Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

വിജയ് മല്യക്ക് നാല് മാസം തടവും രണ്ടായിരം രൂപ പിഴയും.

വിവാദ വ്യവസായി വിജയ് മല്യക്ക് കോടതിയലക്ഷ്യ കേസില്‍ നാല് മാസം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷയായി വിധിച്ച്‌ സുപ്രീംകോടതി.ഒരു മാസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ കേസില്‍ കോടതി ഉത്തരവ് ലംഘിച്ച്‌ 2017ല്‍ മകള്‍ക്ക് 40 ദശലക്ഷം ഡോളര്‍ നല്‍കിയതില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരുടെ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് ലംഘിച്ച്‌ മകള്‍ക്ക് കൈമാറിയ 40 ദശലക്ഷം ഡോളര്‍ തിരികെ നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു.

ഇന്ത്യയിലെ മദ്യ വ്യവസായ രംഗത്തെ അതികായന്മാരില്‍ പ്രധാനിയായ, രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്യ എസ്ബിഐ ഉള്‍പ്പെടെ 13 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ച്‌ രണ്ടിനാണ് ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് കടന്നത്. തുടര്‍ന്ന് 2021ല്‍ വിജയ് മല്യയെ യുകെയിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു.ബ്രിട്ടനില്‍ മൂന്നു വര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷം, തുടര്‍നടപടികള്‍ക്കായി ഇന്ത്യയിലേക്കു നാടുകടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ് മല്യ.

നിലവില്‍ ബ്രിട്ടനില്‍ അഭയം ചോദിച്ച മല്യയുടെ അപേക്ഷ ബ്രിട്ടിഷ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. കിങ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും വിജയ് മല്യയ്‌ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഫ്രാന്‍സിലെ 14 കോടിയിലേറെ വിലമതിക്കുന്ന വിജയ് മല്യയുടെ സ്വത്തുക്കള്‍ ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് അധികൃതര്‍ കണ്ടുകെട്ടിയിരുന്നു.