Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ക്യാപ്റ്റന്‍ ലക്ഷ്മി: ദേശസേവനത്തിന്റെ മഹനീയമാതൃക

രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിനെ കുറിച്ചുള്ള ഒരു ഓര്‍മ്മക്കുറിപ്പ്‌.

ഋഷിപ്രോക്തസൂക്തങ്ങളുടെ അനുരണനം കേട്ടുവളര്‍ന്ന ഭാരതത്തിന്റെ നന്മകളെ ലോകം കൗതുകക്കണ്ണുകളോടെ ഉറ്റുനോക്കിയിരുന്ന ഒരുകാലം. ഭാരതത്തിന്റെ സമൃദ്ധി സ്വന്തം നാടിന്റെ ഉയര്‍ച്ചയ്ക്കായി ചൂഷണം ചെയ്യുവാനെത്തിയ സാമ്രാജ്യത്വശക്തികള്‍ക്കെതിരായി സ്വന്തം ജീവിതംകൊണ്ട് പോരാടിയ സമര്‍പ്പിതചിത്തരായ ഒട്ടേറെ വ്യക്തിത്വങ്ങളുടെ ജീവശ്വാസമാണ്, സ്വാതന്ത്രേ്യാദയമാരുതനായി ഇന്ത്യന്‍ പതാകയെ വാനിലുയര്‍ത്തിയത്. ദേശസ്‌നേഹിയായ ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ നിറമാര്‍ന്ന്, ആ ത്രിവര്‍ണ്ണപതാക ഇന്നും ഉയര്‍ന്നു പാറുമ്പോള്‍ ജീവന്റെ അവസാനകണിക വരെയും രാഷ്ട്രത്തിന്റെ വിമോചനത്തിനായര്‍പ്പിച്ച മഹത്തുക്കളുടെ ചരിത്രം നമ്മുടെ ഓര്‍മ്മകളില്‍ തിളങ്ങുന്നു. സമരത്തിന്റയും സഹനത്തിന്റെയും സേവനത്തിന്റെയും പന്ഥാവുകളില്‍ അര്‍പ്പിതാത്മാക്കളായി അവര്‍ മുന്നേറിയതുകൊണ്ടുമാത്രം ലഭിച്ച സ്വാതന്ത്ര്യം ഒരു വരദാനമെന്ന പോലെ നാം ആത്മാവിലേറ്റുന്നു. ഹൃദയപൂര്‍വ്വമേറ്റു പാടുന്ന സ്വാതന്ത്ര്യഗീതങ്ങളില്‍, ഭാരത് മാതാകീ ജയ് എന്ന മുദ്രാവാക്യത്തില്‍, അഭിമാനപൂര്‍വ്വം നാം വാനിലേക്കുയര്‍ത്തുന്ന ത്രിവര്‍ണ്ണപതാകയുടെ ഇളകിപ്പറക്കലില്‍ അവരുടെ ത്യാഗത്തെ നാം പ്രഘോഷിക്കുന്നു

കാലത്തിന്റെ മായായവനികയ്ക്കുള്ളില്‍ മറഞ്ഞാലും ഓര്‍മ്മകളിലൂടെ പുനര്‍ജ്ജനിക്കുന്ന, മഹത്വത്തിന്റെ തിളക്കമുള്ള അത്തരം വ്യക്തിത്വങ്ങളാണ് ഭാവിതലമുറയുടെ മാതൃകകളാകേണ്ടത്. അവരുടെ ഊര്‍ജ്ജവും കരുത്തുമാകേണ്ടത്. സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ ഈശ്വരതുല്യരെന്ന് വാഴ്ത്തപ്പെട്ട അത്തരം വ്യക്തിത്വങ്ങളിലൊന്നാണ് ക്യാപ്റ്റന്‍ ലക്ഷ്മി. നാമശ്രവണമാത്രയില്‍ അഭിമാനവും ആദരവും കൊണ്ട് നമ്മുടെ അന്തരംഗങ്ങളില്‍ അനുരണനം സൃഷ്ടിക്കുന്ന ലക്ഷ്മിസ്വാമിനാഥന്‍ എന്ന ക്യാപ്റ്റര്‍ ലക്ഷ്മി ഭാരതത്തിലെ സ്ത്രീകള്‍ക്ക് ഇന്നും ഒരാവേശം തന്നെയാണ്.

പാലക്കാട്ടുള്ള വടക്കത്ത് തറവാടിലെ അമ്മുക്കുട്ടിയുടെയും മദ്രാസ്സിലെ തമിഴ്ബ്രാഹ്മണകുടുംബത്തിലെ അംഗമായ സ്വാമിനാഥന്റെയും മകളായി 1914 ഒക്‌ടോബര്‍ 24 നാണ് ക്യാപ്റ്റന്‍ ലക്ഷ്മി ജനിച്ചത്. സാമൂഹ്യപ്രവര്‍ത്തകയും സ്വാതന്ത്ര്യസമര സേനാനിയുമായ അമ്മ അമ്മു സ്വാമിനാഥനില്‍ നിന്നും മദ്രാസ്സ് ഹൈക്കോടതിയിലെ ക്രിമിനല്‍ വക്കീലായിരുന്ന അച്ഛന്‍ സ്വാമിനാഥനില്‍ നിന്നും സാമൂഹ്യബോധത്തിന്റെ ആദ്യപാഠങ്ങള്‍ അവര്‍ ഉള്‍ക്കൊണ്ടു. യാഥാസ്ഥിതിക നായര്‍ കുടുംബത്തിലെ സന്തതിയായിട്ടുകൂടി ജാതിവ്യവസ്ഥയ്‌ക്കെതിരായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന അമ്മ എ വി അമ്മുക്കുട്ടിയുടെ ചിന്തകളെ മകള്‍ സ്വാംശീകരിച്ചു. ലോകാസമസ്താസുഖിനോഭവന്തു എന്ന ഭാരതീയാദര്‍ശത്തെ അവര്‍ സ്വയംവരിച്ചു. ലക്ഷ്മിയുടെ ആദ്യത്തെ പ്രതിഷേധവും ഒരു പക്ഷേ ജാതിവ്യവസ്ഥയ്‌ക്കെതിരെയായിരുന്നു.
സാമൂഹ്യസേവനത്തിനായി സ്വയമര്‍പ്പിച്ച സ്വന്തം അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ അവളതിനുത്തരം കണ്ടു പിടിച്ചു. താന്‍ സ്വീകരിക്കേണ്ട നിലപാടെന്തെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവളത് പ്രാവര്‍ത്തികമാക്കിയത് ആദിവാസിവിഭാഗത്തിലെ ഒരു പെണ്‍കുട്ടിയെ കൈകോര്‍ത്തു പിടിച്ച് അവളോടൊപ്പം കളിക്കുന്നതിലൂടെയായിരുന്നു. അതിശക്തമായ എതിര്‍പ്പ് മുത്തശ്ശിയില്‍ നിന്നുണ്ടായെങ്കിലും അവളതില്‍ വിജയിക്കുക തന്നെ ചെയ്തു.

സ്‌കൂള്‍ ദിനങ്ങളില്‍ തന്നെ ഭാരതത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാതന്ത്ര്യസമരത്തോടൊപ്പം തന്നെ പോരാടേണ്ട നിരവധി അനാചാരങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ലക്ഷ്മി തിരിച്ചറിഞ്ഞു. പകലിരവുകള്‍ കൈമെയ് മറന്നു പണിയെടുക്കുന്ന പട്ടിണിപ്പാവങ്ങളായ അധ:കൃത വര്‍ഗ്ഗക്കാര്‍ പൊതു നിരത്തുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നതും അകറ്റിനിര്‍ത്തപ്പെടുന്നതും കണ്ട് അവളുടെ കൊച്ചുമനസ്സു വേദനിച്ചു. കളിച്ചു നടക്കേണ്ട ചെറുപ്രായത്തില്‍ പെണ്‍കുട്ടികളെ ശൈശവവിവാഹം കഴിപ്പിക്കുന്നതും അവര്‍ അടുക്കളയിലേക്ക് ഒതുക്കപ്പെടുന്നതും അവള്‍ കണ്ടു. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് സധൈര്യം നടന്നടുക്കുന്ന അമ്മ അവളില്‍ ആവേശം പകര്‍ന്നു. കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകയായ അമ്മ വിദേശവസ്തുക്കളുടെ ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായി തന്റെ വിലപിടിച്ച വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും അഗ്നിക്കിരയാക്കുന്നതു കണ്ട ലക്ഷ്മി ദേശാഭിമാനത്താല്‍ പുളകം കൊണ്ടു.

സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ മനസ്സില്‍ വേരോടിയിരുന്ന സാമൂഹ്യബോധവും സേവനതാത്പര്യവും ലക്ഷ്മിയെ ആതുരരുടെ കണ്ണീരൊപ്പുന്ന ഭിഷഗ്വരയാകാന്‍ പ്രേരിപ്പിച്ചു. ക്വീന്‍ മേരി കോളേജിലെ പഠനത്തിനു ശേഷം മദ്രാസ്സ് ക്രിസ്റ്റ്യന്‍കോളേജില്‍ എം ബി ബി എസിനു ചേര്‍ന്ന ലക്ഷ്മിയുടെ സ്വപ്നം ഭാരതത്തിലെ ജനങ്ങള്‍ക്കിടയിലെ ആതുരശുശ്രൂഷാ പ്രവര്‍ത്തനങ്ങളായിരുന്നു. എം ബി ബി എസ് കഴിഞ്ഞ ശേഷം ഗൈനക്കോളജിയില്‍ ഡിപ്ലോമനേടിയ അവര്‍ മദ്രാസ്സിലെ ഗവണ്‍മെന്റ് കസ്തൂര്‍ബ്ബാ ഗാന്ധി ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിച്ചു. 1940ല്‍ സിംഗപ്പൂരിലേക്ക് പോയ അവര്‍ അവിടെ ദരിദ്രര്‍ക്കായി ഒരു ക്ലിനിക്ക് ആരംഭിച്ചു. സിംഗപ്പൂരില്‍ വച്ച് സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍നാഷണല്‍ ആര്‍മിയിലുള്‍പ്പെട്ട ചിലരെ പരിചയപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് ഭാരതത്തിന്റെ മോചനമാഗ്രഹിച്ചിരുന്ന ദേശസ്‌നേഹിയായ ലക്ഷ്മിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ സംഭവം. ഭാരതസ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലേക്ക് അവര്‍ ആകൃഷ്ടയാകുകയും ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു.

യുദ്ധതടവുകാരായി പിടിക്കപ്പെട്ടവരുടെ ശുശ്രൂഷ സ്വയം ഏറ്റെടുത്തുകൊണ്ട് ലക്ഷ്മി രാജ്യസേവനത്തിലേക്കു പദമൂന്നി. 1943ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു വനിതാസേനാഗണം രൂപീകരിക്കുകയെന്ന ലക്ഷ്യവുമായി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരില്‍ വന്നപ്പോള്‍ അത്തരമൊരു സേനയെ നയിക്കാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് ലക്ഷ്മീ സ്വാമിനാഥനായിരുന്നു. അങ്ങനെ ആസാദ് ഹിന്ദ് ഫൗജിന്റെ അനിഷേധ്യ അംഗമായി, ഝാന്‍സിറാണി റെജിമെന്റ് എന്ന പേരിലുള്ള വനിതാസേനാഗണത്തിന്റെ നായികയായി അവര്‍ അവരോധിക്കപ്പെട്ടു. തന്റെ ക്ലിനിക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ഭാരതീയ സ്വതന്ത്ര്യസമരത്തിന് പെണ്‍കരുത്തായിമാറാന്‍ തയ്യാറുള്ളവരെ ചേര്‍ത്ത് ഝാന്‍സിറാണി റെജിമെന്റ് വികസിപ്പിക്കുന്നതിന് അവര്‍ അക്ഷീണം പ്രവര്‍ത്തിച്ചു. പരിശീലനം സിദ്ധിച്ച വീരാംഗനമാരുടെ സൈന്യം പോരാട്ടത്തിന് തയ്യാറായി.

ജനം ആദരപൂര്‍വ്വം അവരെ ക്യാപ്റ്റന്‍ ലക്ഷ്മി എന്നു വിളിച്ചു. സമരമുഖത്ത് പോരാടുന്നതിലും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിലും ഒരുപോലെ ശ്രദ്ധ പുലര്‍ത്തിക്കൊണ്ട് അവര്‍ ഭാരതാംബയുടെ പാദങ്ങളില്‍ തന്നെത്തന്നെ സമര്‍പ്പിച്ചു. നിസ്വാര്‍ത്ഥമായ തന്റെ സേവനം നിമിത്തം ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായ ക്യാപറ്റന്‍ ലക്ഷ്മിയെ ബ്രിട്ടീഷ് സൈന്യം പിടികൂടി ഇന്ത്യയിലേക്കു കൊണ്ടു വന്നു. ഇന്ത്യയിലെ ജനങ്ങള്‍ ആര്‍പ്പുവിളികളോടെ വീരോചിതമായ രീതിയില്‍ ഭാരതത്തിന്റെ ആ പ്രിയപുത്രിയെ സ്വീകരിച്ചു. അവരെ തടവില്‍ പാര്‍പ്പിക്കുന്നത് ബുദ്ധിപൂര്‍വ്വകമാകില്ലെന്ന് ഭാരതീയര്‍ക്ക് അവരോടുള്ള സ്‌നേഹാദരങ്ങള്‍ നേരിട്ടു കണ്ടറിഞ്ഞ ബ്രിട്ടീഷുകാര്‍ക്ക് മനസ്സിലായതിനാല്‍ അവരെ മോചിതയാക്കി

കൂടുതുറന്നു വിട്ട സിംഹിയെപ്പോലെ അവര്‍ തങ്ങള്‍ക്കു വിനാശകാരിയാകുന്നതാണ് ബ്രിട്ടീഷുകാര്‍ പിന്നീടു കണ്ടത്. തടവിലാക്കപ്പെട്ട ഐ എന്‍ എ പ്രവര്‍ത്തകരുടെ മോചനത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ധനശേഖരണം നടത്തുകയും ചെയ്ത അവര്‍ സാമ്രാജ്യത്വത്തിനെതിരായി ജനവികാരം ഇളക്കി വിട്ടുകൊണ്ട് ഭാരതത്തിലുടനീളം സഞ്ചരിച്ചു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം അവരുടെ ആഹ്വാനങ്ങള്‍ ഏറ്റെടുത്തു. ഐ എന്‍ എ പ്രവര്‍ത്തകനായ കേണല്‍ പ്രേംകുമാര്‍ സൈഗാളിനെ വിവാഹംകഴിച്ച ലക്ഷ്മി കാണ്‍പൂരില്‍ താമസിച്ചുകൊണ്ട് തന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഇന്ത്യാ-പാക് വിഭജനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥി പ്രവാഹമുണ്ടായപ്പോള്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള വൈദ്യസഹായമെത്തിക്കുന്നതില്‍ ക്യാപ്റ്റന്‍ ലക്ഷ്മി പ്രമുഖ പങ്കുവഹിച്ചു. അശരണരായ അഭയാര്‍ത്ഥികള്‍ക്കായി അവര്‍ ആരംഭിച്ച പ്രസവചികിത്സാകേന്ദ്രം ഇന്നും മനുഷ്യസേവനത്തിന്റെ മഹനീയമാതൃകയായി കാണ്‍പൂരില്‍ നിലനില്‍ക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ അരുണോദയം സ്വപ്നം കണ്ടിരുന്ന ദേശസ്‌നേഹികളുടെ മനസ്സിനെ കുളിരണിയിച്ചുകൊണ്ട് ഒടുവില്‍ ഇന്ത്യ സ്വതന്ത്രയായി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആതുരസേവനരംഗത്ത് സജീവമായി നില്‍ക്കെതന്നെ 1971ല്‍ അവര്‍ ഇടതുപക്ഷരാഷ്ട്രീയരംഗത്ത് പ്രവര്‍ത്തനമാരംഭിച്ചു. 1981ല്‍ രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകൃതമായപ്പോള്‍ സമരവും സേവനവും കൈമുതലാക്കിയ ക്യാപ്റ്റന്‍ ല്കഷ്മിയുടെ കൈകളിലേക്ക് അതിന്റെ ഉപാധ്യക്ഷ സ്ഥാനം സ്വാഭാവികമായിത്തന്നെ വന്നുചേര്‍ന്നു. 1984ല്‍ ഇന്ദിരാവധത്തെത്തുടര്‍ന്ന് സിഖ് വിരുദ്ധ കലാപം കൊടുമ്പിരിക്കൊണ്ടപ്പോള്‍ സിഖുകാരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നതിന് ക്യാപ്റ്റന്‍ ലക്ഷ്മിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ദുര്‍ബലരുടെയും വേട്ടയാടപ്പെടുന്നവരുടെയും പക്ഷത്താണ് താനെന്ന് അവരതിലൂടെ തെളിയിച്ചു. ജീവിതം തന്നെ സേവനമാക്കിയ ആ ധീരവനിതയ്ക്ക് 1998ല്‍ പദ്മവിഭൂഷണ്‍ നല്കി രാജ്യം അവരെ ആദരിച്ചു.

2002ല്‍ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഡോ എ പി ജെ അബ്ദുല്‍കലാമിന്റെ ഏക എതിരാളിയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. ഭാഗ്യം അവരെ തുണച്ചില്ല. എങ്കിലും 2012 ജൂലൈ 23 ന്, 97-ാം വയസ്സില്‍ അന്തരിക്കുന്നതു വരെയും സാമൂഹ്യസേവനത്തിനായി ഉഴിഞ്ഞു വച്ച തന്റെ നിസ്വാര്‍ത്ഥമായ ദിനങ്ങള്‍ ക്യാപ്റ്റന്‍ ലക്ഷ്മി സാര്‍ത്ഥകമാക്കുകയായിരുന്നു. കാണ്‍പൂരില്‍ വച്ച് അവസാനമായി മിടിച്ച ആ ഹൃദയം ലോകത്തോട് ഇപ്രകാരം മന്ത്രിച്ചിട്ടുണ്ടാവാം. ” ധന്യമാണിന്നെന്റെ ജീവിതം. എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്തു. എനിക്കു ശേഷം നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ എന്റെ പിന്‍മുറക്കാരെ ഞാന്‍ ശേഷിപ്പിക്കുന്നു.” അതെ അമ്മയുടെ കാല്പ്പാടുകളെ പിന്‍തുടരുന്ന മകള്‍ സുഭാഷിണി അലിയെയും മറ്റൊരു മകള്‍ അനീസപുരിയെയും ലേകത്തിനു സമ്മാനിച്ചുകൊണ്ട് അവര്‍ ഈ ലോകത്തു നിന്നു വിടവാങ്ങിയത് സ്വാതന്ത്ര്യസമരചരിത്രത്തില്‍ തന്റേതായ ഒരു ഏട് എഴുതിച്ചേര്‍ത്തുകൊണ്ടാണ്. അതിന് ഭാരതീയര്‍ ആ മഹാ വ്യക്തിത്വത്തോട് എന്നും കടപ്പെട്ടിരിക്കുന്നു.

(രചന: ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍)