Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

പെട്രോള്‍ വില 115 കടന്നു

ന്യൂഡൽഹി: രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർദ്ധനവ്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് എട്ട് രൂപ 72 പൈസയും ഡീസലിന് 8 രൂപ 43 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാണ് നിലവില്‍. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍വില 115 കടന്നു.

ഇന്നലെയും രാജ്യത്ത് ഇന്ധനവില വ‍ർധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ കൂട്ടിയത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതിയെ പതിയെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു.

അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വിലയിൽ ഇപ്പോൾ വൻ കുറവാണുണ്ടാകുന്നത്. മൂന്നു ദിവസത്തിനിടെ 6 ശതമാനം വിലയിടിഞ്ഞു. ബ്രന്റ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നു. ഈ മാസം ആദ്യം വില 127 ഡോളർ വരെ ഉയർന്നിരുന്നു. അഞ്ചു ദിവസം മുൻപ് ബാരലിന് 117 ഡോളർ ആയിരുന്നു ബ്രെന്റ് ക്രൂഡ് വില. പണപ്പെരുപ്പം പരിഹരിക്കാനായി അമേരിക്ക അവരുടെ കരുതൽ ക്രൂഡ് ശേഖരത്തിൽ നിന്ന് പത്തു ലക്ഷം ബാരൽ എണ്ണ വിപണിയിലേക്ക് എത്തിക്കുമെന്ന വിവരമാണ് വില ഇടിയാൻ കാരണം. ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയുടെ സൂചികയായ ഇന്ത്യൻ ബാക്സ്കറ്റിലും വിലയിടിവ് രേഖപ്പെടുത്തി. 109 ഡോളറാണ് ഇന്ത്യൻ ബാസ്കറ്റിൽ ഇപ്പോൾ ക്രൂഡ് വില. ഈ മാസം ഇത് 126 ഡോളർവരെ ഉയർന്നിരുന്നു.