കൽപ്പറ്റ: വയനാട്ടിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു. വയനാട്ടിലെ  വിവിധ സ്ഥലങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചു. മൂപ്പൈനാട്, പടിഞ്ഞാറത്തറ, പേര്യ ഭാഗങ്ങളിലാണ് കൂടുതൽ പേർക്ക് രോഗബാധ. ജില്ലയിലെ വിവിധഭാഗങ്ങളിൽനിന്ന് രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ആശങ്കപ്പെടേണ്ട രീതിയിൽ പകർച്ചവ്യാധി പടരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. എങ്കിലും പ്രത്യേക ശ്രദ്ധ നൽകാനും പ്രാദേശികമായി ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും യോഗം തീരുമാനിച്ചു. കുട്ടികളിൽ രോഗബാധ സ്ഥിരീകരിച്ചാൽ ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്. മൂപ്പൈനാട് രൂപപ്പെട്ട ചെറിയ ക്ലസ്റ്റർ സമയോചിതമായ ഇടപെടലുകളിലൂടെ നിയന്ത്രിക്കാനായെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.

സാധാരണഗതിയിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് രോഗം ബാധിക്കുന്നത്. വിട്ടുമാറാത്ത പനിയും ശരീരഭാഗങ്ങൾ ചുവന്നു തടിക്കുന്നതുമാണ് ലക്ഷണം. ദേഹത്താകെയും നാവിലും കൈവെള്ളയിലും പൊള്ളിയതുപോലെ കുമിളകൾ ഉണ്ടാകുന്നു. പൊതുവേ ചെറിയ കുഞ്ഞുങ്ങളായിരിക്കും രോഗബാധിതർ. കടുത്ത പനിക്കൊപ്പം കാലിലും കൈയിലും വായിലും ചുവന്ന കുമിളകൾപോലെ തുടുത്തുവരും. വേനൽക്കാലമായതിനാൽ ഇതു ചൂടുകുരുവാണെന്നും തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.

കൈവെള്ളയിലും കാൽവെള്ളയിലും പൃഷ്ഠഭാ​ഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും ഉണ്ടാവുന്നതാണ് പ്രധാനലക്ഷണം. കടുത്ത പനിയും അസഹ്യമായ വേദനയും ഉണ്ടാകും. ചൂടുള്ള വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോ​ഗിച്ച് കുളിപ്പിക്കാം. നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ആറുദിവസം വരെ നീണ്ടു നിൽക്കും. കുട്ടികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം.

ഓക്കാനം, ഛർദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും കൈപ്പത്തികളിലും പാദങ്ങളിലും നിതംബങ്ങളിലും ചിലപ്പോൾ ചുണ്ടുകളിലും കുമിളകളോ അതു പൊട്ടിയുള്ള വ്രണങ്ങളോ ഉണ്ടാകാം.