Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

അക്കാമ്മ ചെറിയാന്‍: തിരുവിതാംകൂറിന്റെ ഝാന്‍സി റാണി

സ്വാതന്ത്രസമര ചരിത്രത്തില്‍ കേരളത്തിലെ ഏറ്റവും ധീരോദാത്തമായ ഏടാണ് അക്കാമ്മ ചെറിയാന്‍. അന്നത്തെ പട്ടാളത്തിനെയും പോലീസിനെയും വെല്ലുവിളിച്ച് പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഇതിഹാസമായി മാറിയ അക്കാമ്മ ചെറിയാന്‍ സമാനതകളില്ലാത്ത, താരതമ്യങ്ങളില്ലാത്ത സമരവീര്യത്തിന്റെ പ്രതീകമാണ്. ‘വെടി വെയ്ക്കുന്നെങ്കില്‍ എന്റെ നെഞ്ചില്‍ ആദ്യം വെടിവെയ്ക്കുക’ എന്നുപറഞ്ഞ് പട്ടാളത്തെ വെല്ലുവിളിച്ച അക്കാമ്മ ചെറിയാന് പകരം വെയ്ക്കാന്‍ മറ്റാരുണ്ട്? തിരുവിതാംകൂറിന്റെ ജാന്‍സിറാണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ധീരവനിത ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തിലെ അഗ്നിനക്ഷത്രമാണ്.

യാഥാസ്ഥിതിക ജീവിതപാരമ്പര്യത്തില്‍ നിന്നും കുതറിമാറി സ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനും വേണ്ടി സമര്‍പ്പിച്ച സംഭവബഹുലമായിരുന്ന ജീവിതമായിരുന്നു ആ മഹതിയുടേത്. തന്റെ സേവനം രാജ്യത്തിനു ആവശ്യമുണ്ടെന്നു തിരിച്ചറിഞ്ഞ അവര്‍ ജോലി രാജിവെച്ചാണ് ദേശസേവനത്തിന് ഇറങ്ങിത്തിരിച്ചത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച അവര്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ക്കും തിരുവിതാംകൂര്‍ രാജാവിനുമെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നിരവധി തവണ ജയില്‍വാസം അനുഭവിച്ചു.

കാഞ്ഞിരപ്പള്ളിയിലെ പ്രശസ്തമായ കാരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റെ രണ്ടാമത്തെ മകളായി 1909 ഫെബ്രുവരി 14 നാണ് അക്കാമ്മയുടെ ജനനം. കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി സെന്റ്. ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം സെന്റ്. തെരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും നേടി. തുടര്‍ന്ന് കാഞ്ഞിരപ്പളി സെന്റ് മേരീസ് സ്‌കൂളില്‍ പ്രധാനാധ്യാപികയായി ജോലി നോക്കി. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ജോലി രാജിവെച്ച് അവര്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്കിറങ്ങി. ദേശാഭിമാനിയും ദേശീയവാദിയുമായിരുന്ന പിതാവിന്റെ ചുവടു പിന്‍തുടര്‍ന്നാണ് മകളും സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയത്. സഹോദരിമാരായ റോസമ്മയും പെണ്ണമ്മയും സഹോദരന്‍ ചെറിയാനും ആ സമരപാതയില്‍ അവരോടൊപ്പമുണ്ടായിരുന്നു.

അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ ഝാന്‍സിറാണി എന്നു വിശേഷിപ്പിച്ചത് സാക്ഷാല്‍ മഹാത്മാഗാന്ധിയാണ്. 1938 ല്‍ വെറും 28 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അക്കാമ്മ ഒരുലക്ഷത്തോളം വരുന്ന സ്‌റ്റേറ്റ് കോണ്‍ഗ്രസ് വോളണ്ടിയര്‍മാരുമായി രാജകൊട്ടാരം വളഞ്ഞ് മഹാരാജാവിനെ ഉപരോധിച്ചു. പട്ടം താണുപിള്ള ഉള്‍പ്പെടെയുള്ള സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരെ ദിവാന്‍ സര്‍ സി പി അന്യായമായി തടങ്കലില്‍ വെച്ചതിനെതിരെയാണ് അവര്‍ ഉപരോധം സംഘടിപ്പിച്ചത്. ആ ഉപരോധത്തിലൂടെ നേതാക്കന്മാരെ മോചിപ്പിക്കുന്നതിന് മഹാരാജാവിനെക്കൊണ്ട് കല്‍പ്പന ഇറക്കിക്കുകയും ചെയ്തു അവര്‍. ഈ വാര്‍ത്ത അറിഞ്ഞപ്പോഴാണ് ഗാന്ധിജി അക്കാമ്മയെ തിരുവിതാംകൂറിന്റെ ഝാന്‍സിറാണി എന്നു വിശേഷിപ്പിച്ചത്.

1938ല്‍ അക്കാമ്മ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്രധാനാധ്യാപികയായിരുന്ന കാലത്താണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെടുന്നതും ഉത്തരവാദിത്ത ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതും. കാഞ്ഞിരപ്പിള്ളിയിലെ കോണ്‍ഗ്രസ്സ് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് യുവതികള്‍ രംഗത്തിറങ്ങിയപ്പോള്‍ അതിന്റെ നേതൃത്വം അക്കാമ്മക്കായിരുന്നു. എന്നാല്‍ അക്കാമ്മയുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനായിരുന്നു അന്നത്തെ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ശ്രമിച്ചത്.

സമരതന്ത്രത്തിന്റെ ഭാഗമെന്ന നിലയില്‍, സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനരീതി മാറ്റി. പ്രവര്‍ത്തകസമിതി പിരിച്ചുവിട്ട്, പ്രസിഡന്റിന് സര്‍വ്വാധികാരവും നല്‍കി നിയമലംഘനസമരം തുടങ്ങാന്‍ അവര്‍ തീരുമാനിച്ചു. 1938 ഓഗസ്റ്റ് 26ന് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ പ്രത്യക്ഷസമരം ആരംഭിച്ചു. അതേതുടര്‍ന്ന്, പട്ടം താണുപിള്ള അറസ്റ്റ് ചെയ്യപ്പെട്ടു. സര്‍ സി പി, സ്റ്റേറ്റ് കോണ്‍ഗ്രസ്സിനേയും യുവജന സംഘടനയായ യൂത്ത് ലീഗിനേയും നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു. തുടര്‍ന്നു വന്ന സര്‍വ്വാധികാരികളായ 10 പ്രസിഡന്റുമാരും ഓരോരുത്തരായി അറസ്റ്റ് ചെയ്യപ്പെട്ടു. നൂറുകണക്കിനു പ്രവര്‍ത്തകര്‍ നിയമലംഘനത്തിന് അറസ്റ്റിലായി. പലയിടത്തും ലാത്തിച്ചാര്‍ജ്ജും വെടിവെയ്പും അരങ്ങേറി.

ഈ അവസരത്തില്‍, അക്കാമ്മയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പിള്ളിയിലെ കോണ്‍ഗ്രസ്സ് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് യുവതികള്‍ രംഗത്തറങ്ങി. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ആട്ടപ്പിറന്നാള്‍ ദിനം എന്തൊക്കെ തടസ്സമുണ്ടായാലും രാജസദസ്സിലേക്ക് ജാഥ നയിക്കാനും മഹാരാജാവിന് നിവേദനം സമര്‍പ്പിക്കാനും അവര്‍ തീരുമാനിച്ചു. ജാഥ സമാധാനപരമായിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ ജാഥ റെയില്‍വേ സ്റ്റേഷന്‍ മൈതാനത്തെത്തി യോഗംചേര്‍ന്നു, മഹാരാജാവിന് നിവേദനം സമര്‍പ്പിച്ചു.

അക്കാമ്മയ്ക്ക് ഗാന്ധിജി നല്‍കിയ പ്രശംസ അവരുടെ പോരാട്ടവീര്യത്തെ പതിന്മടങ്ങുയര്‍ത്തിയിരുന്നു. രാജകൊട്ടാരത്തിനു മുന്നിലെ സമരരംഗത്ത് അവരെ തടയാന്‍ സര്‍ക്കാര്‍ കുതിരപ്പട്ടാളത്തെ വരെ ഇറക്കിയിട്ടും അക്കാമ്മ അസാധാരണ ധൈര്യത്തോടെയാണ് സമരത്തെ നയിച്ചത്. തുറന്ന ജീപ്പില്‍ ഖാദി വസ്ത്രങ്ങള്‍ ധരിച്ച് ഗാന്ധിത്തൊപ്പിയും വെച്ച്, ജനങ്ങളെ ആവേശഭരിതരാക്കി രാജകൊട്ടാരത്തിലേക്കു നീങ്ങിയ ജാഥയെ അന്നത്തെ പോലീസ് ചീഫ് കേണല്‍ വാട്കിസ് തടയുകയും വെടിവെയ്ക്കുമെന്ന് പറയുകയും ചെയ്തു. അപ്പോഴാണ് ജനങ്ങള്‍ അണിയിച്ച പുഷ്പഹാരം വലിച്ച് മാറ്റിയശേഷം നെഞ്ചു കാണിച്ചുകൊണ്ട് അക്കാമ്മ ജീപ്പില്‍ എഴുന്നേറ്റുനിന്ന് കേണല്‍ വാട്കിസിനോട് ഗര്‍ജ്ജിച്ചത്, ‘വെടി വയ്ക്കാനാണ് ഭാവമെങ്കില്‍ ആദ്യം എന്റെ നെഞ്ചില്‍ത്തന്നെ നിറയൊഴിക്കുക’ എന്ന്. സമരത്തിന്റെ ഗൗരവം മനസ്സിലാക്കി നേതാക്കളെ ജയില്‍മോചിതരാക്കാന്‍ മഹാരാജാവ് കല്‍പ്പിച്ചു. ആ സമരത്തോടെ അക്കാമ്മ ചെറിയാന്‍ തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രത്തിലെ ഇതിഹാസകഥാപാത്രമായി മാറി. പിന്നീടും ഒട്ടേറെ തവണ അക്കാമ്മ ചെറിയാന്‍ സര്‍ക്കാരുമായി ഏറ്റുമുട്ടുകയും നിരവധി തവണ ജയിലിലടക്കപ്പെടുകയും ചെയ്തു. അതൊന്നും അവരെ ഒട്ടും തന്നെ ഭയപ്പെടുത്തിയില്ല.

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിത്വഭരണ പ്രക്ഷോഭ ത്തില്‍ അക്കാമ്മ ചെറിയാനും ആനി മസ്‌ക്രീനും തോളോടു തോള്‍ ചേര്‍ന്നാണ് പെരുതിയത്. സമരരംഗത്ത് അക്കാമ്മയ്‌ക്കൊപ്പം ശക്തയായി നിലയുറപ്പിച്ച സഹോദരി റോസമ്മ പുന്നൂസ്, പിന്നീട് ആദ്യ കേരള നിയമസഭയിലെ അംഗമായി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1947ല്‍ തിരുവിതാംകൂര്‍ അസംബ്ലിയിലേക്കും അക്കാമ്മ തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് ഭാരതം എത്തിയതിനു ശേഷമാണ് കുടുംബജീവിതം പോലും അവര്‍ സ്വീകരിച്ചത്. 1952 ലായിരുന്നു സ്വതന്ത്ര്യസമരനേതാവും എം.എല്‍.എ.യുമായിരുന്ന വി.വി. വര്‍ക്കിയെ അക്കാമ്മ വിവാഹം ചെയ്തത്.

1982 മെയ് അഞ്ചിന് ആ ധീരവനിത ഇഹലോകവാസം വെടിഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷണമായ സമരജ്വാലകളെ ഓര്‍മ്മിപ്പിച്ച്, പ്രചോദനത്തിന്റെ പ്രതീകമായി, അക്കാമ്മ ചെറിയാന്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ നിസ്വാര്‍ത്ഥമായ, ത്യാഗനിര്‍ഭരമായ, അഴിമതിക്കറ പുരളാത്ത ജീവിതത്തിന്റെ പ്രതീകമാണ് അവര്‍.