Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

മെയ് 17നകം ഗ്യാൻവാപി പള്ളി സർവേ പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് വാരണാസി കോടതി.

വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടുള്ള ഗ്യാന്‍വാപി പള്ളി കോംപ്ലക്സില്‍ വിഡിയോഗ്രഫി സര്‍വേക്ക് നിയോഗിച്ച അഭിഭാഷക കമീഷനെ മാറ്റാന്‍ കോടതി വിസമ്മതിച്ചു.

കേസിന്റെ അടുത്ത വാദം കേൾക്കുന്ന മെയ് 17 ന് സമ്പൂർണ്ണ സർവേ നടത്തി വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്,” ഹർജിക്കാരുടെ അഭിഭാഷകരിലൊരാളായ സുഭാഷ് നന്ദൻ ചതുർവേദി പറഞ്ഞു. കാരണം പറഞ്ഞ് സർവേ വൈകിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടത്തോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

സര്‍വേ തടയാന്‍ ഏതെങ്കിലും തരത്തില്‍ ശ്രമങ്ങളുണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജില്ല മജിസ്ട്രേറ്റിനോടും പൊലീസിനോടും ജില്ല കോടതി നിര്‍ദേശിച്ചു. വിഡിയോ ചിത്രീകരിക്കാന്‍ പള്ളിയുടെ രണ്ട് താഴെ നിലകള്‍ തുറന്നുനല്‍കണം. അടച്ചിട്ട താഴത്തെ നിലകളുടെ താക്കോല്‍ കിട്ടിയില്ലെങ്കില്‍ പൂട്ട് തകര്‍ക്കണമെന്നും ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി നിര്‍ദേശിച്ചു.

പള്ളിയുടെ പുറത്തെ മതിലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചില വിഗ്രഹങ്ങളില്‍ എല്ലാ ദിവസവും ആരാധന കര്‍മങ്ങള്‍ നടത്താന്‍ അനുമതി തേടി ഡല്‍ഹി സ്വദേശിനികളായ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് 2021 ഏപ്രില്‍ 18ന് ജഡ്ജി ദിവാകര്‍ വിഡിയോഗ്രഫി സര്‍വേക്ക് ഉത്തരവിട്ടത്. ശ്രീനഗര്‍ ഗൗരി, ഗണേശ, ഹനുമാന്‍, നന്തി വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ സൗകര്യം വേണമെന്നും വിഗ്രഹങ്ങള്‍ ആരെങ്കിലും കേടുവരുത്തുന്നത് തടയണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.

എന്നാല്‍, പള്ളിക്കകത്ത് വിഡിയോ ചിത്രീകരണം നടത്തുന്നത് പള്ളി കമ്മിറ്റി എതിര്‍ത്തു. ​അതേസമയം, മുറ്റത്ത് സര്‍വേ നടത്തുന്നതിനെ അനുകൂലിക്കുകയും ചെയ്തു. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം മേയ് ആറിന് വിഡിയോ സര്‍വേ ആരംഭിച്ചെങ്കിലും ഇതിനായി നിയോഗിച്ച അഭിഭാഷകന്‍ അജയ് കുമാര്‍ മിശ്ര നിഷ്പക്ഷനല്ലെന്ന പരാതി ഉയര്‍ന്നു. ഇദ്ദേഹത്തെ മാറ്റാന്‍ പള്ളി കമ്മിറ്റി കോടതി സമീപിച്ചു. തുടര്‍ന്നാണ് വിഡിയോ സര്‍വേ നീണ്ടുപോയത്.

അഭിഭാഷക കമീഷന്‍ അജയ് കുമാര്‍ മിശ്രയെ മാറ്റാന്‍ വിസമ്മതിച്ച കോടതി, അദ്ദേഹത്തെ സഹായിക്കാന്‍ രണ്ട് അഭിഭാഷകരെ കൂടി വ്യാഴാഴ്ച നിയോഗിച്ചു. പ്രത്യേക അഡ്വക്കറ്റ് കമീഷണറായി വിശാല്‍ സിങ്ങിനെയും അസിസ്റ്റന്റ് അഡ്വക്കറ്റ് കമീഷണറായി അജയ് പ്രതാപ് സിങ്ങിനെയുമാണ് നിയോഗിച്ചത്.

മിശ്രയും വിശാല്‍ സിങ്ങും ചേര്‍ന്ന് സര്‍വേ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം. ഇതില്‍ ഒരാളുടെ അഭാവമുണ്ടായാല്‍ മറ്റേയാള്‍ നടപടി മുന്നോട്ടു കൊണ്ടുപോകണം. ഗ്യാന്‍വാപി-ശ്രീനഗര്‍ ഗൗരി കോംപ്ലക്സില്‍ ദിവസവും രാവിലെ എട്ടിനും ഉച്ച 12നും ഇടയിലാണ് സര്‍വേ നടത്തേണ്ടത്. ഇത് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിക്കണം.

കോടതി ഉത്തരവിനെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. അഞ്ച് ദിവസത്തെ സര്‍വേയിലൂടെ സത്യം പുറത്തുവരുമെന്നും രാജ്യത്തിന് ഇക്കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും പറഞ്ഞ വി.എച്ച്‌.പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍, കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സഹകരിക്കാന്‍ പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടു.