Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

അഗ്നിപഥ് ; റിക്രൂട്ട്‌മെന്റ് തിയതികള്‍ പ്രഖ്യാപിച്ച്‌ സേനകള്‍.

ന്യൂഡല്‍ഹി: രാജ്യമെങ്ങും അഗ്നിപഥിനെതിരെ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം നടക്കവേ പദ്ധതിപ്രകാരമുള്ള റിക്രൂട്ട്‌മെന്റ് തിയതികള്‍ പ്രഖ്യാപിച്ച്‌ സേനകള്‍.

പദ്ധതിയെ കുറിച്ച്‌ വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കരസേന, നാവിക സേന, വ്യോമസേന എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിവരങ്ങള്‍ അറിയിച്ചത്.

കരസേനാ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കുമെന്നും പരിശീലനം രണ്ട് ഘട്ടമായി നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ട പരിശീലനം ഡിസംബര്‍ ആദ്യത്തിലും രണ്ടാംഘട്ടം ജനുവരി 23നും നടക്കുമെന്നും പറഞ്ഞു. കരസേനയില്‍ റിക്രൂട്ട്‌മെന്റ് ആഗസ്റ്റ് പകുതിക്ക് ശേഷം നടക്കുമെന്നും അതിന്റെ രജിസ്‌ട്രേഷന്‍ ജൂണ്‍ 24 മുതല്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും ആദ്യത്തെ ബാച്ചിന്റെ പ്രവേശനം ഡിസംബറില്‍ നടക്കുമെന്നും വ്യക്തമാക്കി. പരിശീലനം ഡിസംബര്‍ 30 നകം ആരംഭിക്കുമെന്നും പറഞ്ഞു.

അഗ്‌നിപഥ് നടപടികള്‍ ജൂണ്‍ 24 ന് ആരംഭിക്കുമെന്നും ആദ്യ ഘട്ട ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും എയര്‍ഫോഴ്‌സ് വക്താവ് അറിയിച്ചു. ആദ്യബാച്ചിന്റെ ട്രെയ്‌നിങ് ഡിസംബര്‍ 30 ന് തുടങ്ങുമെന്നും അഗ്‌നിവീറായി വനിതകള്‍ക്ക് അവസരം നല്‍കുമെന്നും പറഞ്ഞു.

നാവികസേനയും അഗ്‌നിപഥ് നടപടികളിലേക്ക് നീങ്ങുകയാണ്. ഈ മാസം 25ന് റിക്രൂട്ട്‌മെന്റ് പരസ്യം പ്രസിദ്ധീകരിക്കും. നാവികസേനയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഒരുമാസത്തിനകം നടക്കും. നവംബര്‍ 21ന് ആദ്യ ബാച്ച്‌ പരിശീലനം തുടങ്ങും- അധികൃതര്‍ അറിയിച്ചു. അതേസമയം, സമരങ്ങളില്‍ പങ്കെടുത്തു അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് അഗ്നിപഥില്‍ ഇടമുണ്ടാകില്ലെന്നും എഫ്.ഐ.ആറില്‍ പേരുള്ളവരെ ഒഴിവാക്കുമെന്നും ലെഫ്.ജനറല്‍ അനില്‍ പുരി അറിയിച്ചു. അച്ചടക്കം പരമപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അഗ്‌നിപഥ് അനിവാര്യമായി പരിഷ്‌കരണമെന്നും 1989 മുതല്‍ പദ്ധതിയെപ്പറ്റി ചര്‍ച്ച നടക്കുന്നുണ്ടന്നും പ്രതിരോധമന്ത്രാലയ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് ലക്ഷ്യമെന്നും സൈനിക പരിഷ്‌കാരത്തിന്റെ ഭാഗമായി 33 വര്‍ഷമായി പദ്ധതി ചര്‍ച്ചയിലുണ്ടെന്നും സൈനിക കാര്യ വകുപ്പ് അഡീ.സെക്രട്ടറി ലഫ്.ജനറല്‍ അനില്‍ പുരി പറഞ്ഞു. ജൂണ്‍ 14 ന് പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി പ്രകാരം സേനയിലെത്തുന്ന അഗ്‌നിവീരര്‍ക്ക് കാന്റീന്‍ ഇളവുകള്‍ ലഭിക്കുമെന്നും ഒരു കോടി രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

17,600 സൈനികര്‍ ഓരോ വര്‍ഷവും വിരമിക്കുന്നുണ്ടെന്നും വിരമിക്കുന്നവര്‍ എന്ത് ചെയ്യുന്നതായി ആരും ചോദിക്കാറില്ലെന്നും അനില്‍ പുരി ചൂണ്ടിക്കാട്ടി. വരും വര്‍ഷങ്ങളില്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ആദ്യഘട്ടത്തില്‍ മാത്രമാണ് 46,000 പേരെ എടുക്കുന്നതെന്നും പടിപടിയായി എണ്ണം വര്‍ധിപ്പിച്ചു 1.25 ലക്ഷം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.