Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഐ.എസ്.ഐ.എസ് ചാവേര്‍ മലയാളി: വെളിപ്പെടുത്തി വോയ‍്സ് ഓഫ് ഖുറാസ.

ന്യൂഡൽഹി . ഐ.എസ്.ഐ.എസിന് വേണ്ടി ലിബിയയില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചാവേറായി മാറിയത് മലയാളിയെന്ന് ഐ.എസ് തീവ്രവാദികളുടെ മാസികയായ ‘വോയിസ് ഓഫ് ഖുറാസ’.

തങ്ങളുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഐ.എസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരന്‍ ഒരു മലയാളിയാണെന്ന വെളിപ്പെടുത്തലുള്ളത്. കേരളത്തില്‍ നിന്നുളള ക്രിസ്ത്യന്‍ യുവാവായിരുന്നു ഇയാളെന്ന് ചരമക്കുറിപ്പില്‍ പറയുന്നു. ഇതോടെ, അതാരാണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍.

കേരളത്തില്‍ ജനിച്ച്‌ വളര്‍ന്ന ക്രിസ്ത്യന്‍ യുവാവ് ഗള്‍ഫില്‍ ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടര്‍ന്ന് ഐ.എസില്‍ ചേര്‍ന്ന് ചാവേറാവുകയുമായിരുന്നു. പക്ഷെ, ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ വോയ്സ് ഓഫ് ഖുറാസ തയ്യാറായിട്ടില്ല. അബൂബക്കര്‍ അല്‍ ഹിന്ദി എന്ന പേരില്‍ വിശേഷിപ്പിക്കുന്ന ഇയാള്‍, കുടുംബത്തിലെ ഏക മകനാണെന്നും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. ‘മെമ്മറീസ് ഓഫ് ഷുഹാദ: അബൂബക്കര്‍ അല്‍ ഹിന്ദി’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുറത്ത് അന്വേഷണം ആരംഭിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഏജന്‍സികള്‍.

കേരളത്തില്‍ നിന്ന് നിരവധി പേര്‍ ഐ.എസില്‍ ചേര്‍ന്നതായാണ് ഇന്ത്യന്‍ ഏജന്‍സികളുടെ കണക്കുകള്‍. സിര്‍ത്തില്‍ നടന്ന ഏറ്റുമുട്ടില്‍ ചാവേറായി പൊട്ടിത്തെറിച്ച്‌ മലയാളി കൊല്ലപ്പെട്ടുവെന്നുവാണ് ലേഖനത്തില്‍ പറയുന്നത്. അബൂബക്കര്‍ അല്‍ ഹിന്ദി എന്ന് ഐ.എസ് വിളിക്കുന്ന യുവാവ് ബാംഗ്ലൂരില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് ജോലി തേടി ഗള്‍ഫിലേക്ക് പോയി. മാര്‍ക്കറ്റില്‍ നിന്നും കിട്ടിയ ഒരു പത്രക്കടലാസില്‍ നിന്നും ഇസ്‌ലാമിനെ കുറിച്ച്‌ ഒരു കുറിപ്പ് വായിച്ചു. അതിന് ശേഷം ഇയാള്‍ ഇസ്ലാമിനെക്കുറിച്ച്‌ കൂടുതല്‍ പഠിച്ചു. ഇന്‍റര്‍നെറ്റില്‍ നിന്നും ഇസ്ലാമിക കേന്ദ്രങ്ങളില്‍ നിന്നും മതത്തെ കുറിച്ച്‌ ആഴത്തില്‍ പഠിച്ചു.

2013-14ല്‍ ഇസ്ലാം മതം സ്വീകരിച്ചു. അതിനിടെയാണ് ജിഹാദിനെ കുറിച്ച്‌ അറിഞ്ഞത്. ജിഹാദിനെ കുറിച്ചും ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചും പഠിക്കുകയായിരുന്നു. തുടര്‍ന്ന് ഐ.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഐ.എസ് അനുകൂല പ്രവര്‍ത്തനം നടത്തുന്നവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യമനിലെ ഐ.എസില്‍ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍, അന്ന് അയാള്‍ക്ക് യമനിലേക്ക് പോകാന്‍ സാധിച്ചില്ല. ഇന്‍റര്‍നെറ്റിലൂടെയുള്ള തിരച്ചിലിലൂടെ പരിചയപ്പെട്ട ചില അറബ് സഹോദരങ്ങളാണ് ഇയാളെ യമനിലേക്ക് കൊണ്ടുപോകാമെന്നേറ്റത്. ഒടുവില്‍ അത് സാധിച്ചു. യമനിലെ ആഭ്യന്തര യുദ്ധത്തില്‍ ഇസ്ലാമിനായി പ്രവര്‍ത്തിച്ചു. യമനില്‍ സ്ഥിതിഗതികള്‍ മോശമായതോടെ ഇയാള്‍ നാട്ടിലെത്തി.

നാട്ടിലെത്തിയ അബൂബക്കറിന് വീട്ടില്‍ വിവാഹം ആലോചിച്ചതോടെ താന്‍ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഇയാള്‍ വെളിപ്പെടുത്തി. മാതാപിതാക്കളുടെ ഏകസന്താനമായിരുന്നു ഇയാള്‍. വീട്ടുകാര്‍ യുവാവിന് വിവാഹം ആലോചിച്ചു. ഒരു വധുവിനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഇയാള്‍ ജോലിയുടെ കാര്യം പറഞ്ഞു വീട്ടില്‍ നിന്ന് മുങ്ങി ലിബിയയിലേക്ക് പോവുകയായിരുന്നു. വിദേശികളായ ഇസ്ലാമിക സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു ലിബിയയിലേക്ക് മുങ്ങിയത്. ലിബിയയില്‍ വച്ച്‌ ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പരിശീലനം നേടി.

ഐ.എസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തില്‍ വച്ചാണ് ഇയാള്‍ക്ക് ആയുധ പരിശീലനം കിട്ടിയത്. സിര്‍ത്തില്‍ ഐ.എസിന് നേരെയുണ്ടായ മിലിട്ടറി ഓപ്പറേഷനെ തടയാന്‍ വേണ്ടി ചാവേര്‍ ആക്രമം ആസൂത്രണം ചെയ്യുമ്ബോള്‍ സ്വയം സന്നദ്ധനായി ഇയാള്‍ മുന്നോട്ടുവരികയായിരുന്നുവത്രേ. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ശക്തികേന്ദ്രമായിരുന്ന ലിബിയയിലെ സിര്‍ത്തെ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ ഐ.എസിന് തിരിച്ചടിയുണ്ടായതോടെയാണ് ചാവേറാകാന്‍ അബൂബക്കര്‍ അല്‍ ഹിന്ദി തയ്യാറായത്. ഇഷ്തിഹാദി ഓപ്പറേഷന്‍റെ ഭാഗമായി ഇയാള്‍ ചാവേറായി കൊല്ലപ്പെട്ടു.

അതേസമയം, എന്നാണ് ആക്രണം നടന്നതെന്നോ ഇയാള്‍ കൊല്ലപ്പെട്ടതെന്നോ ലേഖനത്തില്‍ പറയുന്നില്ല. ഇയാള്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്ബുള്ള പേരോ മറ്റ് വിവരങ്ങളോ ലേഖനത്തില്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നജീബ് അല്‍ ഹിന്ദി 2022 മാര്‍ച്ചില്‍ കൊല്ലപ്പെട്ട വാര്‍ത്ത വോയിസ് ഓഫ് ഖുറാസന്‍ പുറത്തുവിട്ടിരുന്നു. അന്ന് നജീബിന്‍റെ ചിത്രമടക്കമാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍, അബൂബക്കര്‍ അല്‍ ഹിന്ദിയുടെ വാര്‍ത്തയില്‍ കാര്യമായ വിവരങ്ങളൊന്നും തന്നെ നല്‍കിയിട്ടില്ല. കേരളത്തില്‍ നിന്ന് കാണാതായ ക്രിസ്ത്യന്‍ യുവാക്കളെ കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. എന്നാല്‍ ഈ കുറിപ്പില്‍ പറയുന്ന ലക്ഷണങ്ങളുളള വ്യക്തികളിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നാണ് സൂചന.