Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

തിമ്മക്കയ്ക്ക് മന്ത്രിമാര്‍ക്ക് തുല്യമായ പദവി; പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയിലെ പരിസ്ഥിതി പ്രവര്‍ത്തകയും പത്മശ്രീ ജേതാവുമായ സാലുമരട തിമ്മക്കയ്ക്ക് പരിസ്ഥിതി അംബാസഡര്‍ പദവി നല്‍കാന്‍ തീരുമാനിച്ച്‌ കര്‍ണാടക സര്‍ക്കാര്‍.

ഇതിലൂടെ മന്ത്രിമാര്‍ക്ക് തുല്യമായ പദവിയായിരിക്കും തിമ്മക്കയ്ക്ക് ലഭിക്കുക. തിമ്മക്കയുടെ 111ാം ജന്മദിനച്ചടങ്ങിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ നാഷണല്‍ ഗ്രീനറി അവാര്‍ഡ് അദ്ദേഹം തിമ്മക്കയ്ക്ക് സമ്മാനിക്കുകയും ചെയ്തു.

പൊതുജനങ്ങളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് പരിസ്ഥിതി അംബാസഡറെ നിയോഗിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിമ്മക്കയുടെ ജന്മദേശത്ത് 10 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പദ്ധതിയുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയിലേക്ക് എത്തിക്കാന്‍ പ്രത്യേക വെബ്‌സൈറ്റും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് ഇതിന്റെ ചുമതല. ഇതിനുപുറമേ തിമ്മക്കയെക്കുറിച്ച്‌ വെബ് സിരീസ് നിര്‍മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തുമകുരുവിലെ ഗുബ്ബിയില്‍ 1910ല്‍ ആണ് തിമ്മക്ക ജനിച്ചത്. ഭര്‍ത്താവിനൊപ്പം ഹുളികല്‍കുണ്ടൂര്‍ പാതയില്‍ 45 കിലോമീറ്ററിലായി 385 ആല്‍മരങ്ങള്‍ നട്ടുപരിപാലിച്ചതോടെയാണ് സാലുമരട തിമ്മക്ക ശ്രദ്ധേയയാവുന്നത്. പിന്നീട് വിവിധ ഭാഗങ്ങളിലായി 8000ത്തോളം മറ്റ് മരങ്ങളും നട്ടുവളര്‍ത്തി. ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത തിമ്മക്ക പാറമടലിലെ തൊഴിലാളിയായായിരുന്നു.

കിലോമീറ്ററുകളോളം വെള്ളവുമായി സഞ്ചരിച്ച്‌ വൃക്ഷത്തൈകള്‍ നനയ്ക്കുന്ന തിമ്മക്ക ഒരുകാലത്ത് ഹുളികല്‍ കുണ്ടൂര്‍ പാതയിലെ സ്ഥിരം കാഴ്ചയായിരുന്നു. കഴിഞ്ഞമാസം ബെംഗളൂരു കെംപെഗൗഡ ലേഔട്ടില്‍ തിമ്മക്കയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഇവിടെ ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക.