Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന; ടീസ്റ്റ സെറ്റല്‍വാദിനെയും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും എ ടി എസ് അറസ്റ്റ് ചെയ്തു.

മുംബൈ: ആക്ടിവിസ്റ് ടീസ്റ്റ സെറ്റല്‍വാദിനെയും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകീട്ട് മൂന്നോടെ മുംബൈയിലെ വസതിയിലെത്തിയ ഗുജറാത്ത് ഭീകരവിരുദ്ധസേന (എ.ടി.എസ്) ടീസ്റ്റയെ കസ്റ്റഡിയിലെടുത്ത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് അഹ്മദാബാദിലേക്ക് കൊണ്ടു പോയി. ശ്രീകുമാറിനെ അഹ്മദാബാദില്‍നിന്ന് സംസ്ഥാന ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിനും ജസ്റ്റിസ് നാനാവതി കമീഷനും മുമ്ബാകെ വ്യാജ വിവരങ്ങളടങ്ങിയ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ച്‌ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച്‌ ടീസ്റ്റക്കും ശ്രീകുമാറിനും മുന്‍ ഡി.ഐ.ജി സഞ്ജീവ് ഭട്ടിനുമെതിരെ സംസ്ഥാന ക്രൈം ബ്രാഞ്ച് ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിയമപ്രക്രിയയെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിന് വെള്ളിയാഴ്ച സുപ്രീംകോടതി ഇവരെ വിമര്‍ശിക്കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഇതിനുപിന്നാലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സഞ്ജീവ് ഭട്ട് നേരത്തേ തന്നെ ജയിലിലാണ്. വീട്ടില്‍ അതിക്രമിച്ചുകയറി ടീസ്റ്റയെ കൈയേറ്റം ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ വിജയ് ഹിരേമത് ആരോപിച്ചു.

2002ലെ ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം ബി.ജെ.പി സര്‍ക്കാറിലെ 63 ഉന്നതരെയും വെള്ളിയാഴ്ച കുറ്റമുക്തരാക്കിയ സുപ്രീംകോടതി ടീസ്റ്റയും ശ്രീകുമാറും ഭട്ടും അടക്കമുള്ളവര്‍ നിയമപ്രക്രിയ ദുരുപയോഗം ചെയ്തതില്‍ പങ്കാളികളാണെന്നും അവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കണ​മെന്നും അഭി​പ്രായപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരിയുടെ ഭാര്യ സകിയ ജാഫരി മുഖ്യ ഹരജിക്കാരിയായ കേസില്‍ സഹ ഹരജിക്കാരിയായിരുന്നു ടീസ്റ്റ. ഇതിനുപിന്നാലെ ശനിയാഴ്ച എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും ടീസ്റ്റക്കെതിരെ രംഗത്തെത്തി. ടീസ്റ്റയുടെ എന്‍.ജി.ഒ നിരവധി ഇരകളുടേതെന്ന പേരില്‍ അവര്‍ പോലുമറിയാതെ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നുവെന്നാരോപിച്ച അമിത് ഷാ ഇതിന് അന്ന് കേന്ദ്രം ഭരിച്ച യു.പി.എ സര്‍ക്കാറില്‍നിന്ന് പിന്തുണ ലഭിച്ചതായും പറഞ്ഞിരുന്നു.