Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

അഗ്നിപഥ് പ്രതിഷേധം: തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണം

ഗ്വാളിയോര്‍: കേന്ദ്രസര്‍ക്കാറിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ ട്രെയിനുകള്‍ക്ക് നേരെ വ്യാപക ആക്രമണം.

തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട 12643 നിസാമുദ്ദീന്‍ എക്സ്പ്രസിന് നേരെ ഗ്വാളിയോര്‍ സ്റ്റേഷനില്‍ ആക്രമണമുണ്ടായി. എ.സി കമ്ബാര്‍ട്ടുമെന്‍റുകളിലെ ഗ്ലാസുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ട്രെയിനില്‍ നിരവധി മലയാളികളാണ് ഉണ്ടായിരുന്നത്. ഇരുമ്ബ് വടികളും മറ്റുമായി കൂട്ടത്തോടെയെത്തിയവര്‍ ആക്രമിക്കുകയായിരുന്നെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും യാത്രക്കാര്‍ അറിയിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധം തുടരുകയാണ്. ബിഹാറിലെ നവാഡയില്‍ ബി.ജെ.പി ഓഫിസും പാര്‍ട്ടി എം.എല്‍.എ അരുണാ ദേവിയുടെ കാറും പ്രതിഷേധക്കാര്‍ തകര്‍ത്തു. എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പട്‌ന-രാജധാനി എക്‌സ്പ്രസ് പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു. പട്‌നയില്‍ 10 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ‘ഇന്ത്യന്‍ ആര്‍മി ലവേഴ്‌സ്’ എന്ന ബാനറില്‍ സംഘടിച്ചെത്തിയവര്‍ ബാബ്ഹുവാ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസിന്റെ ഒരു കോച്ചിന് തീയിട്ടു.

ജയ്പൂരില്‍ അജ്മീര്‍-ഡല്‍ഹി ദേശീയപാത ഉപരോധിച്ചു. ആഗ്രയിലും ജോധ്പൂരിലും പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. ഡല്‍ഹി നംഗ്ലോയി സ്റ്റേഷനില്‍ റെയില്‍ പാളത്തില്‍ പ്രതിഷേധം അരങ്ങേറി. ഹരിയാനയിലും പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് 22 ട്രെയിനുകള്‍ റദ്ദാക്കിയതായും അഞ്ചു ട്രെയിനുകള്‍ യാത്ര ഇടക്കു വെച്ച്‌ നിര്‍ത്തിയതായും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.

അതേസമയം, പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തില്‍ നടത്തുന്നുണ്ടെന്നും രണ്ട് വര്‍ഷത്തോളം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറയുന്നു. സേനയില്‍ നിശ്ചിത കാലം തൊഴില്‍ പരിശീലനം ലഭിക്കുന്ന യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ തുറന്നുകിട്ടുമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.

അഗ്നിപഥ് പദ്ധതി പ്രകാരം നാലുവര്‍ഷം സേവനം ചെയ്തവരില്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ് തുടര്‍ന്നും പ്രവര്‍ത്തിക്കാനാകുക. അല്ലാത്തവര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം പെന്‍ഷനോ മറ്റു ആനൂകൂല്യങ്ങളോ ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്. ഹ്രസ്വകാല നിയമനങ്ങള്‍ സേനകളുടെ മികവിനെ ബാധിക്കുമെന്ന് വിരമിച്ച ഉന്നത സൈനികര്‍ അഭിപ്രായപ്പെട്ടിരുന്നു.