Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

ലണ്ടന്‍: കഴിഞ്ഞ ദിവസങ്ങളിലായി ബ്രിട്ടണില്‍ തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക് .

പുതിയ പ്രധാനമന്ത്രി സ്‌ഥാനമേല്‍ക്കുന്നത് വരെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്‌ഥാനത്ത് തുടരും. രാഷ്‌ട്രീയത്തില്‍ ആരും അനിവാര്യരല്ലെന്ന പ്രഖ്യാപനത്തോടെയാണ് ബോറിസ് ജോണ്‍സന്‍ രാജി വെക്കുന്നതായി അറിയിച്ചത്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടി അടുത്തയാഴ്‌ച ആരംഭിക്കും.

ധനമന്ത്രി ഇന്ത്യന്‍ വംശജനായ ഋഷി സുനകും ആരോഗ്യമന്ത്രി പാക് വംശജനായ സാജിദ് ജാവിദും ചൊവ്വാഴ്‌ച വൈകിട്ട് അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് ബ്രിട്ടനില്‍ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് ആകെ 50ലധികം മന്ത്രിമാരാണ് 48 മണിക്കൂറിനുള്ളില്‍ രാജി സമര്‍പ്പിച്ചത്. മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജി പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ മാസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്. സര്‍ക്കാരിലും പ്രധാനമന്ത്രിയിലുമുള്ള വിശ്വാസം നഷ്‌ടപ്പെട്ടതാണ് രാജിക്ക് കാരണമെന്നാണ് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നത്. ലൈംഗിക പീഡനപരാതികളില്‍ ആരോപണ വിധേയനായ ക്രിസ്‌ഫിഞ്ചറിന് അനുകൂലമായി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ച നിലപാട് മന്ത്രിമാരുടെ വിയോജിപ്പിന് പ്രധാന കാരണമായിരുന്നു.