Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

വീണ്ടും നിതീഷ് .

ന്യൂഡല്‍ഹി: എന്‍.ഡി.എ വിട്ട് മഹാഗഡ്ബന്ധന്റെ ഭാഗമായ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി എട്ടാമതും സത്യപ്രതിജ്ഞ ചെയ്‌തു .

2014ല്‍ വിജയിച്ച്‌ അധികാരത്തില്‍ വന്നവര്‍ക്ക് 2024ലും വിജയിക്കാനാകുമോയെന്ന് നിതീഷ്, 2014ലെ സാഹചര്യമാകില്ല 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിടേണ്ടി വരികയെന്ന് മുന്നറിയിപ്പ് നല്‍കി.

2024ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് പാട്‌ന രാജ്‌ഭവനില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ നിതീഷിന് ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവും അധികാരമേറ്റു. ആഭ്യന്തരം അടക്കമുള്ള വകുപ്പുകളുടെ വിഭജന ചര്‍ച്ച തുടരുന്നു.
ആര്‍.ജെ.ഡി നേതാവും മുന്‍മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകന്‍ തേജ് പ്രതാപ് യാദവ്, തേജസ്വിയുടെ ഭാര്യ രാജ്ശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന ലാലു പ്രസാദ് യാദവുമായി സത്യപ്രതിജ്ഞയ്‌ക്ക് മുമ്ബ് നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചു.

തന്റെ മാര്‍ഗം പിന്തുടര്‍ന്ന് ബി.ജെ.പിയുമായി പിരിഞ്ഞ് മഹാസഖ്യത്തില്‍ അണിചേരാന്‍ നിതീഷ് കുമാര്‍ പ്രതിപക്ഷ കക്ഷികളെ ആഹ്വാനം ചെയ്‌തു.

എന്‍.ഡി.എ വിടാനുള്ള തീരുമാനം ജെ.ഡി.യു ഏകകണ്ഠമായാണെടുത്തത്. 2020ല്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നില്ല. അന്ന് ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയായത്. 2024ല്‍ എന്തു സംഭവിക്കുമെന്നറിയില്ല. പക്ഷേ, 2014ല്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല.

-നിതീഷ്‌കുമാര്‍

ജെ.ഡി.യുവിനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല: സുശീല്‍ മോഡി

മഹാരാഷ്‌ട്രയില്‍ ശിവസേനയ്ക്കെതിരെയും ബീഹാറില്‍ ജെ.ഡി.യുവിനെതിരെയും നീങ്ങിയിട്ടില്ലെന്ന് ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി പറഞ്ഞു. സഖ്യകക്ഷികളെയൊന്നും ഞങ്ങള്‍ തകര്‍ത്തിട്ടില്ല. ശിവസേന സഖ്യകക്ഷിയായിരുന്നില്ല. ബി.ജെ.പി ആരെയും വഞ്ചിച്ചിട്ടില്ല. ഞങ്ങള്‍ നിതീഷ് കുമാറിനെ അഞ്ച് തവണ മുഖ്യമന്ത്രിയാക്കി.

ഇനി ആര്‍.ജെ.ഡിയാണ് കാര്യങ്ങള്‍ തീരുമാനിക്കുക. യഥാര്‍ത്ഥ മുഖ്യമന്ത്രി തേജസ്വിയായിരിക്കുമെന്നും സുശീല്‍ ചൂണ്ടിക്കാട്ടി.

നിതീഷ് കുമാറുമായി അടുപ്പമുണ്ടായിരുന്ന സുശീല്‍ മോഡിയെ രാജ്യസഭാംഗമാക്കിയതാണ് ജെ.ഡി.യുവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ശ്രുതിയുണ്ട്. സുശീല്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്ന് നിതീഷ് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിമര്‍ശിച്ച്‌ പ്രശാന്ത് കിഷോര്‍

നിതീഷ് കുമാര്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാരില്‍ വീണ്ടും മുഖ്യമന്ത്രിയായത് ബീഹാറിലെ രാഷ്ട്രീയ അസ്ഥിരതയുടെ അടുത്ത അദ്ധ്യായമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചേക്കില്ലെന്നും ബീഹാറില്‍ തുടരാനാണ് സാദ്ധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ജെ.ഡി.യുക്കാരനായ പ്രശാന്ത് കിഷോര്‍ ഒരു തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ പ്രചാരണ ചുമതല വഹിച്ചിരുന്നു.