Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ആരോപണം അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിര്‍ബന്ധമുള്ള ഞങ്ങള്‍ക്കെതിരേ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ ചില കോണുകളില്‍ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുകയാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകള്‍ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് ഈ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്ന് ഓര്‍മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.