Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

സത്യം വിജയിക്കും, നിശബ്ദതയാണ് ഉത്തരം, പ്രകോപിതനാവില്ല: വിജയ് ബാബു.

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിശദീകരണവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. സത്യം വിജയിക്കുമെന്നും നിശബ്ദതതയാണ് ഉത്തരമെന്നും എന്തു സംഭവിച്ചാലും പ്രകോപിതനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പീഡനക്കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടിയുണ്ടായത്. ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കുമെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഫേസ് ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതോടെ നടി ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.

കേസിന് പിന്നാലെ ദുബൈയിലേക്ക് കടന്ന വിജയ് ബാബുവിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിക്കാരിയേയോ കുടുബത്തെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സോഷ്യല്‍ മീഡിയ വഴി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരണമുണ്ടാകരുത്, പൊലീസിന്റെ അനുമതിയില്ലാതെ കേരളം വിടരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.