Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

എലിസബത്ത് രാജ്ഞി അന്തരിച്ചു.

ലണ്ടന്‍: ആരോഗ്യസ്ഥിതി മോശമായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു.ആരോഗ്യ നില വഷളായതി​നെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞിയെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു ഇവര്‍. തുടര്‍ച്ചയായി 70 വര്‍ഷം ഇവര്‍ അധികാരത്തിലിരുന്നു.ലോകമഹായുദ്ധത്തിനുശേഷം ലോകത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവ്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ കഴിഞ്ഞ ദിവസം ബാല്‍മോറല്‍ കൊട്ടാരത്തിലെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജ്ഞി ഔദ്യോഗികമായി നിയമിച്ച ലിസ് ട്രസ് വരെ 15 ബ്രിട്ടിഷ് പ്രധാനമന്ത്രിമാരെ സ്ഥാനമേറ്റിയ ശേഷമാണ് രാജ്ഞിയുടെ ഭരണകാലം അവസാനിക്കുന്നത്.

സ്കോട്ട്‍ലന്‍ഡിലെ വേനല്‍ക്കാലവസതിയായ ബാല്‍മോറിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ ആനി രാജകുമാരിയും മക്കളായ ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍, ചെറുമകന്‍ വില്യം രാജകുമാരന്‍ എന്നിവരും ബാല്‍മോര്‍ കൊട്ടാരത്തിലുണ്ട്.

1952 ലായിരുന്നു എലിസബത്ത് 2 ന്റെ കിരീടധാരണം. ആധുനിക ബ്രിട്ടനിലെ സാമൂഹ്യ മാറ്റങ്ങള്‍ മുഴുവന്‍ നടന്നത് ഇവരുടെ കാലത്തായിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായതും അതില്‍ നിന്ന് പുറത്ത് പോയതും ഇവരുടെ കീഴിലാണ്.

മൂന്നാം വയസില്‍ ടൈം മാഗസിന്റെ കവര്‍ ഗേളായി. ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരി പോലുമല്ലാതിരുന്ന കാലത്ത്, ‘പിന്‍സസ് ലിലിബെറ്റ്’, 1929 ഏപ്രിലിലെ ലക്കത്തില്‍ മുഖചിത്രമായത്. ‘കാലം എന്ന ടൈം’ മുന്‍കൂട്ടികണ്ട ചരിത്രനിയോഗം. രാജകുമാരിയുടെ മൂന്നാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു ആ കവര്‍ചിത്രം. കുട്ടി എലിസബത്തിന്റെ മഞ്ഞ ഫ്രോക്കായിരുന്നു അന്നത്തെ ചര്‍ച്ചാവിഷയം. ആ സമയത്തുകൊട്ടാരത്തില്‍ ഒരിക്കല്‍ വാതിലില്‍ മുട്ട് കേട്ടപ്പോള്‍ ആരാണതെന്ന അമ്മറാണിയുടെ ചോദ്യത്തിന് ലിലിബെറ്റ് ദ് പിന്‍സെസ് എന്ന മറുപടി പറഞ്ഞതാണ് ടൈം മാഗസിന്റെ കവറില്‍ ഇടംപിടിച്ചത്. ഫാഷനിലും അവര്‍ വിപ്ലവം തീര്‍ത്തു. തൊണ്ണൂറ്റിയാറാം വയസിലും എലിസബത്ത് രാജ്ഞിയുടെ ഡ്രസ്സുകളും ഹാറ്റുകളുമൊക്കെ ഹോട്ട് സെല്ലര്‍ തന്നെ.

എലിസബത്ത് രാജ്ഞിയുടെ അസാന്നിധ്യത്തില്‍ മൂത്ത മകന്‍ ചാള്‍സ് രാജ്യത്തെ നയിക്കുമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. രാജ്ഞിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ ബക്കിങ് ഹാം കൊട്ടാരത്തിലേക്ക് ജനങ്ങള്‍ ഒഴുകുന്നുണ്ട്. രാജ്ഞിയുടെ മൃതദേഹം ഇ​പ്പോള്‍ ബാല്‍മോറിലെ കൊട്ടാരത്തിലാണുള്ളത്.