Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഊര്‍ദ്ധ്വതാണ്ഡവ നടരാജന്റെ തിരുവാലങ്ങാട്

യാത്രാവിവരണം: ധന്യ എം.ടി

ക്ഷേത്രങ്ങളുടെ നാടാണ് തമിഴ്‌നാട്. സമ്പന്നമായ പൈതൃകത്തിന്റെ ഓര്‍മ്മത്തുടിപ്പുകളായി കല്ലുകള്‍ ചരിത്രമെഴുതിയ നാട്. നിര്‍മ്മാണത്തിലും പഴക്കത്തിലും ഒന്നിനൊന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ക്ഷേത്രങ്ങള്‍ പല്ലവ-ചോള വാസ്തുശൈലിയുടെ സംഗമസ്ഥാനമാണ്.

തമിഴ്‌നാട്ടിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നാണ് കാഞ്ചീപുരം. ആയിരത്തോളം ക്ഷേത്രങ്ങളും പൗരാണിക സംസ്‌കാരത്തിന്റെ വിസ്മയിപ്പിക്കുന്ന നിര്‍മ്മിതികളുമായി അതിശയിപ്പിക്കുന്ന ഈ നഗരം ഇന്നും അതിന്റെ രാജപ്രതാപം ഒട്ടും കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നു. ക്ഷേത്രങ്ങളുടെ പെരുമയും ബാഹുല്യവും നിമിത്തം ‘ആയിരം ക്ഷേത്രങ്ങളുടെ നഗരം’ എന്നാണ് സഞ്ചാരികള്‍ക്കിടയില്‍ കാഞ്ചീപുരം അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ മികച്ച പട്ടിന്റെ ഇടം കൂടിയാണിവിടം. കാമാക്ഷിയമ്മന്‍ക്ഷേത്രം, ഏകാംബരേശ്വരക്ഷേത്രം, ദേവരാജസ്വാമിക്ഷേത്രം, കൈലാസനാഥര്‍ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുള്ള കാഞ്ചീപുരത്ത് അത്രകണ്ട് ശ്രദ്ധ നേടിയിട്ടില്ലാത്ത ഒരു ക്ഷേത്രമുണ്ട്. ശ്രീ പരമേശ്വരന്‍ ഊര്‍ദ്ധ്വതാണ്ഡവമാടിയ ശ്രീ വടാരണ്യേശ്വരര്‍ ക്ഷേത്രം. ശിവഭക്തയായ കാരയ്ക്കല്‍ അമ്മയുടെ ജീവസമാധി കുടികൊള്ളുന്ന പുണ്യഭൂമി കൂടിയാണിവിടം.

തിരുവള്ളൂര്‍ ജില്ലയില്‍ തിരുവാലങ്ങാട് എന്ന ഗ്രാമത്തിലാണ് ഈ ശിവക്ഷേത്രം. 12-ാം നൂറ്റാണ്ടില്‍ ചോള, പല്ലവ രാജവംശങ്ങളുടെ കാലത്താണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ക്ഷേത്രത്തില്‍ കാണുന്ന ചില ലിഖിതങ്ങള്‍ അഞ്ചാം നൂറ്റാണ്ടിലേതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. വടാരണ്യേശ്വരര്‍, ആലവന നാഥര്‍, ഊര്‍ദ്ധ്വതാണ്ഡവേശ്വരര്‍, ദേവര്‍സിംഗപെരുമാന്‍ എന്നീ പേരുകളിലും ശിവന്‍ അറിയപ്പെടുന്നു.

ക്ഷേത്ര ചരിത്രവും ഐതിഹ്യവും

ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം പുരാതനകാലത്ത് ആല്‍മരങ്ങള്‍ നിറഞ്ഞ വനമായിരുന്നുവെന്നും വനത്തിലെ ഒരു ആല്‍മരച്ചുവട്ടില്‍ സ്വയംഭൂലിംഗം കണ്ടെത്തിയെന്നുമാണ് പറയപ്പെടുന്നത്. സ്വയംഭൂലിംഗം കണ്ടെത്തിയ സ്ഥലത്ത് പിന്നീട് ആളുകള്‍ ക്ഷേത്രം നിര്‍മ്മിച്ചു. ആല്‍മരങ്ങള്‍ നിറഞ്ഞ വനത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ട ശിവന്, വട ആരണ്യ ഈശ്വരര്‍ എന്ന് പേര്. വടം എന്നാല്‍ ആല്‍മരം, ആരണ്യം എന്നാല്‍ വനം, ഈശ്വരന്‍ എന്നത് തമിഴില്‍ ശിവന്‍ എന്നര്‍ത്ഥം.

നടരാജന്‍ തന്റെ പ്രാപഞ്ചിക നൃത്തമായ ഊര്‍ദ്ധ്വതാണ്ഡവം അവതരിപ്പിച്ച പഞ്ചമഹാസഭകളില്‍ ഒന്നായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു. ഈ സഭ ‘രത്‌നസഭ’ എന്നറിയപ്പെടുന്നു. അതുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെയാണ്. അസുരന്‍മാരായ സുംഭനും നിസുംഭനും ശിവനെ തപസ്സുചെയ്തു. അവരുടെ കഠിന തപസ്സില്‍ സംപ്രീതനായ ഭഗവാന്‍ അവരുടെ ഓരോ തുള്ളി രക്തത്തില്‍ നിന്നും അസുരന്മാരുണ്ടാവട്ടെയെന്ന് വരം നല്‍കി. വരസിദ്ധി ലഭിച്ച അവര്‍ ദേവന്മാരെ ഭയപ്പെടുത്താന്‍ തുടങ്ങി. ദേവന്മാരാകട്ടെ രക്ഷയ്ക്കായി ശിവനെ സമീപിച്ചു. അസുരന്മാരെ പരാജയപ്പെടുത്താന്‍ ഭദ്രകാളിയായി പ്രത്യക്ഷപ്പെടാന്‍ ശിവന്‍ കാളിയോട് ആവശ്യപ്പെട്ടു. ദേവി അസുരന്മാരെ പരാജയപ്പെടുത്തി അവരുടെ രക്തം നിലത്തുവീഴാന്‍ അനുവദിക്കാതെ പാനംചെയ്തു. തല്‍ഫലമായി, സുബോധം നഷ്ടപ്പെട്ട ഭദ്രകാളി ദേവന്മാരെ ഭയപ്പെടുത്താന്‍ തുടങ്ങി. ദേവന്മാര്‍ സഹായത്തിനായി വീണ്ടും ശിവസന്നിധിയിലെത്തി. ദേവന്മാരുടെ അഭ്യര്‍ത്ഥനയനുസരിച്ച് അവിടെയെത്തിയ ശിവനുമായി സുബോധം നഷ്ടപ്പെട്ട ഭദ്രകാളി വഴക്കിടുകയും തന്നോടൊപ്പം നൃത്തം ചെയ്യാന്‍ വെല്ലുവിളിക്കുകയും ചെയ്തു. ശിവന്‍ 17 തരത്തില്‍ നൃത്തമാടി. ഭദ്രകാളി അനുകരിച്ചു. ഒടുവില്‍, ശിവന്‍ ‘ഊര്‍ദ്ധ്വതാണ്ഡവം’ ആടി. ദ്രുതചലനങ്ങളോടു കൂടിയ ഈ നൃത്തത്തിനിടയില്‍ ശിവന്‍ തന്റെ വലത് കുണ്ഡലം തട്ടിയെറിഞ്ഞു. എന്നിട്ട് വലതുകാലില്‍ നിന്ന്, ഇടതു കാല്‍വിരല്‍ കൊണ്ട് കുണ്ഡലം എടുത്ത് ധരിച്ചു. ഭദ്രകാളി ഇത് അനുകരിക്കാനാവാതെ തോല്‍വി സമ്മതിച്ചു. തുടര്‍ന്ന്, തനിക്ക് തുല്യയാണ് ഭദ്രകാളിദേവിയെന്ന് പറഞ്ഞ ഭഗവാന്‍, തന്റെ സമീപത്ത് മറ്റൊരു ക്ഷേത്രത്തില്‍ ദേവിയെ കുടിയിരുത്തി. തന്നെ കാണാനെത്തുന്നവര്‍ക്ക്, ആരാധനയുടെ പൂര്‍ണ്ണഫലം ലഭിക്കണമെങ്കില്‍ ആദ്യം ഭദ്രകാളിയെ വന്ദിക്കണമെന്ന് അരുളിച്ചെയ്തു. ശിവന്‍ തന്റെ ഊദ്ധ്വതാണ്ഡവം അവതരിപ്പിച്ച ഇവിടെ, നൃത്തകലയില്‍ പ്രാവീണ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നൃത്തം അവതരിപ്പിക്കാറുമുണ്ട്.

മാന്ദിദോഷ പരിഹാരം പ്രത്യേക പൂജ

മോക്ഷപ്രാപ്തിക്കുള്ള സ്ഥലമായാണ് വടാരണ്യേശ്വരര്‍ ക്ഷേത്രത്തെ കണക്കാക്കുന്നത്. ശാപഗ്രസ്തനായ മാന്ദിക്ക് (ഗുളികന്‍) ശിവഭജനത്തിലൂടെ ശാപമോക്ഷം ലഭിച്ച സ്ഥലമാണ് ഇവിടം. ശാപമോക്ഷത്തിനായി തിരുവാലങ്ങാട് പോയി ശിവനെ ഭജിക്കാന്‍ മാന്ദിയോട് പിതാവായ ശനി ഉപദേശിച്ചു. പിതാവിന്റെ ഉപദേശമനുസരിച്ച് മാന്ദി തിരുവാലങ്ങാട്ടെത്തി തപസ്സുചെയ്തു. തപസില്‍ സംപ്രീതനായ ശിവന്‍ മാന്ദിയെ ശാപമുക്തനാക്കി. ഇവിടെയെത്തി പൂജ നടത്തുന്നവര്‍ മാന്ദിദോഷത്തില്‍നിന്ന് മുക്തരാവുമെന്ന് വരവും നല്‍കി. മാന്ദിദോഷ പരിഹാരത്തിനും ശനിദോഷ പരിഹാരത്തിനും ഏറെ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം. ശനിയാഴ്ചകളിലാണ് ഇവിടെ മാന്ദീശ്വര പൂജ നടത്തുക. വിവാഹം, സന്താനഭാഗ്യം, കടാശ്വാസം എന്നിവയിലെ തടസ്സങ്ങള്‍ – അതായത്, നമ്മുടെ ജീവിതത്തിലെ വിഘ്‌നങ്ങള്‍ – നീങ്ങുന്നതിന് മാന്ദീശ്വര സന്നിധിയില്‍ പരിഹാരപൂജ നടത്തിവരുന്നു. ശനിയുടെ പുത്രനായതുകൊണ്ട് ശനിദോഷവുമായി ബന്ധപ്പെട്ട പൂജകളും ഇവിടെ നടത്താം.

മാന്ദി ശനിപുത്രനാണെന്നും അതല്ല ശിവപുത്രനാണെന്നും വ്യത്യസ്ത കഥകളുണ്ട്. ‘മന്ദ സുതോ മാന്ദി’-അതായത്, മന്ദന്‍ എന്ന് പേരുള്ള ശനിയുടെ പുത്രനായതിനാല്‍ ഗുളികന് മാന്ദിയെന്നും പേര്. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യം കല്പിക്കുന്ന മൂര്‍ത്തിയാണ് മാന്ദി. ഗ്രഹനിലയില്‍ ‘മാ’ എന്ന അക്ഷരം ഗുളികനെയും ‘മ’ ശനിയെയും അടയാളപ്പെടുത്തുന്നു.

ഗുളികോല്‍പ്പത്തി എന്ന ലഘുകാവ്യത്തില്‍ ഗുളികന്റെ ജനനം വിവരിക്കുന്നുണ്ട്. ഒരിക്കല്‍ ശനിയും വ്യാഴവും തമ്മില്‍ ഉഗ്രയുദ്ധം നടന്നു. നെറ്റിയില്‍ ശരമേറ്റ് നിലത്തുവീണ ശനിയെ ബ്രഹ്മാവ് പിടിച്ചെഴുന്നേല്‍പ്പിച്ച് ശരം വലിച്ചെടുത്തു. ആ മുറിവില്‍ നിന്ന് കടുംനീല നിറത്തിലുള്ള ഒരു തുള്ളി രക്തം താഴെവീണു. ആ രക്തത്തുള്ളിയില്‍ നിന്നും നീലനിറത്തില്‍ സര്‍പ്പാകാരത്തോടു കൂടിയ ഒരു ഭയങ്കര രൂപം ആവിര്‍ഭവിച്ചു. പേടിപ്പിക്കുന്ന നോട്ടവും ഉഗ്രവീര്യവുമാര്‍ന്ന ആ മൂര്‍ത്തിയെ ശനിപുത്രനായി ബ്രഹ്മാവ് പ്രഖ്യാപിച്ചു. ഭഗവാന്‍ വിഷ്ണു ആ മൂര്‍ത്തിക്ക് മാന്ദി എന്ന് പേര് നല്‍കി. സമസ്ത ജീവജാലങ്ങളെയും മരണത്തിലേക്ക് നയിക്കാന്‍ ജന്മനാ കഴിവുള്ള മാന്ദി മൃത്യു എന്ന പേരിലും അറിയപ്പെടുമെന്ന് കല്‍പ്പിച്ച വിഷ്ണു, ശനിയുടെ ഉപഗ്രഹമെന്ന പദവിയും നല്‍കി.

ഗുളികന്റെ ജനനവുമായി പ്രചാരത്തിലുള്ള മറ്റൊരു ഐതിഹ്യമുണ്ട്. ഭക്തനായ മാര്‍ക്കണ്ഡേയനെ രക്ഷിക്കാന്‍ മഹാദേവന്‍ മൂന്നാം തൃക്കണ്ണ് തുറന്ന് കാലനെ ഭസ്മമാക്കി. കാലനില്ലാതായതോടെ എങ്ങും മരണമില്ലാതായി. ഭാരം സഹിക്കവയ്യാതെ ഭൂമിദേവി ദേവന്മാരോടും ദേവന്മാര്‍ മഹാദേവനോടും പരാതിപറഞ്ഞു. അതുകേട്ട മഹാദേവന്‍, തന്റെ ഇടതു പെരുവിരല്‍ ഭൂമിയിലമര്‍ത്തിയപ്പോള്‍, തൃക്കാല്‍ പൊട്ടി അതില്‍ നിന്നും ഗുളികന്‍ അവതരിച്ചു. ത്രിശൂലവും കാലപാശവും നല്‍കി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാന്‍ മഹാദേവന്‍ ഭൂമിയിലേക്കയച്ചു.

മഹാഭാരതം ആദിപര്‍വത്തില്‍ കദ്രുവിന്റെ പുത്രനായി ഗുളികനെ പ്രതിപാദിക്കുന്നു. സപ്തര്‍ഷികളില്‍ ഒരാളായ കശ്യപമഹര്‍ഷി സന്താനലബ്ധിക്കായി യജ്ഞം നടത്തുകയുണ്ടായി. അതിന്റെ ഫലമായി കദ്രുവിന്റെ ആയിരം സര്‍പ്പങ്ങളില്‍ ഏഴാമനായി ഗുളികന്‍ ഭൂമിയില്‍ ജന്മംകൊണ്ടു. തമിഴ് പുരാണങ്ങളില്‍ ഗുളികനും മാന്ദിയും രണ്ടു വ്യതസ്ത മൂര്‍ത്തികളാണ്. ശനിയുടെ പുത്രന്മാരായാണ് ഗുളികനെയും മാന്ദിയെയും കണക്കാക്കുന്നത്.

അഷ്ടനാഗങ്ങളില്‍ ഒന്നായും നാഗരാജാക്കളില്‍ ഒരുവനായും ഗുളികനെ പൂജിക്കുന്നു. ഉത്തരകേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളും ഗുളികനെ ആരാധിച്ചുവരുന്നു. മലബാറിലെ കാവുകളില്‍ ഒരനുഷ്ഠാനമെന്നവണ്ണം ഗുളികന്‍ തെയ്യം കെട്ടിയാടുന്നു. സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതക്കോലത്തിലും ഗുളികന്‍ കെട്ടിയാടാറുണ്ട്.

കാരയ്ക്കല്‍ അമ്മയുടെ സമാധി

മഹാക്ഷേത്ര സന്നിധികളില്‍ ഋഷി, സന്യാസി, സിദ്ധര്‍, എന്നിങ്ങനെ ദിവ്യത്വമുള്ളവരുടെ സമാധികള്‍ കാണുന്നു. ക്ഷേത്രത്തിന്റെ ചൈതന്യത്തിനും ഊര്‍ജ്ജത്തിനും ഇത്തരം സമാധികള്‍ ഒരു കാരണമാണ്. വടാരണ്യേശ്വരര്‍ ക്ഷേത്രത്തിലും അത്തരത്തിലൊരു സമാധിയുണ്ട്. ശ്രീ പരമേശ്വരന്‍ അമ്മേ എന്ന് സംബോധന ചെയ്ത കാരയ്ക്കലമ്മയുടേതാണത്. ഭക്തികൊണ്ട് മുക്തിനേടിയ 63 നായനാര്‍മാരിലെ മൂന്ന് സ്ത്രീകളില്‍ ഒരാളും ആദ്യകാല തമിഴ്‌സാഹിത്യത്തിന് മികച്ച സംഭാവന നല്‍കിയ ആളുമാണ് കാരയ്ക്കലമ്മ. ധാരാളം ശിവസ്‌തോത്രങ്ങളും സ്തുതികളും കാരയ്ക്കലമ്മ രചിച്ചതായി പറയപ്പെടുന്നു. ഇരട്ടൈ തിരുമാലൈ, തിരുവാലങ്ങാട് മൂത്ത തിരുപ്പതികം, അര്‍പ്പുത തിരുന്താതി എന്നിവ കാരയ്ക്കലമ്മയുടെ കൃതികളാണെന്ന് കരുതുന്നു.

ചോളനാട്ടിലെ വ്യാപാര നഗരമായ കാരയ്ക്കലില്‍ ജനിച്ച അവര്‍ ഏ.ഡി അഞ്ചാം നൂറ്റാണ്ടിലായിരിക്കാം ജീവിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു. നാട്ടുകോട്ട ചെട്ടിയാര്‍ എന്നറിയപ്പെട്ടിരുന്ന വ്യാപാരി സമൂഹത്തില്‍ വ്യാപാരിയായ ധനദത്തന്റെ മകളായാണ് ജനനം. കാരയ്ക്കലമ്മയ്ക്ക് മാതാപിതാക്കള്‍ ഇട്ട പേര് പുനിതവതി. ചെറുപ്പം മുതലേ ശിവഭക്തയായിരുന്നു അവര്‍. വിവാഹപ്രായമായപ്പോള്‍ അവരെ നാഗപുരത്തുകാരനും വ്യാപാരിയുമായ പരമദത്തന് വിവാഹം കഴിച്ചുകൊടുത്തു.

ഒരിയ്ക്കല്‍ ഒരു സന്യാസി പുനിതവതിയുടെ വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. പുനിതവതി സന്യാസിക്ക് ഭക്ഷണം നല്‍കി. ഒപ്പം ഭര്‍ത്താവ് കൊണ്ടുവന്ന രണ്ട് മാമ്പഴങ്ങളിലൊന്നും നല്‍കി. ഭക്ഷണം കഴിച്ചശേഷം സന്യാസി പുനിതവതിയെ അനുഗ്രഹിച്ച് പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ ഭര്‍ത്താവും ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണത്തിനുശേഷം മാമ്പഴങ്ങളിലൊന്ന് ആവശ്യപ്പെട്ടു. അത് കഴിച്ച അദ്ദേഹം ശേഷിച്ച മാമ്പഴവും വേണമെന്നായി. പുനിതവതിയാകട്ടെ, സന്യാസിക്ക് മാമ്പഴം കൊടുത്ത കാര്യം മറച്ചുവെച്ച് പൂജാമുറിയിലെത്തി ശിവനെ ധ്യാനിക്കുകയും അവര്‍ക്ക് മാമ്പഴം ലഭിക്കുകയും ചെയ്തു. അവരത് ഭര്‍ത്താവിന് നല്‍കി. പരമദത്തന് ആ മാമ്പഴം താന്‍ ആദ്യം കഴിച്ചതില്‍ നിന്ന് വ്യത്യസ്തവും അതീവ രുചികരവുമായി തോന്നി. ഈ മാമ്പഴം ഏതാണ് എന്നന്വേഷിച്ച അദ്ദേഹത്തോട് പുനിതവതി നടന്ന കാര്യം പറഞ്ഞു. ഇതുകേട്ട് വിശ്വാസം വരാതെ പരമദത്തന്‍ ഒരു മാമ്പഴം കൂടി ശിവനോട് ചോദിക്കാന്‍ ആവശ്യപ്പെട്ടു. വിഷമിച്ചുപോയ പുനിതവതി മാമ്പഴത്തിനായി പ്രാര്‍ത്ഥിക്കുകയും അത് ലഭിക്കുകയും ചെയ്തു. മാമ്പഴം ഭര്‍ത്താവിന്റെ കൈയില്‍ കൊടുത്തതും അപ്രത്യക്ഷമായി. ഈ സംഭവത്തോടെ് തന്റെ ഭാര്യ സാധാരണ സ്ത്രീയല്ലെന്നും അവരുടെ ഭര്‍ത്താവായിരിക്കാന്‍ താന്‍ യോഗ്യനല്ലെന്നും പരമദത്തനു തോന്നി. അദ്ദേഹം പുനിതവതിയോട് യാത്രപറഞ്ഞ് വ്യാപാരം ചെയ്യുന്നതിനായി നാടുവിട്ടു. വ്യാപാരത്തിലൂടെ ധനികനായ പരമദത്തന്‍ മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു ദേശത്ത് വാസമുറപ്പിച്ചു. വ്യാപാരത്തിന് പോയ ഭര്‍ത്താവ് വളരെക്കാലമായിട്ടും തിരിച്ചു വരാത്തതിനാല്‍ പുനിതവതി അദ്ദേഹത്തെ അന്വേഷിറങ്ങി. വളരെ യാത്രചെയ്ത് ഭര്‍ത്താവിനെ കണ്ടെത്തി. എന്നാല്‍ പരമദത്തന്‍ അവളെ കണ്ടമാത്രയില്‍ സാഷ്ടാംഗം നമസ്‌ക്കരിക്കുകയാണുണ്ടായത്. ദിവ്യത്വമുള്ള അവളെ ഭാര്യയായല്ല, തന്റെ വംശത്തിന്റെ ദേവതയായാണ് കാണുന്നതെന്നും പറഞ്ഞു. ഈ സംഭവത്തോടെ പുനിതവതി ലൗകികജീവിതം ഉപേക്ഷിച്ച് പൂര്‍ണ്ണമായും ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു. തന്റെ ഉപാസനയുടെ ഫലമായി പില്‍ക്കാലത്ത് തലകീഴായി നടന്ന് കൈലാസത്തിലെത്തിയെന്നാണ് ഐതിഹ്യം.

കൈലാസത്തിയ അവര്‍ ഭഗവാന്റെ പരമാനന്ദനൃത്തം കണ്ട് നിര്‍വ്വാണമടയണമെന്ന ആഗ്രഹമറിയിച്ചു. സന്തുഷ്ടനായ ശിവന്‍ അവരോട് തിരുവാലങ്ങാട്ട് ക്ഷേത്രത്തിലെത്താന്‍ നിര്‍ദ്ദേശിച്ചു. അവിടെ താന്‍ നിത്യവും എത്തി നൃത്തം ചെയ്യുന്നതാണെന്നും അറിയിച്ചു. അതനുസരിച്ച് വടാരണ്യേശ്വരര്‍ ക്ഷേത്രത്തിലെത്തിയ പുനിതവതി കണ്ടത് കാല്‍വെയ്ക്കുന്നിടത്തെല്ലാം ശിവലിംഗമാണ്. ആ പുണ്യഭൂമിയില്‍ കാല്‍നടയായി നടക്കുന്നത് പാപമാണെന്ന് കരുതിയ അവര്‍ വീണ്ടും തലകീഴായി നടന്നു. അവിടെവച്ച് അവര്‍ക്ക് ശിവന്റെ നൃത്തം കാണാനുള്ള അപൂര്‍വ്വ ഭാഗ്യമുണ്ടായി. ഭഗവാന്റെ നൃത്തത്തിനനുസരിച്ച് ‘മൂത്ത തിരുപ്പതികം’ എന്ന കീര്‍ത്തനം ആലപിക്കുകയും ചെയ്തു. പരമാനന്ദാവസ്ഥയിലെത്തിയ അമ്മ ക്ഷേത്രത്തില്‍ വച്ചുതന്നെ മോക്ഷം (ജീവസമാധിയെന്നും പറയുന്നു) നേടി. (തിരുവാലങ്കാടെത്തിയ കാരയ്ക്കലമ്മ ശിഷ്ടകാലം ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടിയെന്നും പിന്നീട് അവിടെവെച്ച് ദേഹംവെടിഞ്ഞുവെന്നും പറയപ്പെടുന്നുണ്ട്.) കാരയ്ക്കലമ്മ മോക്ഷം നേടിയ സ്ഥലത്താണ് ഊര്‍ദ്ധ്വതാണ്ഡവ ശിവപ്രതിഷ്ഠ. അതിന് വലതുവശത്തായി കാരയ്ക്കല്‍ അമ്മയുടെ പ്രതിഷ്ഠയുമുണ്ട്. ശ്രീ പരമേശ്വരന്‍ കാരയ്ക്കല്‍ അമ്മയെ ‘അമ്മേ’ എന്ന് സംബോധന ചെയ്തത് ഈ ക്ഷേത്രത്തില്‍ വെച്ചാണെന്നും, പരമശിവന്‍ അമ്മ എന്ന് വിളിച്ചതിനാലാണ് കാരക്കലമ്മ എന്ന പേര്‍ വന്നതെന്നുമാണ് കഥ.

അറുപത്തിമൂന്ന് നായനാര്‍മാരില്‍ ഒരാളായ ഈ കാരയ്ക്കലമ്മയും പറയിപെറ്റ പന്തിരുകുലത്തിലെ കാരയ്ക്കലമ്മയും ഒന്നാണെന്ന അഭിപ്രായങ്ങളുമുണ്ട്. ഐതിഹ്യമാലയില്‍ പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ പറയുന്നുണ്ട്. പന്തിരുകുലത്തിലെ ഏക സ്ത്രീയാണ് കാരയ്ക്കലമ്മ എന്നല്ലാതെ മറ്റൊന്നും കാണാനില്ല. ഒരുപക്ഷേ, തമിഴകത്തെ പ്രശസ്ത നായനാര്‍ പരമ്പരയിലെ കണ്ണിയെ കേരളത്തിലെ ഐതിഹ്യകഥയില്‍ ഉള്‍ച്ചേര്‍ത്തതായിരിക്കാം. അക്കാലത്ത് ഇന്നത്തെ കേരളല്ല, ചേര-ചോള-പാണ്ഡ്യ സാമ്രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. തുടര്‍ച്ചയായി സഞ്ചരിച്ചുകൊണ്ടിരുന്ന വരരുചിയും ഭാര്യയും, കുട്ടികളെ, പ്രസവിക്കുന്ന സ്ഥലത്തു തന്നെ ഉപേക്ഷിച്ചു പോവുകയായിരുന്നു പതിവ്. അതുകൊണ്ടുതന്നെ കുട്ടിയെ എവിടെ ഉപേക്ഷിച്ചെന്ന് കൃത്യമായി പറയാനാവില്ല. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ പലരും എടുത്തു വളര്‍ത്തി. പെണ്‍കുട്ടിയെ ഉപേക്ഷിച്ചത് ഒരുപക്ഷേ, കാരയ്ക്കല്‍ ആയിരിക്കാം. എന്നാല്‍, കവളപ്പാറ സ്വരൂപത്തിലാണ് കാരയ്ക്കലമ്മ ജീവിച്ചിരുന്നതെന്നാണ് പരക്കെ അംഗീകരിച്ചിട്ടുള്ളത്. കാരയ്ക്കല്‍ അമ്മ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ടുപേരും ഒന്നാണെന്ന് തെളിയിക്കുന്ന ഐതിഹ്യമൊന്നും ലഭ്യമല്ല.

ക്ഷേത്രത്തിന്റെ വാസ്തുവിദ്യ

വാസ്തുശില്പകലാ പ്രൗഢി വിളിച്ചറിയിക്കുന്നതും പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ചതുമാണ് ഈ മഹാക്ഷേത്രം. ഉയര്‍ന്ന കരിങ്കല്‍ ഭിത്തിയോട് കൂടിയ ചുറ്റുമതിലിനുള്ളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിലകളില്‍ കൊത്തിയെടുത്ത രൂപങ്ങളും ക്ഷേത്രത്തിന് ചാരുത പകരുന്നു.

വിസ്മയിപ്പിക്കുന്ന രാജഗോപുരങ്ങള്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. പല്ലവന്‍മാരുടെ കാലംമുതലാണ് ഇത്തരം ഗോപുരം പണിത് തുടങ്ങിയതെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാക്കന്‍മാരുടെ ഭരണകാലത്തോടെ ക്ഷേത്രഗോപുരങ്ങള്‍ക്ക് വന്‍ പ്രാധാന്യം വന്നു. ഇന്ന് കാണുന്ന വിസ്മയ ഗോപുരങ്ങളില്‍ പലതും ഇക്കാലത്ത് നിര്‍മ്മിച്ചതാണ്. ഗോപുരങ്ങളും ക്ഷേത്രമുറ്റത്തിന് ചുറ്റുമുള്ള മതിലുകളും 12, 13 നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു.

അഞ്ചുനിലകളോടു കൂടിയതാണ് രാജഗോപുരം. ക്ഷേത്രത്തിനു മുന്നില്‍ 16 തൂണുകളുള്ള മണ്ഡപമാണ് ആദ്യം കാണുന്നത്. ക്ഷേത്രത്തിന് മൂന്ന് പ്രാകാരങ്ങളുണ്ട്. ആദ്യ പ്രാകാരത്തിന്റെ പ്രവേശന കവാടത്തില്‍ വിനായകന്‍, വള്ളി-ദേവസേന-മുരുകന്‍ എന്നിവരുടെ ക്ഷേത്രങ്ങളും 100 തൂണുകളുള്ള മണ്ഡപവും കാണാം. ഈ മണ്ഡപം ഇന്ന് വേണ്ടത്ര സംരക്ഷണമില്ലാതെ കിടക്കുന്ന അവസ്ഥയിലാണ്.

രണ്ടാം പ്രാകാരത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ ഇടതുവശത്ത് കാരയ്ക്കല്‍ അമ്മ, വലതുവശത്ത് മീനാക്ഷി കല്യാണം. വണ്ടാര്‍ കുഴലി അമ്മന്‍, അംബാള്‍, ആലവന നായകി, തുടങ്ങിയവരാണ് പ്രധാന ഉപദേവതകള്‍. അമ്മന്‍ സന്നിധിക്ക് സമീപം ഒരു യാഗശാലയുമുണ്ട്. രണ്ടാം പ്രാകാരം കഴിഞ്ഞാല്‍ പ്രധാന പ്രാകാരത്തിലേക്കുള്ള പ്രവേശന കവാടം. അവിടെയാണ് ശ്രീകോവില്‍. ശ്രീകോവിലിന്റെ പ്രവേശന കവാടത്തില്‍ ഗണപതിയുടെ ആകാരസാദൃശ്യമുള്ള ദ്വാരപാലകര്‍.

സ്വയംഭൂമൂര്‍ത്തിയായ വടാരണ്യേശ്വരര്‍ കിഴക്കോട്ട് ദര്‍ശനമായാണ് ഇരുന്നരുളുന്നത്. നടരാജന്റെ ശ്രീകോവിലില്‍ രണ്ട് ശിവലിംഗങ്ങളുണ്ട് – സ്ഫടികവും മരതകവും. പ്രധാന ഉപദേവതകള്‍ കൂടാതെ ഭാര്യാസമേതനായ വിജയരാഘവ പെരുമാള്‍, അഘോര വീരഭദ്രം, പഞ്ചഭൂതലിംഗങ്ങള്‍, സഹസ്രലിംഗം, കാശിവിശ്വനാഥന്‍, അയ്യപ്പന്‍, ദക്ഷിണാമൂര്‍ത്തി, ദുര്‍ഗ്ഗാദേവി, മുഞ്ജികേശര്‍, കാര്‍ക്കോടകര്‍, സൂര്യന്‍, ചന്ദ്രന്‍, ഭദ്രകാളി, സപ്ത കന്നിമാര്‍, ഭൈരവര്‍ തുടങ്ങി അറുപതോളം വിഗ്രഹങ്ങളുണ്ട് ക്ഷേത്രത്തില്‍. ഒപ്പം മന്ദീശ്വരരുടെ വിഗ്രഹവും അദ്ദേഹം പ്രതിഷ്ഠിച്ച് പൂജിച്ച ശിവലിംഗവും കാണാം.

ക്ഷേത്രത്തിനു പുറത്തായി പുറകുവശത്ത് ഭദ്രകാളി ക്ഷേത്രവും അതോടു ചേര്‍ന്ന് ഏകദേശം 10 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ക്ഷേത്രക്കുളവുമുണ്ട്.

ക്ഷേത്രത്തില്‍ എങ്ങനെ എത്തിച്ചേരാം

കാഞ്ചീപുരത്തു നിന്ന് 41 കിലോമീറ്ററാണ് ദൂരം. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചെന്നൈയില്‍ നിന്ന് 72 കിലോമീറ്റര്‍ ദൂരം.

റെയില്‍ വഴി: തിരുവലങ്ങാട് റെയില്‍വേ സ്റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ്. ക്ഷേത്രത്തിലെത്താന്‍ ഇവിടെ നിന്ന് ടാക്‌സികളും ഓട്ടോകളും ലഭ്യമാണ്.

റോഡ് വഴി: ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് തിരുവലങ്ങാട് ബസ് സ്റ്റോപ്പ്.

ക്ഷേത്ര സമയക്രമം
രാവിലെ: 6:00 മണി മുതല്‍ ഉച്ച 12:00 വരെ
വൈകുന്നേരം: 4:00 മണി മുതല്‍ രാത്രി 8:00 മണി വരെ