Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ചരിത്രവും പാരമ്പര്യവും നിറം ചാര്‍ത്തിയ ശ്രീപത്മനാഭന്റെ ഓണവില്ല്

ശ്രീപദ്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പണം അനന്തപുരിയുടെ പ്രധാനപ്പെട്ട ഓണാഘോഷ ചടങ്ങാണ്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള അപൂര്‍വ്വകലാസൃഷ്ടിയായ ഓണവില്ല് സമര്‍പ്പണമെന്ന ഈ ആചാരം തിരുവോണദിവസമാണ് നടക്കുന്നത്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്ന വേളയില്‍ ഭഗവാന്റെ വിശ്വരൂപവും ഓരോ കാലങ്ങളിലേയും അവതാരങ്ങളും കാണുന്നതിന് തനിക്കു സാധ്യമാക്കണമെന്നും മഹാബലി അപേക്ഷിച്ചു. മഹാവിഷ്ണു വിശ്വകര്‍മ്മാവിനെ പ്രത്യക്ഷപ്പെടുത്തി തന്റെ അവതാര ചിത്രങ്ങള്‍ മഹാബലിയെ വരച്ചുകാട്ടാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് മഹാബലിക്ക് ഭഗവാന്റെ അവതാര ചിത്രങ്ങള്‍ വരച്ചു കാട്ടാനാണ് പദ്മനാഭ സ്വാമി സന്നിധിയിലേക്ക് ഓണവില്ല് നല്‍കുന്നതെന്ന് വിശ്വാസം.

പഴമയും പെരുമയും പേറി ആചാരത്തിന്റെയും പൈതൃകത്തിന്റെയും ചരിതം പറയുന്ന കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട് എന്ന കുടുംബം, നൂറ്റാണ്ടുകളായി പുരാണകഥകള്‍ ആലേഖനം ചെയ്ത ഓണവില്ല് രൂപപ്പെടുത്തിവരുന്നു. ശ്രീപത്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പിക്കാനുള്ള അവകാശം വിളയില്‍വീട് കുടുംബകാര്‍ക്കാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വാസ്തുശില്പിയും ക്ഷേത്രസ്ഥപതി സ്ഥാനീയരുമാണ് ഓണവില്ല് കുടുംബക്കാര്‍. ആചാര അനുഷ്ടാനങ്ങളോടുകൂടി വ്രതം നോറ്റാണ് ഓണവില്ല് നിര്‍മ്മിക്കുന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ രാജകുടുംബമല്ലാതെ പുറത്ത് നിന്ന് ഒരു കുടുംബം നടത്തുന്ന ഒരേയൊരു ആചാരമാണ് ഓണവില്ല് സമര്‍പ്പണം. മറ്റല്ലാം ആചാരപരമായചടങ്ങുകള്‍ നടത്തുന്നത് രാജകുടുംബമാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിനും വിളയില്‍വീട് വിശ്വകര്‍മ്മ കുടുംബത്തിനുമല്ലാതെ മറ്റൊരു കുടുംബത്തിനും ആചാരപരമായ ഈ ചടങ്ങുകള്‍ക്ക് അവകാശമില്ല.

ഓണവില്ലിനായി കടമ്പുവൃക്ഷത്തിന്റെയും മഹാഗണിയുടെയും തടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മിക്കുന്നത്. ഇതിനെ വഞ്ചിനാടിന്റെ പ്രതീകമായും കാണുന്നവരുണ്ട്. ദശവതാരംവില്ല്, അനന്തശയനം വില്ല്, ശ്രീരാമപട്ടാഭിഷേകംവില്ല്, കൃഷ്ണലീലവില്ല്, ശാസ്തവില്ല്, വിനായകവില്ല് തുടങ്ങി ഓരോ ജോഡി വീതം പന്ത്രണ്ട് വില്ലുകളാണ് നിര്‍മ്മിക്കുന്നത്.

പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ഉപയോഗിക്കുന്നത്. ചിത്രം വരയ്ക്കുന്ന ഭാഗം ചുവപ്പ് നിറവും പുറകില്‍ മഞ്ഞ നിറവും പശ്ചാത്തല നിറമായി തേയ്ക്കും. തുടര്‍ന്ന് മൂലമന്ത്രം ചൊല്ലി കുഴച്ചെടുക്കുന്ന പഞ്ചവര്‍ണ്ണങ്ങളാല്‍ തയ്യാറാക്കുന്ന നിറക്കൂട്ടുകള്‍ കൊണ്ടാണ് പുരാണചിത്രങ്ങള്‍ വൃതശുദ്ധിയോടെ വില്ലില്‍വരച്ചെടുക്കുന്നത്.

ഉത്രാട ദിവസം കുടുംബ പരദേവതാസ്ഥാനത്ത് വെച്ച് പൂജിക്കുന്ന ആറ് ജോഡി വില്ലുകളെ തിരുവോണ ദിവസം പുലര്‍ച്ചെ പ്രത്യേകം അലങ്കരിച്ച് തയ്യാറാക്കിയ രഥത്തില്‍ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടും. പുലര്‍ച്ചെ അഞ്ചുമണിക്കും ആറുമണിക്കും ഇടയിലാണ് വില്ല് സമര്‍പ്പണം. കിഴക്കെക്കോട്ട നടയില്‍ കുടുംബാംഗങ്ങള്‍ എത്തുമ്പോള്‍ ആചാരമണി മുഴങ്ങും. കിഴക്കെ നടയിലൂടെ ക്ഷേത്രത്തിനകത്തു കടന്ന് ‘സ്ഥപതിശില്പ’ത്തിന്റെ മുന്നില്‍ എത്തുന്ന കുടുംബക്കാരെ പാണിവിളക്കിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയും ഭരണാധികാരികളും ചേര്‍ന്ന് സ്വീകരിച്ച് കുടുംബത്തിലെ കാരണവര്‍ക്ക് ഓണപ്പുടവും ഓണേക്കാപ്പും ദക്ഷിണയും പ്രസാദവും നല്കും. തുടര്‍ന്ന് കാരണവര്‍ ഭഗവാനെ തൊഴുത് ഓരോ വില്ലും ഭഗവാനെ ഉയര്‍ത്തി കാണിച്ച് നിലത്ത് വിരിച്ചിരിക്കുന്ന ഓണപ്പുടവയില്‍ വെയ്ക്കും. പിന്നീട് കുടുംബാംഗങ്ങള്‍ എല്ലാവരും നിലത്ത് വെച്ചിരിക്കുന്ന വില്ല് തൊട്ട് നമസ്‌കരിച്ച ശേഷം ക്ഷേത്രപൂജാരിയെ ഏല്പിക്കും. എല്ലാവരും ചേര്‍ന്ന് വില്ല് അലങ്കരിക്കും. അലങ്കരിച്ച വില്ലുകളില്‍ അനന്തശയനം വരച്ച വില്ലുകള്‍ സ്വാമിയുടെ ഉദരഭാഗത്തും, ദശവതാരം വില്ലുകള്‍ നരസിംഹമൂര്‍ത്തിയുടെ ഇരുവശത്തും, രാമവില്ല് രാമവിഗ്രഹത്തിലും, കൃഷ്ണലീല വില്ല് തിരുവമ്പാടി കണ്ണന്റെ വിഗ്രഹത്തിലും വിനായക വില്ല് അഗ്രശാല ഗണപതിവിഗ്രഹത്തിലും, ശാസ്തവില്ല് ശാസ്താവിഗ്രഹത്തിലും ചാര്‍ത്തും.

വില്ല് ചാര്‍ത്തിയ പത്മനാഭസ്വാമിയെ ആദ്യം കണ്ട് തൊഴാനുള്ള അവകാശം വില്ല് സമര്‍പ്പിച്ച വിശ്വകര്‍മ്മ കുടുംബത്തിനാണ്. അതിനു ശേഷം മാത്രമെ രാജകുടുംബം വില്ല് ചാര്‍ത്തിയ ഭഗവാനെ ദര്‍ശിക്കു. ശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി നട തുറന്ന് കൊടുക്കും. തിരുവോണം, അവിട്ടം, ചതയം മൂന്നു ദിവസങ്ങളില്‍ ഭഗവാന്‍ ഓണവില്ല് ചാര്‍ത്തിയിരിക്കും. അതു കഴിഞ്ഞ് കൊട്ടാരത്തിലെ പൂജാമുറിയില്‍ വില്ലുകള്‍ സൂക്ഷിക്കുന്നതാണ് ആചാരം.