Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി

ആലപ്പുഴ: കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട് വിപുലമായ ആസൂത്രണമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നിരവധി പദ്ധതികള്‍ ഇതിനോടകം സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. കാര്‍ഷിക മേഖല അഭിവൃദ്ധി കൈവരിക്കുമ്പോള്‍ അതിന്റെ ഭാഗമായുണ്ടാകുന്ന ഉത്പാദന വര്‍ധനവ് കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുവേണ്ട സംവിധാനങ്ങളും ഒരുക്കും. കൃഷി വകുപ്പിനു പുറമെ, തദ്ദേശ സ്ഥാപനങ്ങളും സഹകരണ വകുപ്പും വ്യവസായ വകുപ്പും ഇതില്‍ പങ്കുചേരും.

ഉത്പാദന വര്‍ധനവിന് ആധുനിക, ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഇതിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന നിരവധി കര്‍ഷകര്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. പുതിയതായി നിരവധി ചെറുപ്പക്കാര്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നുവരുന്നത് ശുഭസൂചനയാണ്.

കോവിഡ് കാലത്ത് സര്‍ക്കാരിന്‍റെ ആഹ്വാനം സ്വീകരിച്ച് ആയിരക്കണക്കിനാളുകള്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ തയ്യാറായി. ഇത് സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ചേര്‍ത്തല ടൗണ്‍ എന്‍.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷനായിരുന്നു. ഞങ്ങളും കൃഷിയിലേക്ക് വിപുലമായ ജനകീയ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. ഒരിഞ്ചു മണ്ണുപോലും വെറുതെയിടാതെ നമുക്കാവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ആത്മാര്‍ത്ഥ പരിശ്രമം എല്ലാവരും നടത്തേണ്ടിയിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

കൃഷി ചെയ്യുന്നതില്‍ അഭിമാനം കണ്ടെത്തുന്ന സംസ്‌കാരത്തിലേക്ക് സമൂഹത്തെ നയിക്കുവാന്‍ പദ്ധതി ഉപകരിക്കുമെന്ന് ചടങ്ങില്‍ തൈ വിതരണം ഉദ്ഘാടനം ചെയ്ത ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.