Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

പ്രഫ. ജി.എന്‍.സായിബാബയെ കുറ്റവിമുക്‌തനാക്കി.

മുംബൈ: മാവോയിസ്‌റ്റ്‌ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രഫ. ജി.എന്‍.സായിബാബയെ കുറ്റവിമുക്‌തനാക്കി. ബോബെ ഹൈക്കോടതിയുടെ നാഗ്‌പുര്‍ ബെഞ്ചാണ്‌ സായിബാബയെയും കേസില്‍ ശിക്ഷക്കപ്പെട്ട മറ്റ്‌ അഞ്ചു പേരെയും കുറ്റവിമുക്‌തരാക്കിയത്‌. എല്ലാവരെയും ഉടന്‍ ജയില്‍ മോചിതരാക്കണമെന്നും ജസ്‌റ്റിസ്‌ രോഹിത്‌ ഡിയോ, ജസ്‌റ്റിസ്‌ അനില്‍ പന്‍സാരെ എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടു.
മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ 2014 ലാണ്‌ പ്രഫ. സായിബാബയെ അറസ്‌റ്റ്‌ ചെയ്‌തത്‌. 2012 ല്‍ മാവോയിസ്‌റ്റ്‌ അനുകൂല സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുത്തെന്നും മാവോയിസ്‌റ്റ്‌ അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു കേസ്‌. 2017 ല്‍ ഗഡ്‌ചിറോളിയിലെ പ്രത്യേക കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. ഡല്‍ഹി സര്‍വകലാശാലയ്‌ക്ക്‌ കീഴിലെ രാം ലാല്‍ ആനന്ദ്‌ കോളജിലെ ഇംഗ്ലീഷ്‌ അധ്യാപകനായിരുന്നു സായിബാബ. പോളിയോ ബാധിതനായി ഇരുകാലുകളും തളര്‍ന്ന സായിബാബയെ വിട്ടയക്കണമെന്ന്‌ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.സായിബാബയ്‌ക്കൊപ്പം ജീവപര്യന്തം തടവ്‌ ശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടവരില്‍ ഒരാളായ പാണ്ടു നരോത്തെ കഴിഞ്ഞ ഓഗസ്‌റ്റില്‍ മരിച്ചിരുന്നു. നാഗ്‌പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന നരോത്തെയ്‌ക്ക്‌ എച്ച്‌.1എന്‍1 ബാധിച്ച്‌ അതീവഗുരുതരാവസ്‌ഥയിലായിട്ടും ചികിത്സ നിഷേധിച്ചെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആരോപിച്ചിരുന്നു. അതിനിടെ, സായിബാബയെ കുറ്റവിമുക്‌തനാക്കിയ നടപടിക്കെതിരേ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അപ്പീല്‍ ഇന്ന്‌ പരിഗണിക്കും. വിധി വന്നതിന്‌ പിന്നാലെ ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്‌ഥാന സര്‍ക്കാര്‍, സുപ്രീംകോടതിയിയെ സമീപിച്ചിരുന്നു. എന്നാല്‍, ഉത്തരവ്‌ സ്‌റ്റേ ചെയ്യാനാകില്ലെന്ന്‌ നിലപാടെടുത്ത കോടതി വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.