, സിവില്‍സ് സപ്ലൈസ് കോര്‍പ്പറേഷന്‍ തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഷോറൂമുകള്‍ ഷോപ്പ് ഓണ്‍ വീല്‍സ് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹോര്‍ട്ടികോര്‍പ്പിന്റെ ഉല്‍പ്പന്നങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്കെത്തിക്കാന്‍ കെ.എസ്.ആര്‍.ടിസിയുടെ ലോജിസ്റ്റിക് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണവകുപ്പുമായി ചേര്‍ന്നുകൊണ്ട് കേരള ഫീഡ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ ഈ സൗകര്യം വഴി വിവിധ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നുണ്ട്.
മൂന്നാറില്‍ കെ.എസ്.ആര്‍.ടിസി ആരംഭിച്ചിട്ടുള്ള ടൂറിസം പദ്ധതിയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സ്‌ട്രോബറി പാര്‍ക്ക് ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ കോര്‍ത്തിണക്കിക്കൊണ്ട് ഓരോ മേഖലയെയും എങ്ങനെ ലാഭത്തിലാക്കാമെന്ന ചിന്തയിലാണ് പുതിയ ആശയങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.