Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഹിന്ദു ദൈവങ്ങളെ വികലമായി ചിത്രീകരിച്ചു; മാപ്പ് പറഞ്ഞ് ക്യാനഡയിലെ ആഗാഖാൻ മ്യൂസിയം.

ഒട്ടാവ: ടൊറന്റോയിലെ ആഖാ ഖാന്‍ മ്യൂസിയം അവതരിപ്പിക്കുന്ന ‘റിഥംസ് ഒഫ് കാനഡ’ എന്ന പരമ്ബരയുടെ ഭാഗമായി ലീന മണിമേഖല സംവിധാനം ചെയ്ത ‘കാളി’ ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ ചിത്രത്തിലെ പ്രകോപനപരമായ എല്ലാ ഭാഗങ്ങളും നീക്കണമെന്ന് ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കാനഡയോട് ആവശ്യപ്പെട്ടു.ഹിന്ദു ദൈവങ്ങളെ അനാദരിക്കുന്ന രീതിയിലുള്ളതാണ് ഡോക്യുമെന്ററിയുടെ പോസ്റ്ററെന്ന് കാനഡയിലെ മതനേതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണിത്. പോസ്റ്ററുകള്‍ പിന്‍വലിക്കണമെന്ന് ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ കനേഡിയന്‍ അധികൃതരെ അറിയിച്ചു. തുടർന്ന് ഹിന്ദുക്കള്‍ക്കും മറ്റ് മതവിശ്വാസികള്‍ക്കും സംഭവിച്ച അതിക്രമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ആഗാ ഖാന്‍ മ്യൂസിയം ചൊവ്വാഴ്ച പ്രസ്താവനയിറക്കി.

‘അണ്ടര്‍ ദ ടെന്റില്‍’ നിന്നുള്ള 18 ഹ്രസ്വ വീഡിയോകളില്‍ ഒരെണ്ണവും, അതിനോടൊപ്പമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റും അബദ്ധവശാല്‍ ഹിന്ദുക്കളിലും മറ്റ് വിശ്വാസി സമൂഹങ്ങളിലും ദ്രോഹത്തിന് കാരണമായതില്‍ ഖേദിക്കുന്നുവെന്ന് മ്യൂസിയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച്‌ പുകവലിക്കുന്ന സ്ത്രീയാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. മധുരയില്‍ ജനിച്ച്‌, കാനഡയിലെ ടൊറന്റോയില്‍ താമസിക്കുന്ന ലീന മണിമേഖല കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. ത്രിശൂലം, അരിവാള്‍ എന്നിവയ്ക്കാെപ്പം എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റെ പതാകയും ചിത്രത്തില്‍ കാണാം. പോസ്റ്റര്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച്‌ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ലീനയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, ആരാധനാലയങ്ങളിലെ കുറ്റകൃത്യം, മനഃപൂര്‍വമുള്ള മതവികാരം വ്രണപ്പെടുത്തല്‍, സമാധാന ലംഘനം സൃഷ്‌ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ‘ലീനയെ അറസ്റ്റ് ചെയ്യൂ’ എന്ന ഹാഷ്‌ടാഗും വൈറലായി.