Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് വളര്‍ത്തുനായകള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി .

തിരുവനന്തപുരം: പേ വിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മപരിപാടി ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നായകളുടെ കടി രണ്ടും മൂന്നും ഇരട്ടി വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.

പേ വിഷബാധയ്‌ക്കെതിരെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ സുപ്രധാനങ്ങളായ തീരുമാനങ്ങളെടുത്തു.

വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായകള്‍ക്കും നിര്‍ബന്ധമായും വാക്‌സിനേഷന്‍ എടുക്കാന്‍ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങുന്ന ചിപ്പ് നായകള്‍ക്ക് ഘടിപ്പിക്കേണ്ടതാണ്.

തെരുവ് നായകളുടെ വന്ധ്യംകരണ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കും. ഇതിനായി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമായുള്ള സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി വഴി എബിസി പ്രോഗ്രാം നടപ്പിലാക്കും.

ആരോഗ്യ വകുപ്പ് പേ വിഷബാധയ്‌ക്കെതിരായ അവബോധം ശക്തമാക്കും. വാക്‌സിന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. പൂച്ച, പട്ടി തുടങ്ങിയ മൃഗങ്ങളുടെ കടിയോ, പോറലോ ഏറ്റാല്‍ പോലും ചികിത്സ തേടേണ്ടതാണ്. എല്ലാവരും കൃത്യസമയത്ത് വാക്‌സിന്‍ എടുക്കണം.