Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

പ്രവാചക നിന്ദ: വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രതിഷേധം പാടില്ലെന്ന് മുസ്ലീം സംഘടനകള്‍.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒഴിവാക്കണമെന്ന് മുസ്ലീം സംഘടനകള്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചു.
ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ ഉത്തര്‍പ്രദേശ് യൂണിറ്റും സംസ്ഥാനത്തുടനീളമുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പള്ളികള്‍ക്ക് സമീപമുള്ള പ്രതിഷേധങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കരുതെന്ന് അനുഭാവികള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച ചില ജില്ലകളില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമത്തിലും തീവെപ്പിലും ഉള്‍പ്പെട്ടവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് നടപടി ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.

വിദ്വേഷ പ്രസംഗങ്ങളും ധര്‍ണകളും പ്രകടനങ്ങളും അക്രമ പ്രവര്‍ത്തനങ്ങളും ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്ന് എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

ജുമുഅ നമസ്‌കാരത്തിന് ശേഷം ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ധര്‍ണകള്‍, പ്രകടനങ്ങള്‍, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പാര്‍ട്ടി ഔദ്യോഗിക വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഷൗക്കത്ത് അലി പറഞ്ഞു.

എഎംഐഎം ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഷാ ആലമിനും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പ്രയാഗ്‌രാജ് പോലീസിനെ ഷൗക്കത്ത് അലി വിമര്‍ശിച്ചു. തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതെ യുപി പോലീസ് എഐഎംഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്ന് ഷൗക്കത്ത് ആരോപിച്ചു.

മൊറാദാബാദ്, പ്രയാഗ്‌രാജ്, സഹാറന്‍പൂര്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച സംഘടനകളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് എഐഎംഐഎം യുപി അധ്യക്ഷന്‍ ഉന്നയിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ഈ പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തുന്നതിന് ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുമ്ബോള്‍ സാമൂഹിക വിരുദ്ധരുടെയും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുടെയും കെണിയില്‍ വീഴരുതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സാദത്തുള്ള ഹുസൈനി മുസ്‌ലിം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.