Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.

ചെന്നൈ: മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ (70) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം.അര്‍ബുധ ബാധിതനായിരുന്നു. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി കഴിഞ്ഞ മാസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം അദ്ദേഹം ഒഴിഞ്ഞത്. തുടര്‍ന്ന് എം വി ഗോവിന്ദന്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. സിപിഎമ്മിനെ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലേക്ക് നയിക്കുന്നതില്‍ സംഘടനാപരമായി നിര്‍ണായക റോള്‍ കോടിയേരിക്ക് ഉണ്ടായിരുന്നു. മൂന്ന് തവണ അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നാമത്തെ തവണ പദവി പൂര്‍ത്തിയാക്കും മുമ്ബാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചിരിക്കുന്നത്.1953-ല്‍ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും ഇളയ മകനായിട്ടാണ് കോടിയേരിയുടെ ജനനം. ആറാം വയസ്സില്‍ അച്ഛന്റെ മരണം. അമ്മയുടെ തണലില്‍ നാലു സഹോദരിമാര്‍ക്കൊപ്പം ജീവിതം. സമീപത്തെ കോടിയേരി ഓണിയന്‍ സ്‌കൂളില്‍ അന്നത്തെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ നേതാവ്. പിന്നീട് മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ പ്രഥമ യൂണിയന്‍ ചെയര്‍മാന്‍. ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായി മാറിയിരുന്നു അപ്പോഴേക്കും.

പതിനാറാംവയസ്സില്‍ പാര്‍ട്ടി അംഗത്വം, പതിനെട്ടാം വയസ്സില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്.എഫ്.ഐ.യുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരന്‍. ജയിലില്‍ പിണറായി വിജയനും എംപി. വീരേന്ദ്രകുമാറും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍. പൊലീസ് മര്‍ദനത്തില്‍ അവശനായ പിണറായിയെ സഹായിക്കാന്‍ നിയുക്തനായത് കൂട്ടത്തില്‍ ഇളയവനായ ബാലകൃഷ്ണനായിരുന്നു.

1982, 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളില്‍ തലശ്ശേരിയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായി. 2006-ല്‍ വി എസ്. മന്ത്രിസഭയില്‍ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രി. 2008-ല്‍ 54-ാം വയസ്സില്‍ പൊളിറ്റ് ബ്യൂറോയിലേക്കും 2015-ല്‍ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വിഭാഗീയതയുടെ കനലുകള്‍ അപ്പോഴേക്കും അണഞ്ഞുതുടങ്ങിയിരുന്നു. പിണറായി പ്രവര്‍ത്തനം പാര്‍ലമെന്ററി രംഗത്തേക്കു മാറ്റിയപ്പോള്‍ പാര്‍ട്ടിയെ കോടിയേരി നയിച്ചു. 2018-ല്‍ വീണ്ടും സെക്രട്ടറി പദത്തില്‍.ചികിത്സയ്ക്ക് ശേഷം വീണ്ടും സജീവമായ കോടിയേരി സെക്രട്ടറി പദത്തിലേക്ക് തന്നെ തിരിച്ചെത്തി. എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി അനുവദിക്കാതെ വന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാര്‍ട്ടിയെ അറിയിച്ചു. പകരക്കാരനായി ഗോവിന്ദന്‍ മാഷ് എന്ന് കണ്ണൂര്‍ക്കാരനെ തന്നെ കണ്ടെത്തി. അടിമുടി പാര്‍ട്ടിയെ സ്നേഹിച്ച സൗമ്യനായ നേതാവാണ് ഒടുവില്‍ വിട പറയുന്നത്.

സിപിഎം നേതാവും തലശ്ശേരി മുന്‍ എംഎ‍ല്‍എയുമായ എം വി രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റര്‍ ജീവനക്കാരിയുമായ എസ്.ആര്‍. വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനീറ്റ.