Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

നബിയെ കുറിച്ച് വിവാദ പരാമർശം ; നൂപുർ ശർമ്മയെ സസ്പൻഡ് ചെയ്തു.

ലക്നൗ: കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഹമ്മദ് നബിയെക്കുറിച്ച്‌ ചാനല്‍ ചര്‍ച്ചയ്ക്കിടെ വിവാദ പരാമര്‍ശം നടത്തിയ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ്മയെ സസ്പന്‍ഡ് ചെയ്ത് പാര്‍ട്ടി ദേശീയ നേതൃത്വം.കൂടാതെ പാര്‍ട്ടിയുടെ ഡല്‍ഹി മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാളിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് മുഹമ്മദ് നബിയെക്കുറിച്ച്‌ നടത്തിയ വിവാദ പരാമര്‍ശമാണ് യു പിയിലെ കാണ്‍പൂരില്‍ സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം.

വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിനാലാണ് ചുമതലകളില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കുന്നതെന്ന് പാര്‍ട്ടി ഇരുവര്‍ക്കും അയച്ച കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പാര്‍ട്ടിയുടെ അന്വേഷണവും നേരിടണം.

സംവാദത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ മുസ്ലീം സമുദായത്തിന്റെ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ മഹാരാഷ്ട്രയിലും, പൂനെയിലും, മുംബയിലുമായി നിരവധി കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മത വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രത്യയശാസ്ത്രത്തെ ബി ജെ പി ശക്തമായി എതിര്‍ക്കുന്നു. അത്തരം ചിന്താഗതിക്കാരെയും തത്വചിന്തയെയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു.

പരാമര്‍ശത്തിന് പിന്നാലെ ഇവര്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങള്‍ വഴി വധഭീഷണിയും ഉയരുന്നുണ്ട്. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ മാര്‍ക്കറ്റിലെ കടകള്‍ അടച്ചിടണമെന്ന് പ്രദേശത്തെ മുസ്ലീം സംഘടനാ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇതിനെ കച്ചവടക്കാര്‍ എതിര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ കല്ലേറും, ലാത്തിച്ചാര്‍ജും ഉള്‍പ്പെടെ നടന്നിരുന്നു. ഇതില്‍ പൊലീസുകാര്‍ക്കുള്‍പ്പെടെ 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാണ്‍പൂരിലെ പ്രാദേശിക മുസ്ലീം നേതാവും മൗലാന മുഹമ്മദ് ജൗഹര്‍ അലി ഫാന്‍സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ ഹയാത്ത് സഫര്‍ ഹാഷ്മിയാണ് അക്രമത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറയുന്നു. കടകള്‍ അടച്ചിടണമെന്ന് ആഹ്വാനം ചെയ്തതും ഇയാളാണ്. ഹാഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് എസ് ഡി പി ഐയുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സംഘടനയുമായി ബന്ധമുള്ള രേഖകളും പൊലീസ് കണ്ടെടുത്തു.

കാണ്‍പൂരിലെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് ആകെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ 29 പേരെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതുവരെയുള്ള അറസ്റ്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.