Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

നൂപുര്‍ ശര്‍മ്മ നിരുപാധികം മാപ്പ് പറയണം : സുപ്രീം കോടതി.

ന്യൂഡല്‍ഹി:പ്രവാചക നിന്ദ നടത്തിയതിന് ബി.ജെ.പി പുറത്താക്കിയ മുന്‍വക്താവ് നൂപുര്‍ ശര്‍മ്മയെ അതിരൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി, അവര്‍ രാജ്യത്തോട് നിരുപാധികം മാപ്പപേക്ഷിക്കണമെന്ന് വാക്കാല്‍ പറഞ്ഞു.

നൂപുര്‍ ശര്‍മ്മയുടെ എല്ലില്ലാത്ത നാവ് രാജ്യത്താകെ വികാരങ്ങള്‍ക്ക് തീപിടിപ്പിച്ചു. ഇപ്പോള്‍ രാജ്യത്ത് സംഭവിക്കുന്നതിനെല്ലാം ഈ സ്ത്രീ മാത്രമാണ് ഉത്തരവാദി – ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് നൂപുറിന്റെ അഭിഭാഷകന്‍ മനിന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ എന്ന ഉപാധിയോടെയാണ് മാപ്പ് പറഞ്ഞതെന്നും അത് സ്വീകാര്യമല്ലെന്നും മാദ്ധ്യമങ്ങളിലൂടെ രാജ്യത്തോട് നിരുപാധികം മാപ്പ് പറയണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

അവര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായിരിക്കാം. അതുകൊണ്ട് അധികാരത്തിന്റെ പിന്‍ബലമുണ്ടെന്നും നിയമത്തെ മാനിക്കാതെ എന്തും പറയാമെന്നും കരുതിയോയെന്ന് ബെഞ്ച് ചോദിച്ചു.

തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ ചാര്‍ജ് ചെയ്ത കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ നൂപുര്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു.