Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

പാക്കിസ്ഥാനിൽ ചീഫ് ജസ്റ്റിസ് വെടിയേറ്റു മരിച്ചു.

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വെള്ളിയാഴ്ച പള്ളിക്ക് പുറത്ത് വെടിയേറ്റ് മരിച്ചു.ഖരന്‍ പ്രദേശത്തെ പള്ളിക്ക് പുറത്ത് മുഹമ്മദ് നൂര്‍ മെസ്കന്‍സായിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ ചീഫ് ജസ്റ്റിസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി മിര്‍ അബ്ദുള്‍ ഖുദൂസ് ബിസെഞ്ചോ അദ്ദേഹത്തിന്റെ സേവനങ്ങള്‍ അവിസ്മരണീയമായിരുന്നുവെന്ന് ഓര്‍മ്മിച്ചു.

ശത്രുക്കളുടെ ആക്രമണങ്ങള്‍ക്ക് രാജ്യത്തെ ഭയപ്പെടുത്താനാവില്ലെന്നും ബിസെന്‍ജോ കൂട്ടിച്ചേര്‍ത്തു. ശരിയത്തിനെതിരായി റിബ അടിസ്ഥാനമാക്കിയുള്ള ബാങ്കിംഗ് സംവിധാനം എന്ന സുപ്രധാന വിധി പ്രഖ്യാപിച്ചത് മെസ്കന്‍സായി ആയിരുന്നു. ക്വറ്റ ബാര്‍ അസോസിയേഷന്‍ (ക്യുബിഎ) പ്രസിഡന്റ് അജ്മല്‍ ഖാന്‍ കാക്കറും മുസ്‌കന്‍സായിയുടെ കൊലപാതകത്തെ അപലപിച്ചു. മുന്‍ ജഡ്ജിയുടെ മരണത്തില്‍ പാക്കിസ്ഥാനിലെ ഓരോ പൗരനും അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു, കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു,” അജ്മല്‍ കാക്കറിനെ ഉദ്ധരിച്ച്‌ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ സുരക്ഷാ സ്ഥിതി മോശമായ സാഹചര്യത്തിലാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ കൊലപാതകം. ഈ മാസം ആദ്യം, പാകിസ്ഥാന്‍ നിയമ സഹമന്ത്രി ഷഹാദത്ത് ഹുസൈന്‍ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുത്തനെ വര്‍ധിച്ചതായി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ രേഖപ്പെടുത്തിയത് സെപ്തംബറില്‍ ആണെന്ന് ഇസ്ലാമാബാദ് ആസ്ഥാനമായുള്ള ഒരു ഗവേഷണ സ്ഥാപനം ചൂണ്ടി കാട്ടിയിരുന്നു. നിയമവിരുദ്ധമായ തെഹ്‌രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ആക്രമണം പുനരാരംഭിച്ചതായും ഇവര്‍ അറിയിച്ചിരുന്നു.

ഈ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച്‌ സെപ്തംബറില്‍ ഭീകരാക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചതായി പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്ലിക്റ്റ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസിനെ (പിഐസിഎസ്‌എസ്) ഉദ്ധരിച്ച്‌ ഡോണ്‍ നേരത്തെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഓഗസ്റ്റിനെ അപേക്ഷിച്ച്‌ 35 ശതമാനം വര്‍ധനയോടെ 42 ഭീകരാക്രമണങ്ങള്‍ക്കാണ് രാജ്യം സെപ്തംബറില്‍ സാക്ഷ്യം വഹിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഫത്തയിലും ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും (കെപി) അക്രമങ്ങളില്‍ 106 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.