Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

നാല് വർഷത്തിനുള്ളിൽ ദുരന്തനിവാരണ സാക്ഷരതാ യജ്ഞം പൂർത്തിയാക്കും: മന്ത്രി കെ.രാജൻ

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതാ യജ്ഞം നടപ്പാക്കുമെന്നും നാല് വർഷത്തിനകം അത് പൂർത്തീകരിക്കുമെന്നും റവന്യൂ മന്ത്രി കെ.രാജൻ. സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പ് പുറത്തിറക്കിയ ഭൂമിക മാസികയുടെ പ്രകാശനം തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ ലാൻഡ് മാനേജ്മെന്റ്, റിവർ മാനേജ്മെന്റ്, ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ എം.ബി.എ കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഭൂമിക മാസിക പുറത്തിറക്കിയത്. കാലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണവും, നദീതീര സംരക്ഷണം കേരളത്തിൽ, ദുരന്താനന്തര മാനസിക സാമൂഹിക പരിചരണം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന മൂന്ന് കൈപ്പുസ്തകങ്ങളും ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. കൈപുസ്തകങ്ങൾ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിതരണം ചെയ്യും. റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയും റവന്യൂ വകുപ്പിന്റെ യൂട്യൂബ് ചാനലും ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.