Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കുട്ടികളുടെ വാക്സിനേഷൻ: തെറ്റായ പ്രചാരണം അവസാനിപ്പിക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളുടെ വാക്സിനേഷൻ പാളി എന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയായിട്ടും 12 മുതൽ 14 വയസുവരെ പ്രായമുള്ള 751 പേർക്കു മാത്രമാണ് വാക്സിൻ നൽകിയതെന്നാണ് വാർത്തയിൽ പറയുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടൽ വഴിയാണ് വാക്സിനേഷൻ നടത്തുന്നത്. ഈ പോർട്ടൽ പരിശോധിച്ചാൽ ഇത് എല്ലാവർക്കും ബോധ്യമാകും. കൂടാതെ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിൽ വാക്‌സിനേഷൻ ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് 12 മുതൽ 14 വയസുവരെ പ്രായമുള്ള 57,025 പേർക്ക് ഇതുവരെ വാക്സിൻ നൽകാനായി. അതിനാൽ വാക്സിനേഷനെതിരെയുള്ള ഇത്തരം തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,69,37,665), 87 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (2,33,58,584) നൽകി. 15 മുതൽ 17 വയസുവരെയുള്ള 79 ശതമാനം (12,10,093) കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 47 ശതമാനം (7,26,199) പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. ഇതുകൂടാതെ കരുതൽ ഡോസിന് അർഹരായ 41 ശതമാനം പേർക്ക് (11,99,404) കരുതൽ ഡോസും നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് കുട്ടികളുടെ പരീക്ഷാ സമയമായതിനാലാണ് വാക്സിനേഷൻ വേണ്ടത്ര വേഗത്തിൽ നടക്കാത്തത്. അത് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വാക്സിനേഷൻ തുടങ്ങിയപ്പോൾ തന്നെ പറഞ്ഞതാണ്. പരീക്ഷകൾ കഴിഞ്ഞ ശേഷം ഇരു വകുപ്പുകളും സംയോജിച്ച് കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.