Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ഒളിയമ്പുമായി മനീഷ് തിവാരി ; കൂടുതൽ നേതാക്കൾ കോൺഗ്രസിനെതിരെ തിരിയുന്നു.

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും കോണ്‍ഗ്രസിനും ഇടയില്‍ ഒരു വിടവ് രൂപപ്പെട്ടതായി തോന്നുവെന്നും ആത്മപരിശോധന ആവശ്യമാണെന്നും മനീഷ് തിവാരി.കോണ്‍ഗ്രസ് പുനരുജ്ജീവനം ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച ‘ജി23’ നേതാക്കളില്‍ ഒരാളാണ് തിവാരി. ഈ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച പശ്ചാത്തലത്തിലാണ് തിവാരിയുടെ പ്രതികരണം.

‘പാര്‍ട്ടിയുടെ സ്ഥിതി ആശങ്കാനജകമാണെന്നും ഗൗരമായി കാണണമെന്നും ഞങ്ങള്‍ 23 പേര്‍ സോണിയാ ഗാന്ധിക്ക് രണ്ടു വര്‍ഷം മുമ്ബ് കത്തെഴുതിയിരുന്നു. ആ കത്ത് നല്‍കിയ ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തോറ്റു. നേരത്തെ കോണ്‍ഗ്രസും ഇന്ത്യയും ഒരുപോലെയാണ് ചിന്തിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ വ്യത്യസ്തമായിട്ടാണ് ചിന്തിക്കുന്നത് എന്ന് തോന്നുന്നു’ തിവാരി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

1885-ലുണ്ടായിരുന്ന ഇന്ത്യയും കോണ്‍ഗ്രസും തമ്മിലുള്ള ഏകോപനത്തിന് ഒരു വിള്ളല്‍ പ്രത്യക്ഷപ്പെട്ടതായി തോന്നുന്നു. ഒരു ആത്മപരിശോധന ആവശ്യമാണ്. 2020 ഡിസംബര്‍ 20ന് സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ ഉണ്ടാക്കിയ അഭിപ്രായ സമന്വയം നടപ്പാക്കാനായിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും തിവാരി പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഗുലാം നബി ആസാദ് രാജിവെച്ചത് സംബന്ധിച്ച ചോദ്യത്തോട് തിവാരി പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഒരു വാര്‍ഡ് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ശേഷിയില്ലാത്തവര്‍ പാര്‍ട്ടിയെക്കുറിച്ച്‌ അറിവ് നല്‍കുമ്ബോള്‍ ചിരിയാണ് വരുന്നതെന്നും ചില നേതാക്കളെ ലക്ഷ്യമിട്ട് തിവാരി കൂട്ടിച്ചേര്‍ത്തു.

ആസാദിന്റെ കത്തിലെ ഗുണദോഷങ്ങളിലേക്ക് കടക്കുന്നില്ല. അത് വിശദീകരിക്കാന്‍ യോഗ്യന്‍ അദ്ദേഹം തന്നെയാണ്. 42 വര്‍ഷമായി കോണ്‍ഗ്രസുകാരനായിട്ടുള്ള തനിക്ക് ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ലെന്നും തിവാരി വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 42 വര്‍ഷമായി ഞാന്‍ ഈ പാര്‍ട്ടിയില്‍ ഉണ്ട്. ഇക്കാര്യം ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഞങ്ങള്‍ ഈ പാര്‍ട്ടിയിലെ കുടിയേറ്റക്കാരല്ല. അംഗങ്ങളാണ്. ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചാല്‍, അത് മറ്റൊരു കാര്യമാണെന്നും മനീഷ് തിവാരി പറഞ്ഞു.