Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഒരു പഞ്ചായത്തിൽ ഒരുത്പന്നം ലക്ഷ്യം: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: കേരളത്തിന്റെ കാർഷികമേഖലയിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി പുതിയൊരു അദ്ധ്യായം കൂട്ടിച്ചേർക്കുമെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ ഇനി ഒരിഞ്ച് സ്ഥലം പോലും നികത്തില്ലെന്നും ഒരിഞ്ച് ഭൂമി പോലും തരിശിടില്ലെന്നും ഉറപ്പു വരുത്താൻ പദ്ധതിയിലൂടെ സാധിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ പഴയ കാർഷിക സമൃദ്ധിയിലേക്ക് നമുക്ക് തിരിച്ചു പോകാനാകും. അധികം വരുന്ന കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നും മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതലായി നിർമ്മിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു ഉൽപ്പന്നം എന്ന രീതിയിലേക്ക് എത്താനാകണം. കുടുംബശ്രീ വഴി നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മികച്ച മാർക്കറ്റിങ്ങിലൂടെ വിദേശത്തടക്കം വിപണി കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും മന്ത്രി കൂട്ടിചേർത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സേവനം നൽകുന്നതിൽ മാത്രമായി ഒതുങ്ങാതെ തൊഴിൽ ദാതാവായി മാറണം. ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി സർവേയിലൂടെ ഏകദേശം അറുപതു ലക്ഷത്തോളം പേരെയാണ് തൊഴിലന്വേഷകരായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 15 നും 35 നും ഇടയിൽ പ്രായമുള്ള 35 ലക്ഷത്തോളം ആളുകളെ ഉടൻ തൊഴിലിനു പ്രാപ്തമാക്കും. ഒരു വാർഡിൽ ഒരു ഉദ്യോഗാർഥി എന്ന നിലയിലാണ് ആദ്യം തൊഴിൽ ലഭ്യമാക്കുന്നത്. കൂടാതെ ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതിയിലൂടെ 80 ശതമാനത്തോളം സംരംഭകരെ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. എല്ലാ പദ്ധതികളും പൂർത്തിയാക്കണമെങ്കിൽ ഉദ്യോഗസ്ഥരുടെ സഹകരണം അത്യാവശ്യമാണ്. ചിലരെങ്കിലും ഫയലുകളിൽ കാലതാമസം വരുത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മൂന്നുവർഷത്തിനപ്പുറം ഒരു ഉദ്യോഗസ്ഥനും ഒരേ സ്ഥാനത്തു തുടരുന്നത് അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പച്ചക്കറിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കാനും നല്ല ആരോഗ്യവും തൊലിവസര സൃഷ്ടിയും ലക്ഷ്യമിട്ടാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പിലാക്കിയതെന്നും മികച്ച പ്രതികരണം സംസ്ഥാനത്ത് ഉടനീളം ലഭിക്കുന്നുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. 10,000 കൃഷി കൂട്ടങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനകം തന്നെ 25000 കൃഷിക്കൂട്ടങ്ങൾ പദ്ധതിയുടെ ഭാഗമായി. സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്ക് ഏകീകൃത ശൃംഖല കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ട്. ഓരോ കൃഷി ഭവൻ കേന്ദ്രീകരിച്ചും ഓരോ ഉൽപ്പന്നം എന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടി ചേർത്തു.